ആലപ്പുഴ> സംസ്ഥാന സർക്കാർ 1000 ദിവസങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി കേരള സ‌്റ്റേറ്റ‌് ഡ്രഗ‌്സ‌് ആൻഡ‌് ഫാർമസ്യൂട്ടിക്കൽസ‌് ലിമിറ്റഡിൽ (കെഎസ‌്ഡിപി) പൂർത്തിയാക്കിയ നോൺ ബീറ്റാലാക്ടം പ്ലാന്റ‌് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനംചെയ‌്തു. 32. 52 കോടി ചെലവിട്ടാണ‌് പ്ലാന്റ‌് യാഥാർഥ്യമാക്കിയത‌്.
2017ൽ തറക്കല്ലിടുന്ന ഘട്ടത്തിൽ പ്രതീക്ഷിച്ചതുപോലെ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന‌് മുഖ്യമന്ത്രി പറഞ്ഞു. നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. നോൺ ബീറ്റാലാക്ടം ഇൻജക‌്ഷൻ പ്ലാന്റ‌് നിർമാണോദ‌്ഘാടനം മന്ത്രി ഡോ. ടി എം തോമസ‌് ഐസക് നിർവഹിച്ചു.
ട്രാൻസ‌്പ്ലാന്റ‌് മെഡിസിൻ ലോഞ്ചിങ‌് മന്ത്രി ജി സുധാകരൻ നിർവഹിച്ചു. എച്ച‌്‌വിഎസി പ്ലാന്റിന്റെ സ്വിച്ച‌് ഓണും ബീറ്റാലാക്ടം ബ്ലിസ‌്റ്റർ ആൻഡ‌് കാർട്ടനേറ്റർ പ്ലാന്റിന്റെ ഉദ‌്ഘാടനവും ചടങ്ങിൽ നടന്നു. പാതിരപ്പള്ളിയിലെ കെഎസ‌്ഡിപി അങ്കണത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മന്ത്രി ഇ പി ജയരാജൻ അധ്യക്ഷനായി. അവയവമാറ്റം നടത്തിയ രോഗികൾക്ക‌് ആവശ്യമായ മരുന്നുകൾ കെഎസ‌്ഡിപിയിൽനിന്ന‌് കുറഞ്ഞവിലയ‌്ക്ക‌് ലഭ്യമാകുന്നതോടെ സ്വകാര്യമരുന്നുകമ്പനികളുടെ കൊള്ളയ‌്ക്ക‌് അവസാനമാകുമെന്ന‌് അദ്ദേഹം പറഞ്ഞു.
മരുന്നിന്റെ പേരിലാണ‌് സാധാരണക്കാരെ ഏറ്റവുമധികം കൊള്ളയടിക്കുന്നത‌്. കെഎസ‌്ഡിപി വികസനത്തിന്റെ പുതിയ പാതയിലേക്ക‌് കടക്കുന്നതോടെ ഈ കൊള്ളയടി അവസാനിക്കും. പുതിയ പ്ലാന്റ‌് കൂടി വരുന്നതോടെ ചുരുങ്ങിയത‌് നൂറുപേർക്കുകൂടി കെഎസ‌്ഡിപിയിൽ അധികമായി ജോലി ലഭിക്കും. സാധാരണക്കാരുടെ ക്ഷേമം ലക്ഷ്യമിട്ട‌് വിവിധ പദ്ധതികളുമായാണ‌് സർക്കാർ മുന്നോട്ടുപോകുന്നത‌്.
ആലപ്പുഴ, പാലക്കാട‌്, തൃശൂർ എന്നിവിടങ്ങളിൽ പുതിയ റൈസ‌് പാർക്കുകൾ വരുന്നതോടെ സംസ്ഥാനത്ത‌് വിളവെടുക്കുന്ന നെല്ല‌് പൂർണമായും സർക്കാർ സംഭരിക്കും. നെല്ല‌് കുത്തി അരിയാക്കി സപ്ലൈകൊ വഴി കുറഞ്ഞവിലയ‌്ക്ക‌് വിപണിയിലെത്തിക്കുന്നതിനൊപ്പം തവിടെണ്ണ ഉൾപ്പെടെയുള്ള മൂല്യവർധിത ഉൽപന്നങ്ങളും ഉൽപാദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്ലാന്റ‌് പ്രവർത്തന സജ്ജമാകുന്നതോടെ സർക്കാർ ആശുപത്രികൾക്കാവശ്യമായ 158 ഇനം മരുന്നുകൾ ഇവിടെ നിർമിക്കാനാകും. ജിഎംപി മാനദണ്ഡപ്രകാരം ഇവിടെ പ്രതിവർഷം 250 കോടി ടാബ‌്‌ലെറ്റ‌്, 5 കോടി കാപ‌്സൂൾ, ഒരു കോടി ലായനി മരുന്നുകൾ , ഒന്നരക്കോടി ഒ ആർഎസ‌് പായ‌്ക്കറ്റ‌് എന്നിവ ഉൽപ്പാദിപ്പിക്കാം.
