ശബരിമല
ശബരിമല തീർഥാടനത്തിനെതിരെ വിദേശത്ത‌് വ്യാപകമായി സമൂഹ മാധ്യമങ്ങൾ വഴി പ്രചാരണം നടക്കുന്നുണ്ടെന്ന‌് മലേഷ്യയിൽ നിന്നെത്തിയ 36 അംഗ സംഘത്തിന്റെ തലവൻ ശേഖരൻ ഗുരുസ്വാമി ദേശാഭിമാനിയോട‌് പറഞ്ഞു. കേരളത്തിൽ നിന്നാണ‌് വ്യാജവാർത്തകൾ വരുന്നത‌്. അക്രമസംഭവങ്ങൾ അരങ്ങേറുന്നതിനാൽ ശബരിമല സന്ദർശിക്കുന്നത‌് സുരക്ഷിതമല്ലെന്നും ഇവിടെ കലാപ സമാനമായ അന്തരീക്ഷമാണെന്നുമാണ‌് പ്രചാരണത്തിന്റെ ഉള്ളടക്കം. ഇതിനായി വ്യാജവാർത്തകളും ദൃശ്യങ്ങളും വാട്ട‌്സ‌്ആപ്പ‌്, ഇൻസ‌്റ്റഗ്രാം, ഫെയ‌്സ‌്ബുക്ക‌് മെസഞ്ചർ തുടങ്ങിയ സമൂഹ മാധ്യമങ്ങൾ വഴി വിദേശങ്ങളിലുള്ളവർക്ക‌് അയച്ചു കൊടുക്കുന്നു–- 36 വർഷമായി ശബരിമല സന്ദർശിക്കുന്ന ശേഖരൻ പറഞ്ഞു.
മലേഷ്യയിൽ ഞങ്ങളുടെ ശാസ‌്താ സേവാ സംഘം ഉൾപ്പെടെ നൂറു കണക്കിന‌് അയ്യപ്പ സംഘടനകളുണ്ട‌്. ഇവയ‌്ക്കെല്ലാം ഇത്തരം സന്ദേശങ്ങൾ
ലഭിച്ചിട്ടുണ്ട‌്. എന്നെ ഉൾപ്പെടെയുള്ളവരെ ഫോണിലും വിളിച്ചു. ശബരിമലയിൽ വരുന്നത‌് ജീവനു തന്നെ ഭീഷണിയാണെന്നാണ‌് ഫോണിൽ വിളിച്ചവർ പറഞ്ഞത‌്.
ഈ വ്യാജ പ്രചാരണം സത്യമാണെന്ന‌് കരുതി മലേഷ്യയിലെ പല സംഘങ്ങളും ഇക്കുറി തീർഥാടനം ഉപേക്ഷിച്ചു. ചിലരാകട്ടെ ചെന്നൈ വരെ എത്തി മടങ്ങിപ്പോയി. ഇവിടെ വന്നപ്പോഴാണ‌് പ്രചാരണം നുണയാണെന്ന‌് മനസ്സിലായത‌്. ട്രിച്ചിയിൽ വിമാനമിറങ്ങി റോഡുമാർഗമാണ‌് ഞങ്ങൾ പമ്പയിലെത്തിയത‌്.
മലകയറുന്നതിനിടെ സംഘത്തിലെ സ‌്ത്രീകളോട‌് ചില യുവാക്കൾ പാസ‌്പോർട്ട‌് ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. മൂന്നും നാലും വർഷമായി മലചവിട്ടുന്നവരാണവർ. മുമ്പൊരിക്കലും ഇത്തരമൊരു അനുഭവമുണ്ടായിട്ടില്ല. ഇതൊഴിച്ച‌് മറ്റ‌് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല. ദർശനം സുഗമമായി നടന്നു. ഞങ്ങൾ ഇവിടെ എത്തിയതറിഞ്ഞ‌്ധാരാളം പേർ മലേഷ്യയിയിൽ നിന്ന‌് വിളിച്ചിരുന്നു. ഇവിടുത്തെ സ്ഥിതിയെക്കുറിച്ചാണവർക്ക‌്
അറിയേണ്ടത‌്. പ്രശ്നങ്ങളൊന്നുമില്ലെന്നും തീർഥാടനം സുരക്ഷിതമാണെന്നും സമൂഹമാധ്യമ പ്രചാരണം നുണയാണെന്നും അവരോട‌് പറഞ്ഞിട്ടുണ്ട‌്. ശബരിമല സുരക്ഷിതമാണെന്ന കാര്യം അവിടെ ചെന്ന ശേഷം മറ്റ‌് അയ്യപ്പ സംഘങ്ങളെ അറിയിക്കും.
ഒരു രാജ്യത്തിന്റെ പരമാധികാര കോടതിയുടെ വിധിയെപ്പറ്റി മറ്റ‌് രാജ്യത്ത‌് നിന്നുള്ള ഒരാൾക്ക‌് പറയാൻ അവകാശമില്ല. വസ‌്തുതകൾ എല്ലാം പരിഗണിക്കാതെയും പഠിക്കാതെയും ഒരു കോടതിയും വിധി പ്രസ്താവിക്കയില്ല. വിശ്വാസവും തീർഥാടനവും ഓരോരുത്തരുടെയും വ്യക‌്തി പരമായ കാര്യമാണ‌്. അവർക്ക‌് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം. മറ്റുള്ളവർ ഇതലിടപെടുന്നത‌് ശരിയല്ല–ക്വാലലമ്പൂരിനടുത്ത‌് സ്രംബാൻ നഗരത്തിൽ -ധർമശാസ‌്ത്ര ട്രേഡിങ‌് കമ്പനി നടത്തുന്ന തമിഴ‌് വംശജനായ ശേഖരൻ പറഞ്ഞു.
മലയിലേക്കുള്ള യാത്രക്കിടെ പാസ‌്പോർട്ട‌് ആവശ്യപ്പെട്ടത‌് ബുദ്ധിമുട്ടുണ്ടാക്കിയെന്ന‌് കേരളത്തിൽ വേരുകളുള്ള സംഘാങ്ങളായ സുലോചന കുഞ്ഞുണ്ണി എഴുത്തച്ചനും ഗൗരി ഗോപാലും പറഞ്ഞു. മുമ്പും ഞങ്ങളിവിടെ വന്നിട്ടുണ്ട‌്. അന്നൊന്നും ഇങ്ങിനെ ചോദിച്ചിട്ടില്ല. ഇത്തരം പരിശോധനകൾ ഒഴിവാക്കേണ്ടതാണ‌്–ഇവർ പറഞ്ഞു. -പാലക്കാട‌് നിന്ന‌് ഒരുതലമുറ മുമ്പ‌് മലേഷ്യയിലേക്കു കുടിയേറിയ കുടുംബങ്ങളിൽ നിന്നുള്ളവരാണവർ. കഴിഞ്ഞ മൂന്നുവർഷമായി ശബരിമലയിൽ വരുന്ന സുലോചന ഒറ്റപ്പാലത്തെ ബന്ധുക്കളെ ഇടക്ക‌് സന്ദർശിക്കാറുണ്ട‌്. ഗൗരി ഇത‌് മൂന്നാം തവണയാണ‌് ഇവിടെ വരുന്നത‌്.
from Kerala || Deshabhimani Online News http://bit.ly/2CfXOhd
via IFTTT
No comments:
Post a Comment