കൊച്ചി
ടൂറിസം മേഖലയ്ക്ക് ഹരംപകർന്ന് മുസിരിസ് പാഡിലിന് കൊച്ചിയിൽ സമാപനം. പുഴയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുക, ജല സാഹസിക കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ കോഴിക്കോട് ആസ്ഥാനമായ ജെല്ലിഫിഷ് വാട്ടർ സ്പോർട്സ് ക്ലബ്ബും മുസിരിസ് ഹെറിറ്റേജ് പ്രോജക്ട‌് ലിമിറ്റഡും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
പുഴയെ അറിയാനും തുഴയെറിയാനുമായി നടത്തിയ ദീർഘദൂര കയാക്കിങ്, സ്റ്റാൻഡപ് പാഡിലിങ്, സെയിലിങ് യാത്രയിൽ രാജ്യത്തുനിന്നും വിദേശത്തുനിന്നുമായി നൂറോളം പേർ പങ്കെടുത്തു. 12 കുട്ടികളും 15 വനിതകളും സംഘത്തിലുണ്ടായിരുന്നു. സ്റ്റാൻഡപ് പാഡിലിൽ ഗംഗാനദി മുഴുവൻ സഞ്ചരിച്ച് ലോക റെക്കോഡ് നേടിയ ശിൽപ്പിക ഗൗതം (ലണ്ടൻ), കായക്കിങ് താരം ജിം ബുഷ് (ഓസ്ട്രേലിയ) എന്നിവരാണ് തുഴയെറിയാനെത്തിയവരിൽ പ്രമുഖർ. മലപ്പുറം കോട്ടയ്ക്കൽ സ്വദേശിയായ അഞ്ചുവയസ്സുകാരൻ നൈജൽ പൂവഞ്ചേരിയാണ് സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ. പ്രായംകൂടിയാൾ 65 കാരനായ കോഴിക്കോട് സ്വദേശി അബ്ദുൾ റഷീദും. രണ്ടുദിവസംകൊണ്ട് 40 കിലോ മീറ്ററാണ് സംഘം യാത്രചെയ്തത്. കൊടുങ്ങല്ലൂരിന് സമീപം കോട്ടപ്പുറം ബോട്ട്ജെട്ടിയിൽനിന്ന് ശനിയാഴ്ച രാവിലെയാണ് യാത്ര ആരംഭിച്ചത്. കോട്ടപ്പുറം, പള്ളിപ്പുറം, കെടാമംഗലം, വൈപ്പിൻ പ്രദേശങ്ങൾ താണ്ടി ഞായറാഴ‌്ച വൈകിട്ട് ബോൾഗാട്ടിയിലെ ഓഷ്യൻ ബ്ലൂ ഇന്റർനാഷനൽ മറീനയിൽ യാത്ര സമാപിച്ചു.
ബോൾഗാട്ടിയിലെ ഓഷ്യൻ ബ്ലൂ ഇന്റർനാഷണൽ മറീനയിൽ നടന്ന സമാപനച്ചടങ്ങ് കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മനേഷ് ഭാസ‌്കർ ഉദ്ഘാടനംചെയ്തു. യാത്രയുടെ ഭാഗമായി സഞ്ചാരികൾ പുഴയിൽനിന്നും മാലിന്യവും ശേഖരിച്ചു.
കോട്ടപ്പുറംമുതൽ ബോൾഗാട്ടിവരെയുള്ള പ്രദേശങ്ങളിലെ വിവിധ സ‌്കൂളുകളിലെ വിദ്യാർഥികൾക്കായി നദീസംരക്ഷണത്തെക്കുറിച്ച് ബോധവൽക്കരണം നൽകി. വിവിധ ജല കായിക വിനോദങ്ങളും പരിചയപ്പെടുത്തി.
from Kerala || Deshabhimani Online News http://bit.ly/2C7J7fI
via IFTTT
No comments:
Post a Comment