കൊച്ചി
നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കാനുള്ള വനിതാമതിൽ മലയാളനാടിന്റെ ഐക്യത്തിന്റെ പ്രതീകമാണെന്ന‌് സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം സുഭാഷിണി അലി. ഇടപ്പള്ളിയിലെ ചടങ്ങ‌് ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അവർ.
വനിതാമതിൽ ജനങ്ങളെ വിഭജിക്കാനുള്ളതല്ല. ഭരണഘടനയെയും സാമൂഹ്യസവിശേഷതകളെയും തകർത്ത‌് ഇരുണ്ടകാലത്തേക്ക‌് നാടിനെ തിരിച്ചുകൊണ്ടുപോകുന്നതിനെതിരെയുള്ള മുന്നറിയിപ്പാണിത‌്. കേരളത്തെ നൂറ്റാണ്ടുകൾ പിന്നിലേക്ക് കൊണ്ടുപോകാനുള്ള ആസൂത്രിതമായ നീക്കത്തെ ചെറുക്കും. വനിതാമതിൽ കേരളത്തിന്റെമാത്രമല്ല, രാജ്യത്തിന്റെതന്നെ ചരിത്രമായി. കഴിഞ്ഞ കുറച്ച‌് നാളുകളായി സ‌്ത്രീകൾക്കുവേണ്ടിയെന്ന പേരിൽ, പ്രത്യേകിച്ച‌് കേരളത്തിലെ സ‌്ത്രീകൾക്കുവേണ്ടി ചിലർ സംസാരിക്കുന്നു. ഈ മതിൽ നിങ്ങൾക്ക‌് വേണോ, അതിന്റെ ആവശ്യമുണ്ടോ എന്നൊക്കെയാണ‌് ചോദ്യം. നിങ്ങൾ ഞങ്ങൾക്കുവേണ്ടി സംസാരിക്കേണ്ട എന്നു പറയാനാണ് സ്ത്രീകൾ മുന്നോട്ടുവന്നത്. ഇരുട്ടിന്റെ പഴയകാലത്തേക്ക് തിരിച്ചുനടത്താൻ ഇനി ആരെയും അനുവദിക്കില്ല. സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി ശബ്ദമുയർത്താൻ അവർക്ക് ശക്തിയുണ്ട്. സമത്വമാണ‌് ആവശ്യം. സ‌്ത്രീകളുടെ അവകാശങ്ങൾ, ഐക്യം, പുരോഗതി എന്നിവയാണ‌് ആവശ്യപ്പെടുന്നത‌്.
കേരളത്തിന്റെ നവോത്ഥാനമുന്നേറ്റത്തിൽ അയ്യൻകാളി, ശ്രീനാരായണഗുരു, കുമാരനാശാൻ, എ കെ ജി, ഇ എം എസ‌്, അമ്മു സ്വാമിനാഥൻ, ദാക്ഷായണിയമ്മ എന്നിവരുടെ പാരമ്പര്യം നമ്മൾ തുടരണം. മാറ്റങ്ങൾക്കായി അവർ നയിച്ച പോരാട്ടം ഓർക്കേണ്ടതുണ്ട്. ഇന്നിപ്പോൾ മതത്തിന്റെയും വിശ്വാസത്തിന്റെയുമെല്ലാം പേരിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണം. നവോത്ഥാന നായകരുടെ ശ്രമഫലമായാണ് കേരളത്തിൽ ജാതീയതയുടെ അതിർവരമ്പുകൾ ഇല്ലാതായത്, പിന്നോക്കവിഭാഗങ്ങൾക്കും വിദ്യാഭ്യാസം സാധ്യമായത്. ബിജെപി സർക്കാർ ഇപ്പോൾ രാജ്യത്തിന്റെ പലഭാഗങ്ങളിലും സ്‌കൂളുകൾ അടച്ചുപൂട്ടുകയാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും ആയിരക്കണക്കിന് സ്‌കൂളുകളാണ് പൂട്ടിയത്. പാവപ്പെട്ടവർക്ക് ഇതുവഴി വിദ്യാഭ്യാസം നിഷേധിക്കുന്നു.
കേരളത്തെ തകർത്തെറിഞ്ഞ പ്രളയത്തെ തോളോടുതോൾ ചേർന്ന് ജനങ്ങൾ പ്രതിരോധിച്ചു. പ്രളയത്തെ ഒറ്റക്കെട്ടായാണ് കേരളം നേരിട്ടത്. ജാതിയുടെയും മതത്തിന്റെയും മതിൽക്കെട്ടുകൾ അവിടെ വഴിമുടക്കിയില്ല. ഇപ്പോൾ ജാതിയുടെയും പാരമ്പര്യത്തിന്റെയും സംസ‌്കാരത്തിന്റെയും പേരിൽ ചിലർ കേരളത്തെ നശിപ്പിക്കാൻ ശ്രമിക്കുകയാണ്. അവരുടെ ഗൂഢലക്ഷ്യങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. രാജ്യത്തിനാകെ പിന്തുടരാവുന്ന മികച്ച മാതൃകയാണ്
വനിതാമതിലിലൂടെ കേരളം കാണിച്ചുതരുന്നതെന്നും അവർ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2CIkYhB
via IFTTT
No comments:
Post a Comment