തിരുവനന്തപുരം > ആരാധനയ്ക്കുള്ള സ്ത്രീകളുടെ തുല്യാവകാശം ഉയർത്തിപ്പിടിച്ചുകൊണ്ട് ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ, വർഗ്ഗീയധ്രുവീകരണത്തിനുള്ള സുവർണ്ണാവസരമായി ഉപയോഗിക്കാൻ വർഗീയവാദികൾ അരയും തലയും മുറുക്കി ഇറങ്ങിയെന്ന് മന്ത്രി തോമസ് ഐസക്ക്. അതുകൊണ്ടുതന്നെ "മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നാണ്'' എന്ന ശ്രീനാരായണഗുരുദർശനം ഏറ്റവും പ്രസക്തമായ കാലമാണിത്.
ഗുരു വിഭാവന ചെയ്ത “മനുഷ്യജാതി”യിലുള്ളവരായി നവോത്ഥാനം മലയാളികളെ പുനഃസൃഷ്ടിച്ചു. മനുഷ്യനെ നവീകരിക്കുന്നതിനൊപ്പം നവോത്ഥാനം കേരളത്തിനെ ആധുനീകരിക്കുന്നതിനും മുതിർന്നു. അതുകൊണ്ടാണ് മഹാകവിയായ കുമാരനാശാനെക്കൊണ്ട് നാരായണഗുരു ഓട്ടുകമ്പനി തുടങ്ങിച്ചത്. മനുഷ്യർക്ക് വൃത്തിയും ആരോഗ്യവും ഉണ്ടാവാനാണ് ഗുരു ശിഷ്യനായ സി ആർ കേശവൻ വൈദ്യരെ കൊണ്ട് സോപ്പു കമ്പനി തുടങ്ങിച്ചത്.
അമ്പലങ്ങളല്ല ഇനി പള്ളിക്കൂടങ്ങളും വ്യവസായങ്ങളുമാണ് വേണ്ടതെന്ന് ഗുരു പറഞ്ഞു. അയ്യൻകാളിയും ചാവറയച്ചനും മന്നത്ത് പത്മനാഭനും മക്തി തങ്ങളും ഒക്കെ വിദ്യാലയ നിർമിതിക്കായി പുറപ്പെട്ടതും ഈ സാഹചര്യത്തിലാണ്. അത്തരം മുൻകൈകളുടെ അടുത്തഘട്ടമാണ് നവകേരള സൃഷ്ടിക്കായി മുന്നിട്ടിറങ്ങുമ്പോൾ നമ്മുടെ മനസിലുണ്ടാകേണ്ടിയിരുന്നത്.
എന്നാൽ, പ്രളയം അതിജീവിക്കാൻ രൂപപ്പെട്ട ജനകീയ ഐക്യം തകർക്കാനുള്ള നിക്ഷിപ്ത താൽപ്പര്യക്കാരുടെ ശ്രമമാണ് നാം പിന്നീടു കണ്ടത്. തെരുവിൽ അഴിച്ചുവിട്ട അക്രമപരമ്പരയിലൂടെ കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെയാകെ അട്ടിമറിക്കാമെന്നായിരുന്നു അവരുടെ വ്യാമോഹം. അതേസമയം, നവോത്ഥാന ആശയങ്ങളെയും പ്രവർത്തനങ്ങളെയും മുന്നോട്ടു കൊണ്ടുപോകുന്നതിൽ നമുക്കുണ്ടായിരുന്ന അലംഭാവവും ദൗർബല്യവും വെളിപ്പെട്ട അവസരം കൂടിയായിരുന്നു ഇത്.
