കോളേജുകളിലെ ബിരുദതലത്തിലെ സെമസ‌്റ്റർ പരീക്ഷകളിൽ പകുതി കോളേജു തലത്തിൽതന്നെ നടത്തുന്നത‌് പരിഗണയിലാണെന്ന‌് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒന്ന‌്, മൂന്ന‌്, അഞ്ച‌് സെമസ‌്റ്റർ പരീക്ഷകൾ കോളേജ‌് തലങ്ങളിലും രണ്ട‌്, നാല‌്, ആറ‌് സെമസ‌്റ്ററുകളുടെ പരീക്ഷ സർവകലാശാലാതലത്തിലും നടത്താനാകുമോയെന്ന ചർച്ചയാണ‌് ആരംഭിച്ചത‌്. വിശദ ചർച്ചയ‌്ക്ക‌് ശേഷമേ തീരുമാനമുണ്ടാകൂ.
പരീക്ഷാഭാരം മൂലം പരീക്ഷ നടത്തിപ്പുകേന്ദ്രങ്ങൾ മാത്രമായി സർവകലാശാലകൾ മാറുകയാണ‌്. വിദ്യാർഥികൾക്ക‌് ദിവസവും പരീക്ഷ എന്ന സ്ഥിതിയിലേക്ക‌് കാര്യങ്ങളെത്തി. കുട്ടികളുടെ സർഗാത്മക കഴിവുകൾക്കും അനുബന്ധ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും സമയമില്ലാതായി. പഠനമെന്നത് പരീക്ഷയ‌്ക്ക‌് വേണ്ടി മാത്രമായി. കോളേജ‌് തലങ്ങളിൽ പരീക്ഷ നടത്തിയാൽ അൺഎയ‌്ഡഡ‌് കോളേജുകൾ മുതലെടുക്കില്ലേ എന്നാണ‌് പൊതുവെ ഉയരുന്ന ആശങ്ക. ആർക്കും ഒരു കൃത്രിമങ്ങൾക്കും അവസരം നൽകാനാകാത്ത വിധം പഴുതടച്ച സംവിധാനങ്ങളോടെയാകണം സെമസ‌്റ്റർ പരീക്ഷാ നടത്തിപ്പിലെ പുനഃക്രമീകരണം. സിസിടിവി ഉൾപ്പെടെയുള്ള സംവിധാനങ്ങളുള്ള പരീക്ഷാ ഹാളിൽ സർവകലാശാല നൽകുന്ന ചോദ്യപേപ്പർ ഉപയോഗിച്ച‌് കോളേജുകൾ നടത്തുന്ന പരീക്ഷയും മൂല്യനിർണയും കുറ്റമറ്റതാണെന്ന‌് ഉറപ്പാക്കാനാകും.ഉന്നത വിദ്യാഭ്യാസ മേഖലയിലെ മുഴുവനാളുകളുമായും ചർച്ച ചെയ‌്ത‌് നിർദേശങ്ങൾ സ്വീകരിച്ച‌് വിശദ ചർച്ചയ‌്ക്ക‌് ശേഷമേ തീരുമാനം ഉണ്ടാകൂ–- മന്ത്രി പറഞ്ഞു.
എൻജി. പ്രവേശന പരീക്ഷ ഓൺലൈനാക്കും
പ്രവേശന പരീക്ഷാ കമീഷണർ നടത്തുന്ന പ്രൊഫഷണൽ എൻട്രൻസ‌് പരീക്ഷകളിൽ എൻജിനിയറിങ് പ്രവേശന പരീക്ഷ 2020 മുതൽ ഓൺലൈനിലാക്കും. ഇതിന‌് സംസ്ഥാനത്തെ ഹൈടെക‌് പൊതുവിദ്യാലയങ്ങളിലെ കംപ്യൂട്ടർ ലാബുകളുടെ സഹായംകൂടി തേടും. മറ്റു എൻട്രൻസ‌് പരീക്ഷകൾ ഈ വർഷം മുതൽ ഓൺലൈനിലാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മാറ്റുന്ന പരീക്ഷ അടുത്ത അവധി ദിനത്തിൽ
സർവകലാശാലകൾ മാറ്റിവയ‌്ക്കുന്ന പരീക്ഷകൾ തൊട്ടടുത്ത അവധി ദിനത്തിൽതന്നെ നടത്തും. ഹർത്താലും മറ്റും കാരണം മുൻ നിശ‌്ചയിച്ച തിയതിയിൽ നടത്താനാകാത്ത പരീക്ഷകൾ സൗകര്യപ്രദമായ പ്രവൃത്തിദിനം തേടി മാറ്റിവയ‌്ക്കുന്നത‌് നടത്തിപ്പിനെ ബാധിക്കുന്നതിനാലാണിത‌്.
സംസ്ഥാനത്തെ സർവകലാശാലകളുടെ പ്രവേശനം, പരീക്ഷാ കലണ്ടർ, ഫലപ്രഖ്യാപനം എന്നിവയുടെ ഏകീകരണം പുതിയ അധ്യയന വർഷം മുതൽ നടപ്പാക്കും. ബിരുദ പരീക്ഷകളുടേത‌് ഏപ്രിൽ 30നകവും ബിരുദാനന്തര ബിരുദ പരീക്ഷകളുടെ ഫലം മെയ‌് 30നും പ്രസിദ്ധീകരിക്കാനുള്ള നടപടികളാണ‌് സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2NtnE6x
via IFTTT
No comments:
Post a Comment