കോഴിക്കോട്
എൽഡിഎഫ‌് മന്ത്രിസഭയുടെ ആയിരം ദിനാഘോഷത്തിന്റെ സംസ്ഥാന ഉദ‌്ഘാടനത്തിന‌് ജില്ല ആതിഥ്യമരുളും. ‘വാഗ്ദാനങ്ങൾ പാലിച്ച 1,000 ദിനങ്ങൾ, 1,000 പദ്ധതികൾ, 10,000 കോടി രൂപയുടെ വികസനം' എന്ന സന്ദേശമുയർത്തിയാണ‌് ദിനാഘോഷം. ഇതോടനുബന്ധിച്ച‌് ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നതിന് മന്ത്രിമാരായ ടി പി രാമകൃഷ്ണൻ, എ കെ ശശീന്ദ്രൻ എന്നിവരുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം തീരുമാനിച്ചു.
ആഘോഷ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ‌് നേതൃത്വത്തിൽ ഫെബ്രുവരി 20 മുതൽ 27 വരെ കോഴിക്കോട് ബീച്ചിൽ വിപുലമായ ഉൽപ്പന്ന- പ്രദർശന- വിപണന മേള നടത്തും. ഏഴ് ദിവസത്തെ മേളയിൽ വികസന സെമിനാറും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും.
വിവിധ വകുപ്പുകളുടെ പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും ആരംഭിക്കുന്ന പദ്ധതികളുടെ നിർമാണോദ്ഘാടനവും മണ്ഡലം അടിസ്ഥാനത്തിൽ നടത്തും. ഘോഷയാത്രയിൽ ജനപ്രതിനിധികൾ, കുടുംബശ്രീ സിഡിഎസുകൾ, പഞ്ചായത്തുകൾ, സ്‌കൂൾ വിദ്യാർഥികൾ, സർക്കാർ ജീവനക്കാർ, അങ്കണവാടി ജീവനക്കാർ, ആശവർക്കർമാർ, സ്റ്റുഡന്റ് പൊലീസ്, സ്‌കൗട്ട്, ജെആർസി, എൻസിസി, എൻഎസ്എസ്, പ്രവാസികൾ, വ്യാപാര, വ്യവസായ സംഘടനകൾ, യുവജന സംഘടനകൾ, തൊഴിലാളി സംഘടനകൾ, സാക്ഷരത പ്രവർത്തകർ, സാമൂഹ്യ- സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.
പരിപാടിയുടെ വിജയത്തിനായി മന്ത്രി ടി പി രാമകൃഷ്ണൻ ചെയർമാനായും കലക്ടർ സാംബശിവ റാവു ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു. മന്ത്രി എ കെ ശശീന്ദ്രൻ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ലയിലെ എംപിമാർ, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി എന്നിവർ മുഖ്യരക്ഷാധികാരികളാണ‌്. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ സതീഷ്‌കുമാറാണ‌് ജോ. കൺവീനർ.
യോഗത്തിൽ എംഎൽഎമാരായ പുരുഷൻ കടലുണ്ടി, സി കെ നാണു, കലക്ടർ സാംബശിവ റാവു, സബ് കലക്ടർ വി വിഘ്‌നേശ്വരി, എഡിഎം റോഷ്‌നി നാരായണൻ, വടകര ആർഡിഒ വി പി അബ്ദുറഹ്മാൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ സതീഷ്‌കുമാർ എന്നിവർ പങ്കെടുത്തു.
from Kerala || Deshabhimani Online News http://bit.ly/2UrGVHR
via IFTTT
No comments:
Post a Comment