പറവൂർ
സിപിഐ എം പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിൽ ആറു പ്രതികൾക്ക‌് തടവുശിക്ഷ. ഒന്നുമുതൽ നാലുവരെ പ്രതികളായ ചെറായി വെളിയംകോട് പ്രവീൺ (പച്ചോ – 35), വാടേപ്പറമ്പിൽ രാജേഷ് (44), കോലോത്തുംകടവ് ദേവസ്വംപറമ്പിൽ ജ്യോതിഷ് (35), ദേവസ്വംപറമ്പിൽ ജിതേഷ് (33) എന്നിവർക്കാണ‌് 10 വർഷം കഠിനതടവും ഒന്നരലക്ഷം രൂപവീതം പിഴയും പറവൂർ പ്രിൻസിപ്പൽ അസി. സെഷൻസ് ജഡ്ജ് ടി സഞ്ചു ശിക്ഷ വിധിച്ചത‌്. അഞ്ചും ആറും പ്രതികളായ ചെറായി പെരുന്തോടത്ത് നോബൽകുമാർ (31), മനയത്തുകാട് അരുൾദാസ് (40) എന്നിവർക്ക് ഏഴുവർഷം കഠിനതടവും ഒന്നരലക്ഷം രൂപവീതം പിഴയും വിധിച്ചു. കെഎസ്‌യു മുൻ ജില്ലാ നേതാവും യൂത്ത് കോൺഗ്രസിന്റെ പ്രാദേശിക നേതാവുമാണ് നോബൽകുമാർ.
ആദ്യ നാലു പ്രതികൾക്ക‌് വിവിധ വകുപ്പുകളിലായി 33 വർഷം തടവുശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ഒരുമിച്ചു 10 വർഷം അനുഭവിച്ചാൽ മതിയാകും. അഞ്ചും ആറും പ്രതികൾക്ക് 21 വർഷമാണ‌് വിധിച്ചത്. എന്നാൽ, ഒരുമിച്ച് ഏഴുവർഷം അനുഭവിച്ചാൽ മതി. പ്രതികൾ പിഴയടയ്ക്കുന്ന ആകെ തുകയായ ഒമ്പതുലക്ഷം രൂപ ഇവരുടെ ആക്രമണത്തിൽ പരിക്കേറ്റ ചെറായി കൊറിയപ്പാടത്ത് അനീഷ്, പുതുശേരി സീജൻ വർഗീസ് എന്നിവർക്കു ലഭിക്കും. കേസിലെ ഏഴുമുതൽ 11 വരെയുള്ള പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു.
2006 ജൂൺ 10നാണ‌് കേസിനാസ്പദമായ സംഭവം. സിപിഐ എം പ്രവർത്തകരായ പ്രജിൻ ലാൽ, ഇ കെ ജയൻ എന്നിവരെ ചെറായിയിൽ മുനമ്പം കൃഷ്ണന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം ആക്രമിച്ചതിൽ പ്രതിഷേധിച്ച‌് സിപിഐ എം പ്രവർത്തകർ നടത്തിയ പ്രകടനത്തിനുനേരെ ചെറായി പാപ്പരാക്കൽ ക്ഷേത്രത്തിനു സമീപം 11 പേരടങ്ങുന്ന സംഘം ബോംബെറിഞ്ഞു. ബോംബേറിൽ ചിതറിയോടിയ പ്രവർത്തകർക്കിടയിലേക്ക‌് കയറിയ പ്രതികൾ വടിവാളും ഇരുമ്പുവടികളും ഉപയോഗിച്ച‌് ആക്രമിച്ചു.കൊറിയപ്പാടത്ത് അനീഷിന‌് ദേഹമാസകലം വെട്ടേറ്റു. ഒരു കാൽ മുറിച്ചുമാറ്റേണ്ടിവന്നു.
രക്തസാക്ഷി കെ പി ചന്ദ്രബാബുവിന്റെ സഹോദരനാണ് അനീഷ്. സീജൻ വർഗീസിനെ വെട്ടിയശേഷം ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചു മാരകമായി പരിക്കേൽപ്പിച്ചു. തലച്ചോറിനു പരിക്കേറ്റ സീജൻ ഏറെനാൾ ചികിത്സയിലായിരുന്നു. ചെറായി മയ്യാറ്റിൽ പുരുഷൻ, മയ്യാറ്റിൽ പ്രസന്നൻ എന്നിവർക്കും പരിക്കേറ്റിരുന്നു. വിസ്താരം നടക്കുന്നതിനിടെ പുരുഷൻ മരിച്ചു. ഞാറക്കൽ സിഐ ആയിരുന്ന സന്ദീപ്, സുനിൽകുമാർ എന്നിവരാണ‌് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഭിഭാഷകരായ ജ്യോതി അനിൽകുമാർ, പി ശ്രീരാം, കെ കെ സാജിത എന്നിവർ ഹാജരായി.
from Kerala || Deshabhimani Online News http://bit.ly/2GoJmYp
via IFTTT
No comments:
Post a Comment