തൃശൂർ
എഴുതി പൂർത്തിയാക്കിയെങ്കിലും അഭിമന്യുവെന്ന പുസ്തകം പുറത്തിറങ്ങുന്നത് ബ്രിട്ടോയ്ക്ക് കാണാനായില്ല. അഭിമന്യൂവിലൂടെ മഹാരാജാസിന്റെയും അതുവഴി കേരളത്തിന്റെ ചോര തുടിക്കുന്ന കലാലയരാഷ്ട്രീയത്തിന്റെയും ചരിത്രമാണ് സൈമൺ ബ്രിട്ടോ എഴുതി പൂർത്തിയാക്കിയത്. ഈ പുസ്തകത്തെക്കുറിച്ച് ബ്രിട്ടോയുടെ മറുപടി ഇങ്ങനെയായിരുന്നു: ‘‘ഇത് മറ്റു പുസ്തകങ്ങൾപോലെയല്ല, ഇതിൽ അഭിമന്യുവിന്റെ ജീവൻ തുടിക്കുന്നുണ്ട്. അതിൽ എന്റെ ജീവിതമുണ്ട്. ഒരാവർത്തികൂടി വായിച്ച് തിരുത്തിയാലേ പുസ്തകത്തിനും ജീവൻ തുടിക്കൂ’’.
മരണം പ്രതീക്ഷിക്കാത്ത സൈമൺബ്രിട്ടോ ഈ പുസ്തകത്തിന്റെ രചന പൂർത്തിയാക്കിയിരുന്നു. അഭിമന്യുവുമായുള്ള അടുത്തബന്ധം ഇതിൽ വിവരിക്കുന്നുണ്ട്. ‘മഹാരാജാസ‌് ഒട്ടോണമസായി, കലാലയ രാഷ്ട്രീയത്തിന് തടസ്സങ്ങൾ നേരിടുന്ന സമയത്ത് അഭിമന്യു ഉൾപ്പെടെ ബ്രിട്ടോയെ സമീപിക്കുന്നുണ്ട്. പിന്നീട് അഭിമന്യുവുമായി അടുത്തബന്ധമുണ്ടായി. ഇടുക്കി വട്ടവടയിൽ അഭിമന്യുവിന്റെ വീട്ടിൽ താമസിക്കുന്നതും ആ ഗ്രാമത്തിന്റെ സ്നേഹവിശുദ്ധിയെക്കുറിച്ചും പുസ്തകത്തിലുണ്ട്. ബ്രിട്ടോയ്ക്ക് കെഎസ‌്‌യുക്കാരാൽ കുത്തേൽക്കുന്ന രാഷ്ട്രീയചരിത്രംമുതൽ അഭിമന്യു കുത്തേറ്റ് കൊല്ലപ്പെടുന്നതുവരെ പുസ്തകത്തിലുണ്ട്.
ക്യാമ്പസ് രാഷ്ട്രീയം നിരോധിച്ച ഏറെ സങ്കീർണമായ സമയത്താണ് അഭിമന്യു ക്യാമ്പസിലെത്തിയത്. ദരിദ്രകുടുംബത്തിൽനിന്നും അസാമാന്യ സംഘടനാപാടവത്തിലേക്ക് ഉയർന്ന അഭിമന്യു ക്യാമ്പസിന്റെ ഓർമപ്പെടുത്തലാണ്. ഇത് യുവത്വം ഏറ്റെടുക്കണം. എതിരാളിയുടെ വെടിയുണ്ട വരുമ്പോൾ മുന്നിൽനിൽക്കുന്ന സഖാവിനെ പിന്നിലേക്ക് മാറ്റി വെടിയുണ്ട നെഞ്ചിൽ ഏറ്റുവാങ്ങുന്നവരാണ് കമ്യൂണിസ്റ്റുകാർ. ആ നിലയിൽ ഉരുകിത്തിളയ്ക്കുന്ന യൗവനമായിരുന്നു അഭിമന്യൂവിന്റേത്’ എന്ന് ബ്രിട്ടോ കുറിക്കുന്നു.
സാധാരണ കലാലയങ്ങളെപ്പോലെ അഭിമന്യുവിന് പ്രണയമില്ല. മനസ്സ‌് നിറയെ പോരാട്ടമാണ്. എല്ലാവരേയും അഭിമന്യു സ്നേഹിക്കുന്നു, എല്ലാവരും അഭിമന്യുവിനെയും. ഈ അസാധാരണമായ സംവാദനശേഷിയാണ് ആ പോരാളിക്കുണ്ടായിരുന്നതെന്ന് ബ്രിട്ടോ പറയുന്നു. ഇതാണ് മതതീവ്രാദികളുടെ കണ്ണിൽ കരടായിമാറിയതെന്നും പുസ്തകത്തിൽ പറയുന്നു.
ഒല്ലൂർ അഞ്ചേരി ആയുർധാരയിലെ ചികിത്സയ‌്ക്കിടെ കഴിഞ്ഞ ഒക്ടോബറിൽ ഈ പുസ്തകത്തിന്റെ രചന പൂർത്തിയാക്കി. വീണ്ടും വായിക്കാനും നന്നാക്കാനുമായുള്ള ശ്രമം തുടരുകയാണ്. എന്നാൽ, പ്രസിദ്ധീകരിക്കുംമുമ്പേ ബ്രിട്ടോ മരണത്തിന് കീഴങ്ങി. ക്യാമ്പസ‌് ഫ്രണ്ട‌് മുസ്ലിം മതതീവ്രവാദികൾ അതിദാരുണമായി കൊലപ്പെടുത്തിയ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ പോരാട്ടജീവിതം ആസ്പദമാക്കിയുള്ള ‘പത്മവ്യൂഹത്തിലെ അഭിമന്യു' എന്ന സിനിമയിലും സൈമൺബ്രിട്ടോ വെള്ളിത്തിരയിൽ എത്തുന്നുണ്ട്. ഒല്ലൂർ അഞ്ചേരി ആയുർധാരയിൽ ചികിത്സയിൽകഴിയുമ്പോൾ ബ്രിട്ടോയുമായി സംവിധായകൻ വിനീഷ് ആരാധ്യ ചർച്ചകൾ നടത്തിയിരുന്നു. ഈ സിനിമയുടെ സ്വിച്ച് ഓൺ തൃശൂർ കേരളവർമ കോളേജിൽ സൈമൺ ബ്രിട്ടോയാണ് നിർവഹിച്ചത്.
from Kerala || Deshabhimani Online News http://bit.ly/2CLlSdj
via IFTTT
No comments:
Post a Comment