ആലപ്പുഴ > ഇന്ത്യൻ സിനിമയെ വിസ‌്മയിപ്പിക്കുന്ന സെറ്റുകളുടെ വേദിയായ ഹൈദരാബാദ‌് റാമോജി ഫിലിം സിറ്റി അധികൃതർ പ്രളയത്തിൽ വീടുതകർന്ന 116 കുടുംബങ്ങൾക്കായി വീടുനിർമിക്കുന്നു. ഫിലിം സിറ്റി കുടുംബശ്രീ ജില്ലാ മിഷൻ മുഖേന നടപ്പാക്കുന്ന ഭവന നിർമാണ പദ്ധതിയുടെ നിർമാണോദ‌്ഘാടനം വെള്ളിയാഴ‌്ച പകൽ 11ന‌് പാതിരപ്പള്ളി കാമിലോട്ട‌് കൺവൻഷൻ സെന്ററിൽ മന്ത്രി എ സി മൊയ‌്തീൻ നിർവഹിക്കും.
കുടുംബശ്രീയിൽനിന്ന‌് ഭവനനിർമാണ പരിശീലനം ലഭിച്ച വനിതകളാണ‌് വീടുകൾ നിർമിക്കുന്നതെന്ന‌് ഭരണസമിതിയംഗം സി എസ‌് സുജാത വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രളയാനന്തര പുനർ നിർമാണത്തിന്റെ ഭാഗമായി റീബിൽഡ‌് കേരള പദ്ധതിയുമായി സഹകരിക്കാൻ താൽപര്യമുണ്ടെന്ന‌് റാമോജി ഫിലിം സിറ്റി അധികൃതർ നേരത്തേ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിരുന്നു. ആറുലക്ഷം രൂപ വീതം ചെലവു വരുന്ന വീടുകൾക്കായി ഏഴുകോടി രൂപയാണ‌് ഫിലിം സിറ്റി മുടക്കുന്നത‌്. ഒന്നും രണ്ടും ഘട്ടങ്ങളിൽ 40 വീതവും മൂന്നാംഘട്ടത്തിൽ 36ഉം വീടുകൾ നിർമിക്കും. 116 വീടുകളും ഒരുവർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്നാണ‌് കുടുംബശ്രീ മിഷൻ എക‌്സിക്യൂട്ടീവ‌് ഡയറക്ടറും ഫിലിം സിറ്റി അധികൃതരുമായി ഒപ്പുവച്ചിരിക്കുന്ന ധാരണാപത്രത്തിലെ വ്യവസ്ഥ.
ആലപ്പുഴ സബ‌് കലക്ടർ വി ആർ കൃഷ‌്ണ തേജ നേതൃത്വം നൽകുന്ന ഐ ആം ഫോർ ആലപ്പിയാണ‌് പദ്ധതി ഏറ്റെടുക്കാൻ കുടുംബശ്രീക്ക‌് സഹായം ചെയ‌്തത‌്. കുടുംബശ്രീ നിർമാണ യൂണിറ്റിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത‌് ആദ്യമായി വനിതകൾ വീടു നിർമാണം പൂർത്തിയാക്കിയത‌് ആലപ്പുഴയിലാണ‌്. ആകെ 15 വീടുകൾ കുടുംബശ്രീ നേതൃത്വത്തിലുള്ള നിർമിച്ചു. ആറു വീടുകളുടെ നിർമാണം പുരോഗമിക്കുന്നു. നിർമാണയൂണിറ്റുകളെ സൂക്ഷ‌്മസംരംഭങ്ങളാക്കി രജിസ‌്റ്റർചെയ‌്ത‌് നിർമാൺശ്രീ എന്നപേരിൽ സംസ്ഥാനത്തെ ആദ്യ ലേബർ സൊസൈറ്റിയും നിലവിൽവന്നു. നിർമാൺശ്രീയുടെ വിവരങ്ങൾ അറിഞ്ഞ ഫിലിം സിറ്റി അധികൃതർ ആലപ്പുഴയിലെ വീടുകളുടെ നിർമാണം കുടുംബശ്രീ പ്രവർത്തകർക്ക‌് കൈമാറാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. ലൈഫ‌് മിഷനിൽ ലഭ്യമായ 12 പ്ലാനുകളിൽ ഗുണഭോക്താവ് തെരഞ്ഞെടുക്കുന്ന പ്ലാനിലാകും നിർമാണം. 400 ചതുരശ്രയടി വിസ‌്തീർണമുള്ള പ്രളയം ബാധിച്ച, വാസയോഗ്യമായ വീടുകളില്ലാത്തവരെ പഞ്ചായത്ത‌് തലത്തിലാണ‌് കണ്ടെത്തിയത‌്. ആദ്യഘട്ടത്തിലെ 40 ഗുണഭോക്താക്കളെയും കണ്ടെത്തിക്കഴിഞ്ഞു. വിധവകൾ, ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ, മറ്റു മാറാരോഗങ്ങളുള്ളവർ എന്നിവർക്ക‌് മുൻഗണന നൽകിയാണ‌് ഗുണഭോക്താക്കളെ കണ്ടെത്തിയത‌്. നിലവിൽ 413 വനിതകളാണ‌് ജില്ലയിൽ നിർമാണ പരിശീലനം പൂർത്തിയാക്കിയിട്ടുള്ളത‌്.
ഉദ‌്ഘാടനച്ചടങ്ങിൽ മന്ത്രി ഡോ. ടി എം തോമസ‌് ഐസക‌് അധ്യക്ഷനാകും. സ‌്പോൺസർമാർക്ക‌് മന്ത്രി ജി സുധാകരൻ ഉപഹാരം നൽകും. നിർമാണരംഗത്തെ കുടുംബശ്രീ സംരംഭക യൂണിറ്റുകൾക്ക‌് സേവ‌് ദി ചിൽഡ്രൻ ഏർപ്പെടുത്തിയ ഉപകരണ കിറ്റ‌് മന്ത്രി പി തിലോത്തമൻ കൈമാറും. വിവിധ പുരസ‌്കാരങ്ങളുടെ വിതരണവും ചടങ്ങിൽ നടക്കും.
ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ പി സുനിൽ, ജില്ലാ പ്രോഗ്രാം മാനേജർ റിൻസ‌് സുരേഷ‌്കുമാർ, ബ്ലോക്ക‌് കോ–-ഓർഡിനേറ്റർ ജിസ‌്ന അഷ‌്റഫ‌് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
from Kerala || Deshabhimani Online News https://ift.tt/2EiIzEV
via IFTTT
No comments:
Post a Comment