കൊച്ചി > നെഹ്‌റുവിനും ഗാന്ധിജിക്കും നൽകിയ സ്വീകരണങ്ങൾ മാത്രമാണ് കോൺഗ്രസിന്റെ കേരള ചരിത്രമെന്ന് കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റ് എം വി ഗോവിന്ദൻ. ചരിത്രരേഖകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്‌കെടിയുവിന്റെ 50–--ാം വാർഷികാഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി പള്ളുരുത്തിയിൽ സംഘടിപ്പിച്ച കർഷകത്തൊഴിലാളി ജില്ലാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലിയം സമരം, ഗുരുവായൂർ സത്യഗ്രഹം ഉൾപ്പടെയുള്ള നവോത്ഥാന മുന്നേറ്റങ്ങളിലും കരിവെള്ളൂർ, ഒഞ്ചിയം, പുന്നപ്ര തുടങ്ങിയ പോരാട്ടങ്ങളിലും ഇടതുപക്ഷത്തിന്റെ പങ്ക് വ്യക്തമായി കേരളചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
1957ൽ കുടിയൊഴിപ്പിക്കലിനെതിരെ ഓർഡിനൻസ‌് ഇറക്കിയതും 1969ൽ ജന്മിത്വം അവസാനിപ്പിക്കുന്ന കാർഷിക ഭൂപരിഷ്‌കരണ ബിൽ പാസാക്കിയതും ഇടതുപക്ഷമാണ്. കാർഷിക ഭൂപരിഷ്‌കരണ ബില്ലിലൂടെ 36 ലക്ഷം കുടുംബങ്ങൾക്ക് സ്വന്തമായി ഭൂമി നൽകാൻ ഇടതുപക്ഷത്തിനു കഴിഞ്ഞു.
ഓഖിയും നിപയും പ്രളയവും പക്വതയോടെ നേരിടാൻ പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുപക്ഷ സർക്കാരിന് കഴിഞ്ഞു. ഈ ദുരന്തങ്ങളുടെ വ്യാപ്തി കുറയ്ക്കാൻ ഇടതുപക്ഷ സർക്കാർ കാണിച്ച ഇച്ഛാശക്തി ലോകത്തിനുതന്നെ മാതൃകയാണ്. എൽഡിഎഫ‌് സർക്കാരിന്റെ മികച്ച പ്രവർത്തനങ്ങൾക്കുള്ള ജനങ്ങളുടെ അംഗീകാരമായിരുന്നു ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ വിജയം. ഈ സാഹചര്യത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പെത്തുമ്പോൾ എന്തുചെയ്യുമെന്ന പരിഭ്രാന്തിയിലായിരുന്നു കോൺഗ്രസും ബിജെപിയും ആർഎസ്എസും. അപ്പോഴാണ് ശബരിമല വിഷയം വീണുകിട്ടയത്. സുപ്രീംകോടതി വിധിയെ ചരിത്രവിധിയെന്നു പറഞ്ഞ് സ്വാഗതംചെയ്ത ഇവർ രാഷ്ട്രീയലാക്കോടെ പിന്നീടത് തള്ളിപ്പറഞ്ഞു.
വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള തർക്കമായി ശബരിമല വിധിയെ മാറ്റിയെടുക്കാനാണ് അവർ ശ്രമിച്ചത്. വിശ്വാസികളുടെ വിശ്വാസപ്രമാണം അവസാനിപ്പിക്കാൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം ശ്രമിക്കുകയാണെന്ന കള്ളപ്രചാരണവും ശക്തമാക്കി. എന്നാൽ, ജനം അതിനെയെല്ലാം തള്ളിക്കളഞ്ഞു. അതിന്റെ ഉത്തമ ഉദാഹരണമാണ് ജനുവരി ഒന്നിന് 55 ലക്ഷം സ്ത്രീകൾ അണിനിരന്ന വനിതാമതിൽ.
സംഘടതിമായി കടന്നുവന്ന ഏക നവോത്ഥാനപ്രസ്ഥാനം കർഷകത്തൊഴിലാളികളുടേതാണ്. അവർണർക്ക് വിദ്യാഭ്യാസം നൽകണമെന്നാവശ്യപ്പെട്ട് അയ്യൻകാളിയുടെ നേതൃത്വത്തിൽ കർഷകർ നടത്തിയ ആദ്യപണിമുടക്ക് നവോത്ഥാനമുന്നേറ്റമായിരുന്നു. സമരം നടത്തിയ കർഷകർ കെഎസ്‌കെടിയുവിന്റെ മുൻതലമുറക്കാരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2SaRB0A
via IFTTT
No comments:
Post a Comment