പാലക്കാട‌് > കർഷകന‌് പ്രതിവർഷംകൂടുമ്പോൾ 6000 രൂപ നൽകുമെന്ന ബജറ്റ‌് പ്രഖ്യാപനത്തെ വലിയ കർഷകരക്ഷാ പദ്ധതിയായി ഉയർത്തിക്കാട്ടുകയാണ‌് കേന്ദ്രസർക്കാർ. പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയിലൂടെ രണ്ട‌് ഹെക്ടർവരെയുള്ള ചെറുകിട കർഷകർക്ക‌് മൂന്ന‌് ഗഡുക്കളായാണ‌് 6000 രൂപ നൽകുന്നത‌്.
എന്നാൽ, കേരളം നിലവിൽ കർഷകർക്ക‌് സബ‌്സിഡി, പെൻഷൻ, വിവിധ സഹായംവഴി നൽകുന്ന സാമ്പത്തിക സഹായങ്ങളുമായി താരതമ്യംചെയ്യുമ്പോൾ കേന്ദ്ര സഹായം നാമമാത്രമാണ്. കേരളത്തിൽ നെൽകർഷകന് സംസ്ഥാന സർക്കാർ വിവിധ സഹായങ്ങളായി, ഹെക്ടറിന‌് 49,000 രൂപവരെ നൽകുന്നു. ഇത‌് ഇന്ത്യയിൽ മറ്റൊരിടത്തുമില്ല.
.jpg)
പെൻഷൻ മാസം 1200 രൂപ
കേരളത്തിലെ നെൽക്കർഷകർക്കും അതുപോലെ ചെറുകിട കർഷകർക്കും 60 വയസ്സുകഴിഞ്ഞാൽ സംസ്ഥാന സർക്കാരിന്റെ ക്ഷേമ പെൻഷൻ ലഭിക്കും. മാസം 1100 രൂപയായിരുന്ന കർഷക പെൻഷൻ 1200 രൂപയാക്കി ഉയർത്തി. അഞ്ച‌് ഏക്കറിൽ താഴെയുള്ള കർഷകർക്ക‌് പെൻഷന‌് അർഹതയുണ്ട‌്. കേന്ദ്രസർക്കാർ വർഷത്തിൽ 6000 രൂപയാണ‌് സഹായമായി പ്രഖ്യാപിച്ചതെങ്കിൽ സംസ്ഥാന സർക്കാർ നിലവിൽ 13,200 രൂപ പെൻഷൻ ഇനത്തിൽ നൽകിവരുന്നു. അത‌് അടുത്ത വർഷം 14,400 രൂപയായി ഉയരുകയും ചെയ്യും.
ഹെക്ടറിന‌് 45000–-49000
കേരളത്തിൽ നെൽക്കൃഷിക്കാർക്ക‌് ഒരു ഹെക്ടറിന‌് 45,000 മുതൽ 49,000 രൂപവരെയാണ‌് ആനുകൂല്യം നൽകുന്നത‌്. ഉഴവുകൂലി ഇനത്തിൽ ഹെക്ടറിന‌് 15,000 മുതൽ 17,500 രൂപവരെ. സമഗ്ര നെൽക്കൃഷി വികസനത്തിലുൾപ്പെടുത്തി വിത്ത‌്, ജൈവവളം, കീടനാശിനി, കുമ്മായം എന്നിവയ‌്ക്ക‌് 50 ശതമാനം സബ‌്സിഡി ബാങ്ക‌് അക്കൗണ്ടിൽ എത്തുന്നു. ഇത‌് ഹെക്ടറിന‌് 4000 രൂപയ‌്ക്ക‌് മുകളിൽ വരും. ഇതിനു പുറമെ സുസ്ഥിര നെൽകൃഷി വികസനത്തിലുൾപ്പെടുത്തി ഹെക്ടറിന‌് രണ്ട‌് സീസണിലുംകൂടി 5500 രൂപ വേറെയും നൽകുന്നു. പെൻഷൻ, ആനുകൂല്യം എന്നിവയൊക്കെ ചേർന്നാൽ ഒരു ഹെക്ടറുള്ള കർഷകന‌് ചുരുങ്ങിയത‌് വർഷത്തിൽ 45,000 രൂപയും പരമാവധി 49,000 രൂപവരെയും സഹായമായി ലഭിക്കുന്നു.
