സ്വന്തം ലേഖിക
സംസ്ഥാനത്തിന്റെ തനത‌് ചികിത്സാരീതികളെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തുകയെന്ന ലക്ഷ്യവുമായി അന്താരാഷ്ട്ര ആയുഷ‌് കോൺക്ലേവ‌് സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ ആയുഷ് വകുപ്പിനുകീഴിലുള്ള ആയുർവേദ, യോഗ, നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി വിഭാഗങ്ങളെ ഉൾപ്പെടുത്തി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ‌് കോൺക്ലേവ്.
ആയുഷ് ചികിത്സാ സമ്പ്രദായങ്ങളുടെ ശാസ്ത്രീയ അടിത്തറ വിപുലപ്പെടുത്താനും വെൽനെസ് ടൂറിസം മേഖലയിൽ സംസ്ഥാനത്തിന്റെ സ്ഥാനം ഉറപ്പിക്കാനുമാണ‌് കോൺക്ലേവെന്ന‌് മന്ത്രി കെ കെ ശൈലജ വാർത്താസമ്മേളനത്തിൽപറഞ്ഞു. പൊതുജനാരോഗ്യമേഖലയിൽ ആയുഷ് വിഭാഗങ്ങളുടെ ശക്തിയും സാധ്യതകളും എന്ന വിഷയത്തിൽ അന്താരാഷ്ട്ര സെമിനാർ, ചികിത്സാരീതിയിലെ അനുഭവസ്ഥരെ പങ്കെടുപ്പിച്ച് ആയുഷ് ഐക്യദാർഢ്യസമ്മേളനം, ഔഷധസസ്യ കർഷകരുടെ സംഗമം എന്നിവ നടക്കും ആയുഷ് പ്രദർശനം, ആയുർവേദ ഔഷധ നയം സംബന്ധിച്ച ശിൽപശാല, ടൂറിസം ശിൽപശാല, ബിസിനസ് മീറ്റ്, ആയുഷ് സ്റ്റാർട്ട് അപ് കോൺക്ലേവ്, തദ്ദേശഭരണ തലവന്മാരുടെ സംഗമം, ആരോഗ്യ ഭക്ഷണമേള എന്നിവയുമുണ്ടാകും. വിദ്യാർഥി സംഗമം, ആയുഷ് വിഭാഗങ്ങളിലേക്ക് ആശാ വർക്കർമാരുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താനുള്ള ആലോചനായോഗങ്ങൾ, ഔഷധസസ്യപ്രചാരണം, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, പ്രഭാഷണങ്ങൾ, സ്‌കൂൾ–-കോളേജ് വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ എന്നിവ സംസ്ഥാനത്തുടനീളം നടത്തും.
ഫെബ്രുവരി 15 മുതൽ 18 വരെ തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന കോൺക്ലേവിൽ 2000 പ്രതിനിധികൾ, 500 പ്രത്യേക ക്ഷണിതാക്കൾ, ഗവേഷകർ, 200 വ്യവസായ വിദഗ‌്ധർ, 50 സർക്കാർ/സ്വയംഭരണ ഏജൻസികൾ, പ്രവാസി ഇന്ത്യക്കാർ ഉൾപ്പെടെ 35 വിദേശരാജ്യങ്ങളിൽനിന്നുള്ള 200 പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ആയുഷ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ കോബ്രഗെഡെ, ഭാരതീയ ചികിത്സാവിഭാഗം മേധാവി ഡോ. അനിത ജേക്കബ്, ഹോമിയോപ്പതി ഡയറക്ടർ ഡോ. ജമുന, ആയുഷ് വിദ്യാഭ്യാസ ഡയറക്ടർ ഡോ. ഉഷകുമാരി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
from Kerala || Deshabhimani Online News http://bit.ly/2Hsvi1B
via IFTTT
No comments:
Post a Comment