കൂടുതൽ സീറ്റ‌് വേണമെന്ന‌് ഘടകകക്ഷികൾ. 16 സീറ്റിൽ മത്സരിക്കുമെന്ന‌് കോൺഗ്രസും. എല്ലാവരും സ്വന്തം നിലപാടിൽ ഉറച്ചുനിന്നതോടെ ലോക‌്സഭാ തെരഞ്ഞെടുപ്പുസംബന്ധിച്ച യുഡിഎഫ‌് സീറ്റുവിഭജന ഉഭയകക്ഷിചർച്ച പരാജയപ്പെട്ടു. വികസനത്തിന്റെ ആയിരം ദിനങ്ങൾ ആഘോഷിക്കുന്ന എൽഡിഎഫിനെതിരെ തയ്യാറാക്കിയ കുറ്റപത്രത്തിന്റെ പ്രകാശനച്ചടങ്ങിൽനിന്ന‌് കെ എം മാണിയും പി ജെ ജോസഫും വിട്ടുനിന്നതും യുഡിഎഫിന‌് കനത്ത തിരിച്ചടിയായി.
കഴിഞ്ഞതവണ 15 സീറ്റിൽ മത്സരിച്ച കോൺഗ്രസ‌് ഇത്തവണ 16 സീറ്റിൽ മത്സരിക്കുമെന്ന‌് ഘടകകക്ഷികളെ അറിയിച്ചു. എന്നാൽ, മുസ്ലീംലീഗ‌് മൂന്നും കേരള കോൺഗ്രസ‌് രണ്ടും കേരള കോൺഗ്രസ് ജേക്കബ‌് ഒരു സീറ്റും ആവശ്യപ്പെട്ടതോടെ ചർച്ച അവതാളത്തിലായി. തെരഞ്ഞെടുപ്പിൽ സീറ്റ‌് ആവശ്യപ്പെടുന്നില്ലെന്നും എന്നാൽ, ഒഴിവുവരുന്ന രാജ്യസഭാസീറ്റ‌് നൽകണമെന്നും സിഎംപിയും ആവശ്യപ്പെട്ടു. കൊല്ലം സീറ്റിൽ ആർഎസ‌്പിയുമായി ധാരണയായി.
പലതവണ മാറ്റിയ ഉഭയകക്ഷി ചർച്ചയാണ‌് ചൊവ്വാഴ‌്ച കൊച്ചിയിൽ നടന്നത‌്. കോൺഗ്രസിനെ പ്രതിനിധീകരിച്ച‌് ഉമ്മൻചാണ്ടി, രമേശ‌് ചെന്നിത്തല, ബെന്നി ബെഹ‌്നാൻ എന്നിവരാണ‌് ഘടകകക്ഷി നേതാക്കളുമായി ചർച്ച നടത്തിയത‌്. മൂന്നാം സീറ്റ് എന്ന ആവശ്യം മുസ്ലിംലീഗിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്ത പി കെ കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ്, എം കെ മുനീർ എന്നിവർ മുന്നോട്ടുവച്ചു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ മൂന്നാമതൊരു സീറ്റുകൂടി മുസ്ലിംലീഗിനു വിട്ടുനൽകാനാകില്ലെന്ന‌് കോൺഗ്രസ് അറിയിച്ചു. വീണ്ടും ചർച്ച നടത്താമെന്ന ധാരണയിൽ ചർച്ച അവസാനിച്ചു. ആദ്യഘട്ട ചർച്ചമാത്രമാണ് ഇപ്പോൾ നടന്നതെന്നും ചർച്ച തുടരുമെന്നും കൂടിക്കാഴ്ചയ‌്ക്കുശേഷം പി കെ കുഞ്ഞാലിക്കുട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജോസഫ‌് വാശിയിൽ തന്നെ
കേരള കോൺഗ്രസ് മാണി ഗ്രൂപ്പുമായി നടന്ന ചർച്ചയാണ് കോൺഗ്രസിന് തലവേദന സൃഷ്ടിക്കുന്നത്. രണ്ടാമതൊരു സീറ്റുകൂടി വേണമെന്ന ഉറച്ച നിലപാടിലാണ് പി ജെ ജോസഫ്. കെ എം മാണിക്കൊപ്പം ചർച്ചയിൽ പങ്കെടുത്ത പി ജെ ജോസഫ് നിലപാട് ആവർത്തിച്ചു. എന്നാൽ, കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് രാജ്യസഭാസീറ്റ് നൽകിയിട്ടുണ്ട്. ഇതുകൂടാതെ കോട്ടയം സീറ്റും നൽകി. ഇതിനുപുറമെ മറ്റൊരു സീറ്റൂകൂടി അനുവദിക്കാനാകില്ലെന്ന‌് കോൺഗ്രസ് വ്യക്തമാക്കി. രണ്ടു സീറ്റു ലഭിച്ചില്ലെങ്കിൽ പാർടിയിലുണ്ടാകുന്ന ബുദ്ധിമുട്ട് പി ജെ ജോസഫും കെ എം മാണിയും കോൺഗ്രസ് നേതാക്കളെയും അറിയിച്ചു. ഈ പ്രശ‌്നവും വീണ്ടും ചർച്ച ചെയ്യാമെന്ന ധാരണയായി.
ഇടുക്കി സീറ്റാണ‌് കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പ് ആവശ്യപ്പെട്ടത‌്. ലോക‌്‌സഭാ സീറ്റിനുപകരം ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിൽ ഒരെണ്ണം വേണമെന്ന് സിഎംപി നേതാക്കൾ ആവശ്യപ്പെട്ടു. പക്ഷേ, ഒരു ഉറപ്പും കോൺഗ്രസ് നേതാക്കൾ നൽകിയില്ല.
ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന‌് മുസ്ലിംലീഗുമായുള്ള സീറ്റുവിഭജന ചർച്ച മാർച്ച് ഒന്നിന് കോഴിക്കോടും കേരള കോൺഗ്രസ് മാണി ഗ്രൂപ്പുമായുളള ചർച്ച മാർച്ച‌് മൂന്നിന് കൊച്ചിയിലും നടത്താൻ തീരുമാനിച്ചു. കോൺഗ്രസ് സ്ഥാനാർഥികളെ നിശ്ചയിക്കാനുള്ള യോഗം നാലിന് തിരുവനന്തപുരത്തു നടക്കുമെന്ന‌് രമേശ‌് ചെന്നിത്തല മാധ്യമപ്രവർത്തകരോട‌് പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2U5w6uV
via IFTTT
No comments:
Post a Comment