കൊച്ചി>സർഫാസി നിയമപ്രകാരം സംസ്ഥാനത്തുണ്ടായ അവസ്ഥാവിശേഷങ്ങൾ പഠിക്കാനായി രൂപീകരിച്ച നിയമസഭാ അഡ്‌ഹോക്ക് കമ്മിറ്റി ആറുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന‌് ചെയർമാൻ എസ‌് ശർമ്മ പറഞ്ഞു. സർഫാസി നിയമപ്രകാരം നടപടികൾ നേരിടുന്ന പ്രീത ഷാജിയുടെ വീട് സന്ദർശനത്തിനു ശേഷം മാധ്യമപ്രവർത്തകരോട‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ ജില്ലകളിൽ തെളിവെടുപ്പ് നടത്തിയ ശേഷം സർഫാസി നിയമത്തിന്റെ സാമൂഹ്യ-സാമ്പത്തിക-നിയമപ്രശ്‌നങ്ങൾ കണക്കിലെടുത്തായിരിക്കും റിപ്പോർട്ട് നൽകുകയെന്നും എസ് ശർമ പറഞ്ഞു. പാർലമെന്റ് പാസാക്കിയ സർഫാസി നിയമത്തിന്റെ മറവിൽ വളരെയധികം പേർ കിടപ്പാടം നഷ്ടപ്പെട്ട് ഇരകളായിത്തീരുന്നു. അവരുടെ ദുരിതങ്ങൾ മാധ്യമങ്ങൾ മുഖേന പുറത്തുവരുന്നുണ്ട്. ഇതിന് ഉത്തരവാദികൾ ആയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കമ്മിറ്റി നടത്തുന്ന പഠനത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിയൽ എസ്‌റ്റേറ്റ് മാഫിയ - ഉദ്യോഗസ്ഥ ബന്ധം പുറത്തുകൊണ്ടുവരിക, സർഫാസി നിയമപ്രകാരം നടപടികൾ നേരിടുന്നവർക്ക് സംരക്ഷണം നൽകുക തുടങ്ങിയ വിഷയങ്ങളും കമ്മിറ്റി പരിഗണിക്കും. വിശദമായ പഠനത്തിനുശേഷമായിരിക്കും സർക്കാരിന് ശുപാർശകൾ സമർപ്പിക്കുക.
ചൊവ്വാഴ‌്ച രാവിലെ 10.30നാണ‌് ശർമ്മയുടെ നേതൃത്വത്തിൽ എംഎൽഎമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം പ്രീത ഷാജി കുടിൽകെട്ടി താമസിക്കുന്ന പത്തടിപ്പാലത്ത‌് എത്തിയത‌്. കേസിൽ പരാമർശമുള്ള വീട്ടിൽ പ്രവേശിക്കരുതെന്ന‌് കോടതി പറഞ്ഞിട്ടുള്ളതിനാൽ അതിന‌് സമീപത്തെ പറമ്പിൽ കുടിൽ കെട്ടിയാണ‌് പ്രീത ഷാജിയും കുടുംബവും താമസിക്കുന്നത‌്.
എംഎൽഎമാരായ ഇ എസ് ബിജിമോൾ, ജെയിംസ് മാത്യു, എ പ്രദീപ് കുമാർ, സി കെ ശശീന്ദ്രൻ, വി ഡി സതീശൻ, എം ഉമ്മർ, എസ് ശർമ എന്നിവരടങ്ങുന്ന സംഘം രാവിലെ 10 30 ഓടെ പ്രീത ഷാജിയുടെ വീട് സന്ദർശിച്ചു. സർഫാസി നിയമം മൂലം നടപടി നേരിടുന്ന പ്രീത ഷാജി അടക്കമുള്ള വ്യക്തികൾ പ്രശ്‌നങ്ങൾ സമിതിക്ക് മുമ്പാകെ അവതരിപ്പിച്ചു.
സുഹൃത്തിന് രണ്ടു ലക്ഷം രൂപയ്ക്ക് വായ്പ എടുക്കാൻ ജാമ്യം നിന്നതിനെ തുടർന്നാണ് പതിനെട്ടര സെന്റ് സ്ഥലവും കിടപ്പാടവും പ്രീത ഷാജിക്ക് നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായത്. വായ്പയിൽ ഒരുലക്ഷം രൂപ തിരിച്ചടച്ചെങ്കിലും രണ്ട‌് കോടി എഴുപതുലക്ഷം രൂപ കുടിശ്ശിക ആണെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് അവകാശപ്പെടുന്നു. ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിനെ കൂട്ടുപിടിച്ച് ഉദ്യോഗസ്ഥരും റിയൽ എസ്‌റ്റേറ്റുകാരും കൊള്ളലാഭം നേടുകയാണെന്ന‌് പ്രീത ഷാജി പരാതിയിൽ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2RTrfPE
via IFTTT
No comments:
Post a Comment