തിരുവനന്തപുരം> റെയിൽവേയിൽ തിരുവനന്തപുരം ഡിവിഷന‌് കീഴിൽ ഓടുന്ന നൂറ‌് ട്രെയിനുകളിൽ ഏകദേശ സമയം പാലിക്കുന്നത‌് 45 എണ്ണം മാത്രം. രാജ്യത്തെ 68 ഡിവിഷനുകളിൽ ട്രെയിൻ സമയക്രമം പാലിക്കുന്നതിൽ തിരുവനന്തപുരം ഡിവിഷൻ 63–-ാം സ്ഥാനത്തും പാലക്കാട‌് 32–-ാം സ്ഥാനത്തുമാണ‌്. മിക്ക ട്രെയിനുകളും മണിക്കൂറിൽ 30 കിലോമീറ്റർ താഴെ വേഗത്തിലാണ‌് ഓടുന്നത‌്. ഇത‌് ദേശീയ ശരാശരിയേക്കാൾ ഏറെ താഴെയാണെന്നും മന്ത്രി ജി സുധാകരൻ നിയമസഭയിൽ അറിയിച്ചു.
സമയത്ത‌് ട്രെയിനുകൾ സർവീസ‌് നടത്തുന്നതിന‌് പകരം വൈകിയെത്തുന്ന സമയത്തെ, ആ ട്രെയിനുകൾ എത്തിച്ചേരേണ്ട സമയമാക്കി മാറ്റുന്ന പരിപാടിയും തിരുവനന്തപുരം, പാലക്കാട‌് ഡിവിഷനുകളിലുണ്ട‌്. കറുകുറ്റിയിൽ ട്രെയിൻ പാളം തെറ്റിയതിനെത്തുടർന്ന‌് മുടങ്ങിക്കിടന്ന റെയിൽപാളങ്ങളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തീകരിക്കാൻ ആവശ്യപ്പെട്ടിരുന്നു.
2018ൽ 95 കിലോമീറ്റർ റെയിൽപാളം മാറ്റി സ്ഥാപിച്ചിട്ടുണ്ട‌്. 100 കിലോ മീറ്റർ റെയിൽപാളം ഇനിയും മാറ്റിവയ‌്ക്കാനുണ്ട‌്. ഈ പ്രവൃത്തികൾ മഴയ‌്ക്കുമുമ്പ‌് തീർക്കേണ്ടതുണ്ട‌്. അറ്റകുറ്റപ്പണികളും പാതയിരട്ടിപ്പിക്കലുമാണ‌് ട്രെയിനുകൾ വൈകുന്നതിന‌് കാരണമായി റെയിൽവേ പറയുന്നത‌്.
ജോലി അടിയന്തരമായി പൂർത്തിയാക്കി സർവീസ‌് സമയബന്ധിതമായി നടത്തണമെന്നാവശ്യപ്പെട്ട‌് മുഖ്യമന്ത്രി കേന്ദ്ര റെയിൽവെ മന്ത്രിക്ക‌് കത്തയച്ചിട്ടുണ്ട‌്. ഈ വിഷയം വീണ്ടും റെയിൽവേ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽകൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. കെ വി അബ്ദുൾ ഖാദറിന്റെ സബ‌്മിഷനുള്ള മറുപടിയിലാണ‌് മന്ത്രി ഇക്കാര്യം അറിയിച്ചത‌്.
from Kerala || Deshabhimani Online News http://bit.ly/2N4ADeo
via IFTTT
No comments:
Post a Comment