ശബരിമലയിൽ ദർശനത്തിനെത്തുന്ന യുവതികൾക്ക് ഏതൊക്കെ രീതിയിൽ സുരക്ഷ ഒരുക്കണമെന്നത‌് തങ്ങളുടെ പ്രവർത്തനസ്വാതന്ത്ര്യത്തിന്റെ പരിധിയിലുള്ള കാര്യമാണെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. ജനുവരി രണ്ടിന് രണ്ടുയുവതികൾ മല ചവിട്ടിയതിനെക്കുറിച്ച് ഹൈക്കോടതി നിയോഗിച്ച നിരീക്ഷകസമിതി നൽകിയ റിപ്പോർട്ടിലെ പരാമർശങ്ങൾക്കു മറുപടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പത്തനംതിട്ട ജില്ലാ പൊലീസ‌് മേധാവി ടി നാരായണൻ ഇക്കാര്യം വ്യക്തമാക്കിയത്.
ഡിസംബർ 24ന് ബിന്ദുവും കനകദുർഗയും ശബരിമലയിൽ എത്തിയപ്പോൾ ഒരുരാഷ്ട്രീയ പാർടിയുടെ പ്രവർത്തകരും ശബരിമല കർമസമിതി, ആചാരസംരക്ഷണ സമിതി തുടങ്ങിയ സംഘടനകളുടെ ആളുകളും അവരെ തടഞ്ഞു. അതിനാലാണ് ജനുവരി രണ്ടിന് സംരക്ഷണം നൽകിയതെന്ന് സീനിയർ ഗവ. പ്ലീഡർ വി മനു സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ യുവതികൾ മലചവിട്ടാൻ എത്തിയാൽ അവർക്ക് സംരക്ഷണം നൽകേണ്ട ഭരണഘടനാപരമായ ബാധ്യത പൊലീസിനുണ്ട്. എങ്ങനെ സുരക്ഷ നൽകണം, സുരക്ഷയുടെ രീതി എന്തായിരിക്കണം തുടങ്ങിയ കാര്യങ്ങൾ പൊലീസിന്റെ പ്രവർത്തനസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതാണ്. അതിനാലാണ് യുവതികൾക്ക് സിവിൽ ഡ്രസിൽ നാലുപൊലീസുകാർ സുരക്ഷ നൽകിയത്. ദർശനം നടത്താൻ യുവതികൾക്ക് തടസവുമുണ്ടായില്ല. ആരും പ്രതിഷേധിച്ചില്ല.
ക്ഷേത്രത്തിന്റെ യും യുവതികളുടെയും സുരക്ഷ പരിഗണിച്ചാണ് മേലേ തിരുമുറ്റംവഴി യുവതികളെ പ്രവേശിപ്പിക്കേണ്ടിവന്നത്. യുവതീപ്രവേശത്തെത്തുടർന്ന് സംസ്ഥാനത്തും ശബരിമലയിലും സംഘർഷങ്ങളുണ്ടാക്കിയത് ഒരു പ്രമുഖ പാർടിയും വലതുപക്ഷ സംഘടനകളുമാണ്. രണ്ടുയുവതികളുടെ ശബരിമലദർശനം സംബന്ധിച്ച് പൊലീസ് ചെയ്തതെല്ലാം ഭരണഘടനാപരമാണ്.
പന്തളം കൊട്ടാരത്തിൽനിന്ന് സന്നിധാനത്തേക്കും തിരിച്ചുമുള്ള തിരുവാഭരണ ഘോഷയാത്രയ‌്ക്ക് മതിയായ സംരക്ഷണം നൽകിയിരുന്നുവെന്നും പൊലീസ‌് അറിയിച്ചു. സ്ത്രീകൾക്ക് സുരക്ഷ നൽകേണ്ടെന്ന് പൊലീസിലെ ചിലർ ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട‌് നൽകിയെന്ന കണ്ടെത്തൽ തെറ്റാണ്. അങ്ങനെയൊരു റിപ്പോർട്ട‌് നൽകാൻ പൊലീസിനാവില്ല. ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമീഷണറിൽനിന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷകസമിതി റിപ്പോർട്ട‌് തേടിയത് തെറ്റാണെന്നും സത്യവാങ്മൂലം പറഞ്ഞു. ശബരിമല സംബന്ധിച്ച ഹർജികൾ കോടതിയുടെ പരിഗണനയ്ക്ക് എത്തിയെങ്കിലും വാദം അടുത്ത ദിവസത്തേക്ക് മാറ്റി.
from Kerala || Deshabhimani Online News http://bit.ly/2CHb3aS
via IFTTT
No comments:
Post a Comment