തൃശൂര്‍ > പ്രധാനമന്ത്രി നരേന്ദ്രമോഡി അടുത്തിടെ നടത്തിയ രണ്ട് കേരള സന്ദർശനത്തിന് ഉൾപ്പെടെ കുറച്ചുവർഷങ്ങളായി നടത്തിയ കോടികളുടെ പണപ്പിരിവ് കേരള ബിജെപിയിൽ പുതിയ വിവാദത്തിന് തുടക്കമിട്ടു. പിരിച്ച പണത്തിന‌് കണക്കില്ലാത്തതാണ‌് വിവാദമായത‌്. മോഡിയുടെ സന്ദർശനത്തിനായി കൊല്ലത്തും തൃശൂരിലുമായി അഞ്ചുകോടി രൂപ പിരിച്ചെടുത്തെന്നാണ് ആരോപണം.
കൊല്ലത്തെ യോഗം കഴിഞ്ഞയുടൻ കണക്ക് അവതരിപ്പിക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടിരുന്നെങ്കിലും ഔദ്യോഗികപക്ഷം ഗൗനിച്ചില്ല. തൃശൂരിലെ യോഗത്തിലും വലിയ പണപ്പിരിവാണ് നടത്തിയത്. രണ്ട് സ്ഥലത്തും സംസ്ഥാനത്തെ ബിജെപിയിലെ ഔദ്യോഗിക നേതൃത്വത്തിന് എതിരായാണ് വിമർശം ഉയർന്നത്. തൃശൂരിൽ മുരളീധരപക്ഷത്ത് നിൽക്കുന്ന ജില്ലാ നേതൃത്വത്തെ പൂർണമായും ഒഴിവാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്.
ഔദ്യോഗികപക്ഷത്ത് നിൽക്കുന്ന സംസ്ഥാന വക്താവിനും ജനറൽ സെക്രട്ടറിക്കുമായിരുന്നു സംഘാടനച്ചുമതല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ഉൾപ്പെടെ കണക്കുകൾ ഇതുവരെ അവതരിപ്പിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും മുരളീധരവിഭാഗം ദേശീയ നേതൃത്വത്തോടും ആർഎസ‌്എസിനോടും ആവശ്യപ്പെട്ടിരിക്കയാണ്.
ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഇനി പണം ആവശ്യപ്പെടില്ലെന്ന് പറഞ്ഞാണ് പലരിൽ നിന്നും വൻ തുക വാങ്ങിയത്. ജില്ലയിൽ നിന്നുള്ള വൻ പ്രവാസി വ്യവസായിയിൽ നിന്നുവരെ അരക്കോടി രൂപ വാങ്ങിയതായി പറയുന്നു. അതേസമയം സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമാണവുമായി ബന്ധപ്പെട്ട മുരളീധരപക്ഷത്തെ പ്രതിക്കൂട്ടിൽ കയറ്റിയാണ് ഔദ്യോഗികപക്ഷം ഈ ആരോപണത്തെ നേരിടുന്നത്.
കേന്ദ്രനേതൃത്വം നൽകിയ ആറ് കോടി രൂപ ഉൾപ്പെടെ നിർമാണവുമായി ബന്ധപ്പെട്ട ഒന്നിനും കണക്കില്ലെന്നാണ് ആരോപണം. മുരളീധരപക്ഷക്കാരനായ സംസ്ഥാന സെക്രട്ടറിക്കാണ് നിർമാണച്ചുമതല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുമ്മനം മത്സരിച്ച വട്ടിയൂർക്കാവ് ഉൾപ്പെടെ മൂന്ന് മണ്ഡലങ്ങളിലെ കണക്ക് മാത്രമേ അവതരിപ്പിച്ചിട്ടുള്ളൂ.
പത്തനംതിട്ട ജില്ലയിൽ ഒരു സംസ്ഥാന ഭാരവാഹി മത്സരിച്ച മണ്ഡലത്തിലെ കണക്ക് അവതരിപ്പിക്കാത്തത് സംബന്ധിച്ച‌് ജില്ലാ ഭാരവാഹി പരാതി അയച്ചിട്ടും നടപടിയായില്ല. ഇതിനുപുറമെ കോഴിക്കോട്ട‌് നടന്ന ദേശീയ കൗൺസിൽ യോഗത്തിന്റെ കണക്കും അവതരിപ്പിച്ചിട്ടില്ലെന്ന് ആരോപണമുണ്ട്.
from Kerala || Deshabhimani Online News http://bit.ly/2RxYDHC
via IFTTT
No comments:
Post a Comment