കൊച്ചി
ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച സുപ്രീംകോടതിവിധിയാണ‌് രാജ്യത്ത‌് ഭരണഘടന, ലിംഗസമത്വം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ സജീവമാക്കിയതെന്ന‌് സംസ്ഥാന വനിതാകമീഷൻ അധ്യക്ഷ എം സി ജോസഫൈൻ പറഞ്ഞു. മൗലികാവകാശങ്ങളെക്കുറിച്ച‌് പറഞ്ഞാൽ സ‌്ത്രീകളെ ഒറ്റപ്പെടുത്തുന്ന സ്ഥിതിയാണെന്നും വനിതാകമീഷൻ സംഘടിപ്പിച്ച ഭരണഘടനാ സെമിനാർ ഉദ‌്ഘാടനംചെയ്യവെ അവർ പറഞ്ഞു.
സമകാലീന സാഹചര്യങ്ങൾ മുൻനിർത്തിയാണ് ഭരണഘടനാചർച്ച അനിവാര്യമാകുന്നത‌്. 60 വർഷമായി ലിംഗസമത്വത്തെക്കുറിച്ച‌് പരിമിതമായിട്ടാണെങ്കിലും കേരളത്തിൽ ചർച്ച നടന്നിരുന്നു. എന്നാൽ, ദേശീയതലത്തിൽ അതുണ്ടായില്ല. സുപ്രീംകോടതിവിധിയോടെ പുതിയ ചർച്ചകൾക്ക‌് തുടക്കമിടാനായി. ഏതു സ്ത്രീസൗഹാർദ്ദവിധി വരുമ്പോഴും ചില എതിർശബ്ദങ്ങളുണ്ടാകും.- ഇവയെ ആൺശബ്ദങ്ങൾ എന്നുവിളിക്കാനാണ് ഇഷ്ടപ്പെടുന്നത‌്. സുപ്രീംകോടതിവിധി പൊതുസമൂഹം എങ്ങനെയാണ‌് ഉൾക്കൊണ്ടതെന്ന‌് വിശകലനം ചെയ്യണം.
വിധിക്കുശേഷം സ‌്ത്രീവിരുദ്ധചിന്തകളുമുയർന്നത‌് കേരളം ഗൗരവമായി കാണണം. മനുസ‌്മൃതിയല്ല, ഭരണഘടനയാണ‌് ഇന്ത്യയുടെ വിശുദ്ധഗ്രന്ഥം. ഭരണഘടന നൽകുന്ന തുല്യത, ലിംഗസമത്വം എന്നിവയെക്കുറിച്ച‌് സംവാദം തുടരണമെന്നും ജോസഫൈൻ പറഞ്ഞു.ഇന്ത്യൻ ഭരണഘടനയുടെ അടിത്തറ മതേതരസ്വഭാവമുള്ളതാണെന്നും അത‌് തകർക്കാനുള്ള ശ്രമങ്ങളാണ‌് നടക്കുന്നതെന്നും മുഖ്യപ്രഭാഷണം നടത്തിയ അഡ്വ. തോമസ‌് എബ്രഹാം പറഞ്ഞു. ഭരണഘടനയെ മാറ്റിമറിക്കാനുള്ള നീക്കം രാജ്യത്തിന്റെ അടിസ്ഥാനസ്വഭാവം മാറ്റാനുള്ള ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു. എകെജിസിടിയുടെയും മഹാരാജാസ‌് കോളേജ‌് മാതൃകം യൂണിറ്റിന്റെയും സഹകരണത്തോടെയാണ‌് സെമിനാറും സംഘടിപ്പിച്ചത‌്.
എകെജിസിടി സംസ്ഥാന വനിതാ സബ്കമ്മിറ്റി കൺവീനർ ഡോ. സുമി ജോയി ഒലിയപ്പുറം അധ്യക്ഷയായി. എകെജിസിടി ജില്ലാ വനിതാ സബ്കമ്മിറ്റി കൺവീനർ ഡോ. ടി എം സ്മിത, വനിതാ കമീഷൻ അംഗങ്ങളായ ഇ എം രാധ, അഡ്വ. ഷിജി ശിവജി, എകെജിസിടി ജില്ലാ പ്രസിഡന്റ‌് ഡോ. ഷജിലാ ബീവി, ഡോ. കെ പ്രകാശൻ, കോളേജ് യൂണിയൻ വൈസ‌് ചെയർപേഴ‌്സൺ കെ ബി ശിൽപ്പ, വി ജി ദിവ്യ, ഡോ. ടി വി സുജ എന്നിവർ സംസാരിച്ചു. തുടർന്ന‌് അധ്യാപകരും വിദ്യാർഥികളും പങ്കെടുത്ത സംവാദവും നടന്നു.
from Kerala || Deshabhimani Online News http://bit.ly/2CQwCFS
via IFTTT
No comments:
Post a Comment