ഉഴവുകൂലി ഇന്ത്യയിൽ ആദ്യം
നെൽക്കൃഷിക്ക‌് നിലമൊരുക്കുന്നതിന‌് ഉഴവുകൂലിയിനത്തിൽ കേരളത്തിൽമാത്രമാണ‌് സഹായം നൽകുന്നത‌്. ഭൂവിസ‌്തൃതി കുറഞ്ഞതും നഗര കേന്ദ്രീകൃതവുമായ പഞ്ചായത്തുകളിൽ ഹെക്ടിന‌് 17,500 രൂപയും ഗ്രാമീണ പഞ്ചായത്തുകളിൽ (ഭൂവിസ‌്തൃതി കൂടിയവ) 15,000 രൂപയും നൽകുന്നു. ജില്ലാ പഞ്ചായത്ത‌് 5000, ബ്ലോക്ക‌് പഞ്ചായത്ത‌് 2500, ഗ്രാമ പഞ്ചായത്ത‌് 7500 മുതൽ 10,000 രൂപവരെയും വകയിരുത്തി കർഷകർക്ക‌് നൽകുന്നു. ഈ തുകയെല്ലാം കർഷകരുടെ ബാങ്ക‌് അക്കൗണ്ടിൽ നേരിട്ടെത്തുകയാണ‌്.
ഉൽപ്പാദന ബോണസ‌് മൂന്ന‌് മടങ്ങ‌്
കേരളത്തിൽ എൽഡിഎഫ‌് സർക്കാർ അധികാരത്തിൽ വന്നതോടെ കർഷകരുടെ ഉൽപ്പാദന ബോണസ‌് മൂന്ന‌് മടങ്ങ‌് വർധിപ്പിച്ചു. ഹെക്ടറിന‌് 1500 രൂപയുണ്ടായിരുന്നത‌് 5000 രൂപയാക്കിയാണ‌് വർധിപ്പിച്ചത‌്. വർഷത്തിൽ കൃത്യമായി ഈ തുക ബാങ്ക‌് അക്കൗണ്ടിൽ എത്തുന്നു.
ഇൻഷുറൻസ‌്
വിവിധ കാർഷികവിളകളുടെ ഇൻഷുറൻസ‌് പ്രീമിയവും സർക്കാരാണ‌് അടയ‌്‌ക്കുന്നത‌്. ഇഞ്ചി, മഞ്ഞൾ, കുരുമളക‌് എന്നിവയക്ക‌് ഒരു ഹെക്ടറിന‌് 12,500 രൂപ പ്രീമിയം സർക്കാർ വഹിക്കും. നെൽക്കൃഷി ഏക്കറിന‌് 5000 രൂപയുടെ സംരക്ഷണവും സർക്കാർ ഏറ്റെടുക്കുന്നു.
കൃഷിയൊരുക്കൽ തൊഴിലുറപ്പ‌്
കാർഷികമേഖലയിൽ ജോലിക്ക‌് ആളെ കിട്ടാതെ വരികയും കൂലിച്ചെലവ‌് കൂടുകയും ചെയ‌്തപ്പോൾ, പഞ്ചായത്തുകളിൽ ഭൂരിഭാഗവും കൃഷിപ്പണി തൊഴിലുറപ്പ‌് പദ്ധതിയിൽ ഉൾപ്പെടുത്തി. ഇതിനെത്തുടർന്ന‌് കൃഷിഭൂമിയിലെ ബണ്ട‌് നിർമാണവും കൃഷിയിടത്തിലേക്കുള്ള കനാൽ വൃത്തിയാക്കലും തൊഴിലുറപ്പ‌് തൊഴിലാളികൾ ചെയ്യും. ഇതും കർഷകർക്ക‌് ആശ്വാസമാണ‌്.
from Kerala || Deshabhimani Online News http://bit.ly/2MMIQ74
via IFTTT
No comments:
Post a Comment