സീറ്റ‌് ധാരണയായെന്ന കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ‌്താവനയെ തള്ളി യുഡിഎഫ‌് നേതാക്കൾ. പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തലയും എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, മുസ്ലിംലീഗ‌് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ‌് തുടങ്ങിയവരെല്ലാം സീറ്റ‌് വിഭജന ചർച്ച നടന്നില്ലെന്ന‌് പറഞ്ഞു. ഇതോടെ മുല്ലപ്പള്ളി യുഡിഎഫിൽ ഒറ്റപ്പെട്ടനിലയിലായി. യുഡിഎഫിൽ സീറ്റ‌് ധാരണയായെന്നും കോൺഗ്രസിൽ ആരൊക്കെ മത്സരിക്കുമെന്ന‌് ഏകദേശ തീരുമാനമായെന്നുമാണ‌് മുല്ലപ്പള്ളി കഴിഞ്ഞദിവസം പ്രതികരിച്ചത‌്. ഉഭയകക്ഷി ചർച്ച പോലും നടക്കുന്നതിനുമുമ്പ‌് നടത്തിയ ഈ പ്രതികരണം ഘടക കക്ഷികളെ വെട്ടിലാക്കിയിരുന്നു. ചർച്ചയിൽ ഒരു സീറ്റ‌് കൂടുതൽ ആവശ്യപ്പെട്ടിട്ടും കോൺഗ്രസ‌് വിട്ടുനൽകിയില്ലെന്ന‌് വരുത്താനായിരുന്നു ലീഗ‌് നേതൃത്വത്തിന്റെ നീക്കം.
സമസ‌്ത ഉൾപ്പെടെയുളള സംഘടനകൾ ഒരു സീറ്റ‌് കൂടി ആവശ്യപ്പെടണമെന്ന‌് ലീഗിനോട‌് നിർദേശിച്ച സാഹചര്യത്തിൽ അണികളെയും പ്രവർത്തകരെയും തൃപ‌്തിപ്പെടുത്താനായിരുന്നു ഇത‌്. മുല്ലപ്പള്ളിയുടെ പ്രസ‌്താവനയോടെ അത‌് പൊളിഞ്ഞു. സമാന അവസ്ഥയിലാണ‌് കേരള കോൺഗ്രസും. ഇടുക്കിക്കു വേണ്ടി സമ്മർദം ചെലുത്തിയെന്ന‌് പി ജെ ജോസഫിനെ ബോധിപ്പിക്കാനായിരുന്നു ഉഭയകക്ഷി ചർച്ച ആവശ്യപ്പെട്ടത‌്. അതിനിടെയാണ‌് ഇടുക്കിയിലോ കോട്ടയത്തോ ഉമ്മൻചാണ്ടി മത്സരിക്കുമെന്ന‌് സൂചിപ്പിച്ചത‌്. അതോടെ മാണിയും വെട്ടിലായി.
ഈ പ്രതിസന്ധി മറികടക്കാനാണ‌് സീറ്റ‌് ധാരണയായില്ലെന്ന‌് പരസ്യമായി പ്രതികരിച്ച‌് മുല്ലപ്പള്ളിയെ മറ്റു നേതാക്കൾ തള്ളിയത‌്. ഇത‌് മുല്ലപ്പള്ളിക്ക‌് ക്ഷീണവുമായി. അതിനിടെ, ഉമ്മൻചാണ്ടി സ്വന്തം കാര്യത്തിൽ മലക്കംമറിഞ്ഞു. ഹൈക്കമാൻഡ‌് ആവശ്യപ്പെടുകയാണെങ്കിൽ മത്സരിക്കുന്ന കാര്യം ആലോചിക്കുമെന്നാണ‌് ഒടുവിലത്തെ പ്രതികരണം.
മത്സരിക്കുന്നത‌് സാഹസം: ചെന്നിത്തല
ലോക‌്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയെന്ന സാഹസത്തിനില്ലെന്ന‌് പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തല. യുഡിഎഫിലോ കോൺഗ്രസിലോ ലോക‌്സഭാ സ്ഥാനാർഥികളെക്കുറിച്ച‌് ചർച്ച തുടങ്ങിയിട്ടില്ല. മറിച്ചുള്ള പ്രചാരണങ്ങൾ നുണയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊല്ലത്ത‌് ആർഎസ‌്പി സ്ഥാനാർഥിയെ പ്രഖ്യാപിച്ചത‌് കോൺഗ്രസിന്റെ അറിവോടെയാണ‌്.
ബുധനാഴ‌്ച നടന്ന സെക്രട്ടറിയറ്റ‌് ഉപരോധത്തിൽ സ‌്ത്രീവിരുദ്ധ പരാമർശം നടത്തി എന്ന ആരോപണം ശരിയല്ല. നാടൻ ശൈലിയിൽ കാര്യങ്ങൾ അവതരിപ്പിക്കുക മാത്രമാണ‌് ചെയ‌്തത‌്. കെ സുധാകരൻ കണ്ണൂരിൽ സ‌്ത്രീവിരുദ്ധ പരാമർശം നടത്തിയതിനെക്കുറിച്ച‌് അറിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2RO2Pbo
via IFTTT
No comments:
Post a Comment