കൊച്ചി
ലോക‌്സഭാ തെരഞ്ഞെടുപ്പ‌്, ജനവിരുദ്ധനയങ്ങൾ അടിച്ചേൽപ്പിക്കുന്ന നരേന്ദ്ര മോഡി സർക്കാരിനെതിരെയുള്ള കർഷകരുടെ മറുപടിയാകുമെന്ന‌് സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം എസ‌് രാമചന്ദ്രൻപിള്ള പറഞ്ഞു. നോട്ടുനിരോധനവും ജിഎസ‌്ടിയും കാർഷികമേഖലയെ തകർത്തുവെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ജില്ലാ കമ്മിറ്റിയും ഇ എം എസ‌് പഠനഗവേഷണ കേന്ദ്രവും ചേർന്ന‌് സംഘടിപ്പിച്ച ജനകീയ ഉച്ചകോടിയിൽ ‘ഇന്ത്യൻ കാർഷിക സമ്പദ‌്‌വ്യവസ്ഥയിലെ പ്രതിസന്ധി–- ചെറുത്തുനിൽപ്പ‌്’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു എസ‌് ആർ പി.
സാധാരണ കർഷകരെയും തൊഴിലാളികളെയും അവഗണിച്ച‌് ധനിക കാർഷിക ശക്തിയെ പിന്തുണച്ചതാണ‌് രാജ്യത്തെ കാർഷികമേഖലയുടെ തകർച്ചയ‌്ക്ക‌് ഇടയാക്കിയത‌്. യഥാർഥ കാർഷികപരിഷ‌്കരണം നടപ്പാക്കാനായില്ല. കാർഷികമേഖലയിലെ പ്രതിസന്ധി മറ്റ‌് മേഖലകൾക്കും തിരിച്ചടിയായി. 1990കൾക്കുമുമ്പ‌് ധനിക കർഷകരെയാണ‌് സർക്കാർ സഹായിച്ചതെങ്കിൽ അതിനുശേഷം കാർഷികമേഖലയിൽനിന്ന‌് പിന്മാറി, സബ‌്സിഡികൾ പിൻവലിച്ചു. ജലസേചനം, വൈദ്യുതി, വളം എന്നിവ കർഷകർക്ക‌് കിട്ടാതാക്കി. ഉൽപ്പാദനച്ചെലവ‌് വർധിച്ചു. കാർഷികോൽപ്പന്നങ്ങളുടെ വില ചാഞ്ചാടുകയാണ‌്.
നവ ഉദാരവൽക്കരണ നയങ്ങളെ പിന്തുണച്ച കർഷകസംഘടനകൾ ഇപ്പോൾ നിലപാട‌് മാറ്റി. നാസിക്കിൽനിന്ന‌് മുംബൈയിലേക്കുള്ള കർഷകരുടെ ലോങ‌് മാർച്ച‌് തുടർസമരങ്ങൾക്ക‌് ശക്തിപകരും. സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട‌് നടപ്പാക്കാനോ ഉൽപ്പന്നങ്ങൾക്ക‌് വില നിശ‌്ചയിക്കാനോ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. കാർഷികകടം എഴുതിത്തള്ളുന്നത‌് താൽക്കാലിക ആശ്വാസമാണെങ്കിലും ശാശ്വതപരിഹാരമല്ല. കാർഷിക ഗവേഷണ രംഗത്ത‌് കുത്തകകൾ പിടിമുറുക്കുകയാണ‌്.
കർഷകനെ വികസനത്തിന്റെ പങ്കാളിയാക്കണം. ഭൂമിക്ക‌് ന്യായവില ഉറപ്പാക്കുന്ന 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം അട്ടിമറിക്കാനാണ‌് നരേന്ദ്ര മോഡി ശ്രമിക്കുന്നത‌്.കാർഷികമേഖലയെ സംരക്ഷിക്കണമെങ്കിൽ കൃഷി ആദായകരമാക്കി യുവാക്കളെ ആകർഷിക്കാനുള്ള പദ്ധതിയുണ്ടാക്കണം. സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട‌് നടപ്പാക്കണം. ഉൽപ്പാദനക്ഷമതയും ഉൽപ്പാദവും വൻതോതിൽ വർധിപ്പിക്കണം. ശാസ‌്ത്ര സാങ്കേതിക വിദ്യയുടെ സഹായം ഉപയോഗപ്പെടുത്തണം. കേരളത്തിൽ ഭൂമി തരിശിടുന്നതും തൊഴിലാളികളുടെ ലഭ്യതക്കുറവും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട‌്.
കേരളത്തിന്റെ ജൈവവൈവിധ്യശേഷിയെ സംരക്ഷിച്ച‌് കാർഷികമേഖല ശക്തിപ്പെടുത്തണമെന്നും എസ‌് രാമചന്ദ്രൻപിള്ള പറഞ്ഞു. കർഷകസംഘം ജില്ലാ സെക്രട്ടറി എം സി സുരേന്ദ്രൻ അധ്യക്ഷനായി.
from Kerala || Deshabhimani Online News http://bit.ly/2G5ktQS
via IFTTT
No comments:
Post a Comment