കൊച്ചി> എറണാകുളം ബിജെപിയില്‍ തര്‍ക്കവും ഭിന്നതയും മുറുകുന്നു. യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിനു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് രാജി പ്രഖ്യാപിച്ചു. ഫേസ് ബുക്കിലൂടെ രാജിവിവരം അറിയിച്ച ദിനിൽ ദിനേശ് ഉള്ളിലെ കലാപം പൊതുച്ചര്‍ച്ചയാക്കി.
യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി നിയമനമാണ് ദിനിലിന്റെ രാജിയ്ക്കിടയാക്കിയത്. ജില്ലാ ജനറൽ സെക്രട്ടറിയായി അരുൺ കോടനാടിനെ ജില്ലാ പ്രസിഡന്റ് നോമിനേറ്റ് ചെയ്തിരുന്നു. സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിന്റെ അനുമതിയോടെയാണിതെന്നു പറയുന്നു. എന്നാല്‍ ബിജെപി ജില്ലാ നേതൃത്വത്തിന് ഈ നിയമനം സ്വീകാര്യമായില്ല. അരുണിനെ മാറ്റാന്‍ ബിജെപി ജില്ലാ പ്രസിഡന്റ് എൻ.കെ. മോഹൻദാസ് ദിനിലിനു നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് ജില്ലാ പ്രസിഡന്റ് രാജിവെച്ചത്.
ഫേസ് ബുക്കില്‍ രാജി പ്രഖ്യാപനം പോസ്റ്റ് ചെയ്ത ദിനിലിനെ പിന്തുണച്ചും "കടല്‍കിഴവന്മാരായ" ജില്ല നേതാക്കള്‍ക്കെതിരെ കമന്റുകളുമായി ജില്ലയിലെ ബിജെപി പ്രവര്‍ത്തകര്‍ നിരക്കുന്നുണ്ട്. ഈ കമന്റുകള്‍ ദിനില്‍ നീക്കം ചെയ്തിട്ടുമില്ല. ബിജെപിയുടെ സംസ്ഥാന തലത്തിലെ ഗ്രൂപ്പിസം ശക്തമാകുന്നതിന്റെ ഭാഗമായാണ് എറണാകുളത്തെ പരസ്യ പോര്.
""അധികാരഭ്രാന്ത് തലക്ക് പിടിച്ചു വ്യക്തി താല്പര്യങ്ങൾക്കു മുൻതൂക്കം നൽകുന്ന കടൽ കിഴവന്മാരെ അല്ല എറണാകുളം ബിജെപിക്കു വേണ്ടത്. ദിനിലിനെയും അരുൺ കോടനാടിനെയും പോലെ ഉള്ള യുവരക്തങ്ങളെ ആണ്'' എന്നാണു ദിനിലിന്റെ ഫേസ് ബുക്ക് പേജില്‍ മുന്‍ യുവമോര്‍ച്ച ജില്ല പ്രസിഡന്റ് അരുണ്‍ കല്ലത്ത് എഴുതിയിരിക്കുന്നത്. പാര്‍ട്ടി ചിലരുടെ പിടിയിലായതായി പലരും എഴുതുന്നു.
" ഉത്തരം താങ്ങുന്ന പല്ലികളെ പോലുള്ള നേതൃത്വത്തിന്റെ അഹംഭാവം അവസാനിക്കണം"-എന്നാണു മറ്റൊരു കമന്റ്. ബിജെപിയിലെ ഫണ്ട് വെട്ടിപ്പ് സംബന്ധിച്ച പത്രവാര്‍ത്തകളും അണികള്‍ കമന്റായി ചേര്‍ക്കുന്നുണ്ട് .
അതിനിടെ പാർട്ടി തീരുമാനം ലംഘിച്ച് ചാനലിൽ ചർച്ചയ്ക്ക് പോയെന്ന്‍ ആരോപിച്ച് ബിജെപി സംസ്ഥാന സമിതി അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെൻഡ് ചെയ്തതും വിവാദമായി. സംസ്ഥാന സമിതി അംഗം പി. കൃഷ്ണദാസിനെയാണ് സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള സസ്‌പെൻഡ് ചെയ്തത്.ചര്‍ച്ചയ്ക്ക് പോകാന്‍ നിശ്ചയിക്കാത്തവര്‍ പോകരുതെന്ന വിലക്ക് ലംഘിച്ചതിനാണ് നടപടിയെന്നു പാര്‍ട്ടി നേതൃത്വം പറയുന്നു.ഇരുപതുപേരെ നിശ്ചയിച്ച് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും പറയുന്നു. എന്നാല്‍ തന്‍ പോയത് അഭിഭാഷകന്‍ എന്ന നിലയ്ക്കാണെന്ന് കൃഷ്ണദാസിന്റെ വിശദീകരണം .നിശ്ചയിച്ചു പോകുന്നവര്‍ പലരും ആന മണ്ടത്തരങ്ങള്‍ പറഞ്ഞ് അപമാനിതരാകുന്നതിനിടയില്‍ ഇത്തരം നടപടി അനാവശ്യമാണെന്നാണ് അണികളുടെ വാദം.
from Kerala || Deshabhimani Online News http://bit.ly/2S42wIs
via IFTTT
No comments:
Post a Comment