കൊച്ചി > എറണാകുളം ജില്ലയിൽ ലോക‌്സഭാ തെരഞ്ഞെടുപ്പ‌് പ്രവർത്തനങ്ങളുടെ മുന്നൊരുക്കമായി സിപിഐ എം ജില്ലാ കമ്മിറ്റിയും ഇഎംഎസ് പഠന ഗവേഷണ കേന്ദ്രവും ചേർന്ന‌് ശനി, ഞായർ ദിവസങ്ങളിൽ കലൂർ റിന്യൂവൽ സെന്ററിൽ ജനകീയ ഉച്ചകോടി സംഘടിപ്പിക്കും. ശനിയാഴ‌്ച രാവിലെ ഒമ്പതിന‌് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ‌്ഘാടനം ചെയ്യും.
പകൽ രണ്ടിന‌് ‘ഇന്ത്യയിൽ ദളിതർക്ക‌് എതിരായ പീഡനത്തിന്റെ അന്തർധാര’ എന്ന വിഷയം ഡോ. മീര വേലായുധൻ അവതരിപ്പിക്കും.
തുടർന്ന‌് ‘ദേശീയത–-വർഗീയത–- കേരള സമൂഹം’ എന്ന വിഷയം സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി അവതരിപ്പിക്കും. ‘ഇന്ത്യൻ കാർഷിക സമ്പദ്ഘടനയിലെ പ്രതിസന്ധി –- ചെറുത്ത് നിൽപ്പ്’ എന്ന വിഷയം ഞായറാഴ്ച രാവിലെ പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ളയും ‘നവലിബറൽ നയങ്ങളും ഇന്ത്യൻ തൊഴിലാളി വർഗവും’ എന്ന വിഷയം പകൽ രണ്ടിന് സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി തപൻ സെന്നും അവതരിപ്പിക്കും.
വൈകിട്ട് അഞ്ചിന‌് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽനിന്ന‌് തെരഞ്ഞെടുത്ത 1000 പ്രതിനിധികൾ ജനകീയ ഉച്ചകോടിയിൽ പങ്കെടുക്കും.
ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലും സംഘടന, രാഷ‌്ട്രീയ, പ്രചാരണ പരിപാടികൾക്ക‌് ഉച്ചകോടി രൂപംനൽകുമെന്ന‌് ജില്ലാ സെക്രട്ടറി സി എൻ മോഹനൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രളയകാലത്തടക്കം കേരളത്തെ ശ്വാസംമുട്ടിക്കുന്ന സമീപനമാണ‌് കേന്ദ്രസർക്കാരും ബിജെപിയും സ്വീകരിച്ചത‌്. ശബരിമല സുപ്രീംകോടതി വിധി മുതലെടുത്ത‌് ജനങ്ങളെ ജാതീയമായി വിഭജിക്കാനും ബിജെപി ശ്രമം തുടരുന്നു. കോൺഗ്രസിന‌് ഇവരെ സഹായിക്കുന്ന നിലപാടാണ‌്. ഈ പ്രതിസന്ധി മറികടന്ന‌് ജനകീയ ഐക്യ പ്രവർത്തനങ്ങൾക്കും ഉച്ചകോടി രൂപംനൽകുമെന്നും- സി എൻ മോഹനൻ പറഞ്ഞു.
സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ‌്മണി, ഇ എം എസ‌് പഠന ഗവേഷണ കേന്ദ്രം ഡയറക‌്ടർ സി ബി ദേവദർശനൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
from Kerala || Deshabhimani Online News http://bit.ly/2U9nUcO
via IFTTT
No comments:
Post a Comment