കെഎസ‌്ഡിപിയിൽ നോൺ ബീറ്റാലാക്ടം ഇൻജക‌്ഷൻ പ്ലാന്റ‌് അടുത്തവർഷം പൂർത്തിയാകുമെന്ന‌് മന്ത്രി ഡോ. ടി എം തോമസ‌് ഐസക‌് പറഞ്ഞു. ഇതിന്റെ തുടർച്ചയായി കാൻസർ ചികിത്സയ‌്ക്കാവശ്യമായ മരുന്നുൽപാദിപ്പിക്കാനുള്ള നടപടി തുടങ്ങും. എല്ലാ മെഡിക്കൽ കോളേജുകളിലും കാൻസർ ചികിത്സാ വിഭാഗം തുടങ്ങിക്കഴിഞ്ഞു. ഇതോടൊപ്പം എറണാകുളത്ത‌് കാൻസർ ഗവേഷണ കേന്ദ്രം യാഥാർഥ്യമാകുന്നതോടെ സംസ്ഥാനത്തിന്റെ എല്ലാഭാഗത്തുമുള്ള കാൻസർ രോഗികൾക്ക‌് പൊതുജനാരോഗ്യ സ്ഥാപനങ്ങളിൽ ചികിത്സ ഉറപ്പുവരുത്താനാകും. അതിനു പക്ഷേ കുറഞ്ഞ ചെലവിൽ മരുന്നുകൾ ലഭ്യമാകണം. ഇക്കാര്യം മുന്നിൽക്കണ്ടാണ‌് കെഎസ‌്ഡിപി കാൻസർ മരുന്നു നിർമാണത്തിലേക്ക‌് കടക്കുന്നത‌്. മൂന്നുമാസത്തിനുള്ളിൽ ഇതിനാവശ്യമായ സ്ഥലം കണ്ടെത്തുമെന്നും തോമസ‌് ഐസക‌് പറഞ്ഞു
യു പ്രതിഭ എംഎൽഎ, ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് ജി വേണുഗോപാൽ, ആസൂത്രണ ബോർഡ‌് അംഗം ഡോ. ബി ഇക‌്ബാൽ, കലക്ടർ എസ‌് സുഹാസ‌്, റിയാബ‌് ചെയർമാൻ എൻ ശശിധരൻ നായർ, മെഡിക്കൽ സർവീസസ‌് കോർപറേഷൻ എംഡി എസ‌് ആർ ദിലീപ‌്കുമാർ, സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, കെഎസ‌്ഡിപി എംപ്ലോയീസ‌് യൂണിയൻ (സിഐടിയു) പ്രസിഡന്റ‌് കെ പ്രസാദ‌്, ജനറൽ സെക്രട്ടറി കെ ആർ ഭഗീരഥൻ, ജില്ലാ പഞ്ചായത്ത‌് സ‌്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻ കെ ടി മാത്യു, അംഗം ജുമൈലത്ത‌്, ആര്യാട‌് ബ്ലോക്ക‌് പഞ്ചായത്ത‌് പ്രസിഡന്റ‌് ഷീന സനൽകുമാർ, വൈസ‌് പ്രസിഡന്റ‌് എൻ പി സ‌്നേഹജൻ, മാരാരിക്കുളം തെക്ക‌് പഞ്ചായത്ത‌് പ്രസിഡന്റ‌് ഇന്ദിര തിലകൻ, മണ്ണഞ്ചേരി പഞ്ചായത്ത‌് പ്രസിഡന്റ‌് എം എസ‌് സന്തോഷ‌്, ആര്യാട‌് പഞ്ചായത്ത‌് പ്രസിഡന്റ‌് കവിത ഹരിദാസ‌് എന്നിവർ സംസാരിച്ചു. കെഎസ‌്ഡിപി ചെയർമാൻ സി ബി ചന്ദ്രബാബു സ്വാഗതവും മാനേജിങ‌് ഡയറക്ടർ എസ‌് ശ്യാമള നന്ദിയും പറഞ്ഞു. ചടങ്ങിൽ നിർമാണത്തിൽ പങ്കാളികളായ കരാറുകാർക്ക‌് ചെയർമാൻ സി ബി ചന്ദ്രബാബു ഉപഹാരങ്ങൾ നൽകി.
from Kerala || Deshabhimani Online News https://ift.tt/2U6O28K
via IFTTT
No comments:
Post a Comment