കോട്ടയം
വേൾഡ് മലയാളി ഓർഗനൈസേഷന്റെ ഈ വർഷത്തെ മഹാത്മാഗാന്ധി ഗോൾഡ് മെഡൽ പുരസ്കാരം ‘അഭയം' ചാരിറ്റബിൾ സൊസൈറ്റി ഉപദേശകസമിതി ചെയർമാനും മുൻ എംഎൽഎയുമായ വി എൻ വാസവനും ‘തീരം' എന്ന ജീവകാരുണ്യ പ്രസ്ഥാനത്തിന് നേതൃത്വം നൽകുന്ന ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലീത്തയും അർഹരായെന്ന‌് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 'കാരുണ്യഭവനം' (ബെയ്ത്തു റഹ്മ) എന്ന സൊസൈറ്റിക്ക് നേതൃത്വം നൽകുന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രത്യേക പുരസ്കാരത്തിനും അർഹനായി.
തിങ്കളാഴ‌്ച വൈകിട്ട് അഞ്ചിന് കോട്ടയം തിരുനക്കര മൈതാനിയിൽ നടക്കുന്ന സമ്മേളനത്തിൽ മന്ത്രി ഇ പി ജയരാജൻ പുരസ്കാരം വിതരണം ചെയ്യും.
ജിവകാരുണ്യ മേഖലയിലെ മികച്ച സംഭാവന കണക്കിലെടുത്താണ് പുരസ്കാരമെന്ന് ഭാരവാഹികൾ അറിയിച്ചു. എംജി സർവകലാശാല മുൻ വൈസ‌് ചാൻസലർ ഡോ. സിറിയക‌് തോമസ‌്, ശാന്തിഗിരി മഠാധിപതി സ്വാമി ഗുരുരത്നം ജഞാനതപസ്വി, ചലച്ചിത്ര സംവിധായകൻ ജയരാജ‌് എന്നിവരായിരുന്നു വിധികർത്താക്കൾ.
സമ്മേളനത്തിൽ വ്യത്യസ‌്ത മേഖലകളിൽ മികച്ചസംഭാവനകൾ നൽകിയ പ്രവാസി മലയാളികൾ അടക്കമുള്ളവരെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ആദരിക്കും. തിരുവഞ്ചൂർ രാധാകൃഷ‌്ണൻ എംഎൽഎ സഹായധനം വിതരണം ചെയ്യും. സമ്മേളനാനന്തരം 7.30 മുതൽ പ്രശസ്ത ചലച്ചിത്രതാരം കലാഭവൻ ഷാജോൺ നയിക്കുന്ന കോമഡി നൈറ്റും ‘മിന്നും താരം–-2019' മെഗാഷോയും അരങ്ങേറും.
വേൾഡ് മലയാളി ഓർഗനൈസേഷൻ ഭാരവാഹികളായ സാബു മുരിക്കവേലി, ഡോ. ജോർജ് എബ്രാഹം, അഡ്വ. എം എസ് രാജഗോപാൽ, അസീസ് കുമാരനല്ലൂർ, പുന്നൂസ് കെ പീറ്റർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
from Kerala || Deshabhimani Online News http://bit.ly/2DBVH9n
via IFTTT
No comments:
Post a Comment