കൊച്ചി > ‘കൃതി’ അന്താരാഷ‌്ട്ര പുസ്തകമേളയുടെയും വിജ്ഞാനോത്സവത്തിന്റെയും ഭാഗമായി പ്രളയബാധിത വായനശാലകൾക്കുള്ള കൈത്താങ്ങ് പദ്ധതിക്ക് തുടക്കമായി. പൊതുസമൂഹത്തിൽനിന്നു സമാഹരിച്ചും കൃതിയിൽനിന്ന‌് പുസ്തകങ്ങൾ വാങ്ങുന്നതിന് കൂപ്പണുകൾ നൽകിയുമാണ‌് പദ്ധതി നടപ്പാക്കുകയെന്ന് കൃതി ജനറൽ കൺവീനർ എസ് രമേശൻ പറഞ്ഞു. 50 ലക്ഷം രൂപയുടെ പുസ്തകങ്ങളെങ്കിലും പ്രളയബാധിത വായനശാലകളിൽ എത്തിക്കും.
പ്രളയത്തിൽ പുസ്തകങ്ങൾ നഷ്ടപ്പെട്ട വായനശാലകളുടെ ലിസ്റ്റ‌് അതത് ജില്ലാ ലൈബ്രറി കൗൺസിലുകളുടെ സഹായത്തോടെ സംസ്ഥാന ലൈബ്രറി കൗൺസിൽ തയ്യാറാക്കിയിട്ടുണ്ട‌്. ഇതിന്റെ അടിസ്ഥാനത്തിൽ പുസ്തകങ്ങളുൾപ്പെട്ട മുൻഗണനാലിസ്റ്റ് പ്രസിദ്ധീകരിക്കും. ഈ പുസ്തകങ്ങൾ കൈവശമുള്ള വ്യക്തികൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും അവ സംഭാവനചെയ്യാൻ സൗകര്യമൊരുക്കും. ലിസ്റ്റിലില്ലാത്ത പുസ്തകങ്ങളും സംഭാവന ചെയ്യാം.
പുസ്തകസമാഹരണത്തിന‌് കേരളത്തിലെ 70 താലൂക്കുകളിലെ സഹകരണ സംഘങ്ങളിൽ ‘പ്രളയബാധിത വായനശാലകൾക്കൊരു കൈത്താങ്ങ് കലക്ഷൻ ബോക്‌സുകൾ' സ്ഥാപിക്കും. സംഘങ്ങളുടേയും പ്രളയബാധിത വായനശാലകളുടേയും പേരുവിവരവും പുസ്തകങ്ങളുടെ മുൻഗണനാലിസ്റ്റും www.krithibookfest.com എന്ന സൈറ്റിലും കൃതിയുടെ സോഷ്യൽ മീഡിയ പേജുകളിലും നൽകിയിട്ടുണ്ട‌്.
എട്ടുമുതൽ 17 വരെ കൃതി സന്ദർശിക്കുന്നവർക്കും ലിസ്റ്റിലെ പുസ്തകങ്ങൾ വാങ്ങി സംഭാവന നൽകാം. ഇങ്ങനെ സമാഹരിക്കുന്ന പുസ്തകങ്ങൾ കൃതിയുടെ സമാപനച്ചടങ്ങിൽ അതത് ലൈബ്രറികൾക്ക് കൈമാറും. പ്രളയബാധിത വായനശാലകൾക്ക് കൂപ്പണുകളിലൂടെ പുസ്തകങ്ങൾ നൽകാൻ വ്യക്തികൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും സൗകര്യമുണ്ട്. ഇതിനുമാത്രമായി ‘ദി സാഹിത്യ പ്രവർത്തക കോ–--ഓപ്പറേറ്റീവ് സൊസൈറ്റി'യുടെ പേരിൽ കേരളാ സ്റ്റേറ്റ് കോ–--ഓപ്പറേറ്റീവ് ബാങ്കിൽ ആരംഭിച്ച അക്കൗണ്ടിൽ പണമടയ്ക്കാം. 009120143003008 ആണ് അക്കൗണ്ട് നമ്പർ.
ഐഎഫ്എസ്‌സി കോഡ് IBKL046KS01. ഈ തുകയ‌്ക്ക് തുല്യമായ കൂപ്പണുകൾ വായനശാലകൾക്ക് അവയുടെ ഗ്രേഡിന്റെയും നാശനഷ്ടത്തിന്റെയും അടിസ്ഥാനത്തിൽ നൽകാനാണ് തീരുമാനം. ഈ കൂപ്പണുകൾ ഉപയോഗിച്ച് വായനശാലകൾക്ക് കൃതിയിൽനിന്നു പുസ്തകങ്ങൾ വാങ്ങാം. ഫോൺ: 9446715975.
from Kerala || Deshabhimani Online News http://bit.ly/2DOFNbt
via IFTTT
No comments:
Post a Comment