തീക്ഷ്ണമായ ആശയസംവാദവും സംഘർഷവുമാണ് സുപ്രിംകോടതിവിധിയെ തുടർന്ന് കേരളം കണ്ടത്. നവോത്ഥാനമൂല്യങ്ങളിൽ അടിയുറച്ചു നിൽക്കുമെന്നു പ്രതിജ്ഞ ചെയ്തുകൊണ്ടുള്ള മഹാമുന്നേറ്റത്തിലേക്കാണ് ആ സംവാദം വളർന്നത്. വനിതകളുടെ മുന്നേറ്റത്തിനുള്ള സാഹചര്യമായി അവരിത് ഉപയോഗിച്ചുവെന്നും മന്ത്രി പറഞ്ഞു.
നരനു നരനശുദ്ധവസ്തുപോലും/ ധരയിൽ നടപ്പതു തീണ്ടലാണുപോലും/ നരകം ഇവിടമാണ് ഹന്ത കഷ്ടം/ ഹര ഹര ഇങ്ങനെ വല്ല നാടുവേറെയുണ്ടോ എന്ന് പഴയകേരളത്തെ നോക്കി കുമാരനാശാൻ നടത്തിയ വിലാപം നാം മറന്നിട്ടില്ല. ഈ ശുദ്ധാശുദ്ധ സങ്കൽപ്പത്തെ നല്ലൊരളവ് തുടച്ചു നീക്കിയാണ് നവോത്ഥാനകേരളം വികസിച്ചത്. കേരള നവോത്ഥാനത്തിന്റെ മഹാകവിയാണ് കുമാരനാശാൻ. ആശാന്റെ എക്കാലത്തെയും മഹത്തായ കൃതിയായ ചിന്താവിഷ്ടയായ സീത പ്രസിദ്ധീകരിച്ചതിന്റെ നൂറാം വാർഷികമാണിത്. ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ മലയാള സാഹിത്യകാരന്, ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ സ്ഥാപക സെക്രട്ടറിയ്ക്ക്, മിടുക്കനായ വ്യവസായിക്ക്, ഉന്നതശീർഷനായ പത്രാധിപർക്ക് ചിന്താവിഷ്ടയായ സീതയുടെ നൂറാം വാർഷികത്തിൽ അഭിവാദ്യം അർപ്പിക്കുന്നു.
“ശരി! പാവയോ ഇവൾ!” എന്ന് ആശാന്റ സീത രാമനോട് ചോദിച്ചതിന്റെ നൂറാം വാർഷികത്തിലാണ് ‘’തങ്ങൾ അശുദ്ധകളല്ല’’ എന്നു പ്രഖ്യാപിക്കാൻ കേരളത്തിലെ ലക്ഷോപലക്ഷം സ്ത്രീകൾ തെരുവിലിറങ്ങിയത്. അവർ തീർത്ത പ്രതിരോധത്തിന്റെ വന്മതിൽ തങ്ങൾ പാവകളല്ല എന്ന ധീരമായ പ്രഖ്യാപനമായിരുന്നു.
മതനിരപേക്ഷതയുടെയും പുരോഗമന ചിന്താഗതിയുടെയും ഊർജം പ്രസരിക്കുന്ന ഭൂമിയായി കേരളം തുടരുമെന്ന പ്രഖ്യാപനമായിരുന്നു വനിതാമതിൽ. ആശാന്റെ സീത പറയുന്നതുപോലെ, “എൻ മനവും ചേതനയും വഴങ്ങിടാ” എന്നു പ്രഖ്യാപിച്ച ആ മതിൽ ലോകത്തിനു മുന്നിൽ മലയാളിയുടെ ആത്മാഭിമാനം വാനോളമുയർത്തി. അതിന്റെ തുടർച്ചയായി തുല്യതയുടെയും നീതിബോധത്തിന്റെയും കാര്യത്തിൽ കൂടുതൽ പ്രബുദ്ധമായ ഒരു സമൂഹനിർമ്മിതിയ്ക്കു വേണ്ടിയുള്ള സംഭാവന കൂടിയാകണം ഈ ബജറ്റ് എന്ന് ആഗ്രഹിക്കുന്നതായും മന്ത്രി പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2BeoYoG
via IFTTT
No comments:
Post a Comment