കൊച്ചി
പഴയകാലത്തേക്കുള്ള മടങ്ങിപ്പോക്കല്ല കേരളത്തിന്റെ കാർഷിക പ്രശ‌്നങ്ങൾക്കുള്ള പരിഹാരമെന്ന‌് അഖിലേന്ത്യാ കിസാൻസഭാ വൈസ‌് പ്രസിഡന്റ‌് എസ‌് രാമചന്ദ്രൻപിള്ള. ശാസ‌്ത്രീയവും ആധുനികവുമായ കൃഷിരീതികളാണ‌് അവലംബിക്കേണ്ടത‌്. അതിനായി ശാസ‌്ത്ര ഗവേഷണ സ്ഥാപനങ്ങളെ വേണ്ടവിധം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രളയാനന്തര കേരളത്തിലെ കാർഷികമേഖലയുടെ സമ്പൂർണ വീണ്ടെടുപ്പിനുള്ള നയരേഖ തയ്യാറാക്കാൻ കേരള കർഷസംഘം സംഘടിപ്പിച്ച പ്രത്യേക കൺവൻഷൻ ഉദ‌്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
രാസവളത്തിന്റെയും കീടനാശിനിയുടെയും അശാസ‌്ത്രീയ ഉപയോഗത്തിനെതിരെയുള്ള അടിയന്തര പ്രതികരണം മാത്രമാണ‌് ജൈവകൃഷി. അത‌് നിലവിലെ കാർഷികപ്രതിസന്ധിക്ക‌് പരിഹാരമല്ല. ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കാൻ ശാസ‌്ത്ര സാങ്കേതിക വിദ്യകളുടെ സഹായം വേണം.
പ്രളയം നൽകിയ പാഠം ഉൾക്കൊണ്ട‌് പരിസ്ഥിതിയെ ശാസ‌്ത്രീയമായി ഉപയോഗപ്പെടുത്തണം. കാർഷികരംഗത്ത‌് നമുക്ക‌് ഒട്ടേറെ അനുകൂലഘടകങ്ങളുണ്ട‌്. ജൈവവൈവിധ്യത്തിന്റെ നാടാണിത‌്. കാലാവസ്ഥയും അനുഗൃഹീതമാണ‌്. അതിവിപുലമായ സഹകരണപ്രസ്ഥാനവും ശാസ‌്ത്ര, സാങ്കേതിക സ്ഥാപനങ്ങളുമുണ്ട‌്. അധികാരം പരമാവധി താഴേത്തലത്തിലേക്കെത്തിയിട്ടുണ്ട‌്. ഗതാഗത, വ്യാപാര സൗകര്യങ്ങളുമുണ്ട‌്. ഇത്തരം അനുകൂല സാഹചര്യങ്ങൾ ഉപയോഗപ്പെടുത്താനാകണം.
വലിയൊരു ഭാഗം ഭൂമി ഇപ്പോഴും തരിശിട്ടിരിക്കുകയാണ‌്. കാർഷികരംഗത്ത‌് വേണ്ടത്ര മൂലധനനിക്ഷേപം ഉണ്ടാകുന്നില്ല. ശാസ‌്ത്ര, സാങ്കേതിക വിദ്യകൾ വേണ്ടത്ര ഉപയോഗപ്പെടുത്താനും കഴിഞ്ഞിട്ടില്ല. യുവാക്കൾ ഈ മേഖലയിലേക്ക‌് കടന്നുവരുന്നില്ല. കാർഷികോൽപ്പന്നങ്ങൾ ഉപയോഗിച്ചുള്ള വ്യവസായങ്ങളും കുറവാണ‌്.
കാർഷികപരിഷ‌്കരണ നടപടികളുടെ തുടർച്ചയുണ്ടാകണം. സംയോജിതവും വൈവിധ്യപൂർണവുമായ കൃഷിരീതികൾ ഉപയോഗപ്പെടുത്താനാകണം. കാർഷിക ഗവേഷണ സ്ഥാപനങ്ങളും കർഷകരും തമ്മിലുള്ള അകലം കുറയ‌്ക്കണം. വിപുലമായി കൃഷി ചെയ്യുമ്പോഴുണ്ടാകുന്ന ഗുണഫലങ്ങൾ ലഭിക്കാൻ ലാൻഡ‌് ബാങ്ക‌് സംവിധാനം വേണം. തുണ്ടുതുണ്ട‌് ഭൂമിയാകെ ഉപയോഗപ്പെടുത്താൻ ഭൂബാങ്ക‌്, പാട്ടസമ്പ്രദായങ്ങൾ ആവിഷ‌്കരിക്കണം. ഭൂമിയുടെ ഉടമസ്ഥാവകാശം നഷ്ടപ്പെടാതെയുള്ള സംവിധാനം വേണം. കോർപറേറ്റുകൾ ഭൂമി തട്ടിയെടുക്കുന്നതിനെതിരെ കരുതലുണ്ടാകണം. കൃഷി ആസ‌്പദമാക്കിയുള്ള വ്യവസായ വികസനം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കർഷകസംഘം സംസ്ഥാന പ്രസിഡന്റ‌് കോലിയക്കോട‌് കൃഷ‌്ണൻനായർ അധ്യക്ഷനായി.
from Kerala || Deshabhimani Online News http://bit.ly/2C3aM1H
via IFTTT
No comments:
Post a Comment