കൊച്ചി
ട്രെയിനുകളിൽ പുതുതായി ഏർപ്പെടുത്തിയ ആധുനിക എൽഎച്ച‌്ബി (ലിങ്ക‌് ഹോഫ‌്മാൻ ബുഷ‌്) കോച്ചുകൾ ജനറൽ കംപാർട്ടുമെന്റുകളിലെ യാത്രക്കാർക്കും ഭിന്നശേഷിക്കാർക്കും ദോഷകരമാകുന്നതായി പരാതി.
സാധാരണ ട്രെയിനുകളിൽ നാല‌് ജനറൽ കോച്ചാണുള്ളത‌്. ഇതിൽ ഭിന്നശേഷിക്കാർക്കുള്ളതുമുണ്ട‌്. എൽഎച്ച‌്ബി വന്നതോടെ രണ്ട‌് ജനറൽ കോച്ചുകൾ മാത്രമാണുള്ളത‌്. ഇതിൽ ഒരെണ്ണം ജനറേറ്ററിനു വേണ്ടിയുള്ളതാണ‌്. ഇതോടെ, ഭിന്നശേഷിക്കാർക്കുള്ള സീറ്റുകൾ പകുതിയോളം കുറഞ്ഞു. ജനറൽ ടിക്കറ്റ‌് എടുക്കുന്നവർക്കും പ്രശ‌്നമാണ‌്. നിന്ന‌് യാത്ര ചെയ്യുന്നവരെക്കൂടി കൂട്ടിയാൽ സാധാരണ കോച്ചുകൾ ഉള്ള ട്രെയിനുകളെ അപേക്ഷിച്ച‌് മുന്നൂറോളം യാത്രക്കാരുടെ കുറവാണ‌് ഉണ്ടാകുന്നത‌്.
ജർമൻ സാങ്കേതികവിദ്യയിൽ നിർമിച്ച എൽഎച്ച്‌ബി കോച്ചുകൾ വേഗം കൂടിയവയും കൂടുതൽ സുരക്ഷിതവുമാണ്. അപകടമുണ്ടായാൽ ഇവ പരസ്പരം ഇടിച്ചു കയറില്ല. ഇതു കണക്കിലെടുത്താണ‌് ട്രെയിനുകളിൽ ഏർപ്പെടുത്തിയത‌്. ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷമാണ‌് കേരളത്തിലെ ട്രെയിനുകളിൽ ഇത‌് ലഭിച്ചത‌്. കേരള, തിരുവനന്തപുരം–-ചെന്നൈ മെയിൽ തുടങ്ങിയ പ്രധാന ട്രെയിനുകളിൽ എൽഎച്ച‌്ബി കോച്ചുകൾ ഏർപ്പെടുത്തിയിട്ടുണ്ട‌്. സാധാരണ കോച്ചുകൾക്ക‌് സ‌്ളീപ്പർ ക്ലാസിൽ 72 ബർത്താണുള്ളത‌്. എൽഎച്ച‌്ബിക്ക‌് ഇത‌് 80 വരെയാകും. എസി ത്രീ ടയറിൽ 72 ബർത്തുകൾ ലഭിക്കും. പഴയ കോച്ചുകളേക്കാൾ എട്ടെണ്ണം കൂടുതലാണ‌്. ടു ടയർ പഴയതിൽ നാൽപ്പതും പുതിയതിൽ നാൽപ്പത്തിയാറുമാണ‌്. പഴയ കോച്ചുകൾക്ക‌് 22 മീറ്ററാണ‌് നീളം എൽഎച്ച‌്ബിക്ക‌് രണ്ടു മീറ്റർ അധികമാണ‌്. ഇതുമൂലമാണ‌് കോച്ചുകൾ കുറയ‌്ക്കേണ്ടി വരുന്നതെന്ന‌് റെയിൽവേയുടെ സാങ്കേതിക വിദഗ‌്ധർ പറയുന്നു. മറ്റു കോച്ചുകളിൽ യാത്ര ചെയ്യുന്നവർക്ക‌് നല്ലതാണെങ്കിലും ജനറൽ കംപാർട്ടുമെന്റിലെ യാത്രക്കാർക്ക‌് പ്രശ‌്നമാണ‌്.
ഇതിനൊപ്പം ഇ ടോയ‌്‌ലറ്റുകൾ പ്രവർത്തിക്കാത്തതും റെയിൽവേയ‌്ക്ക‌് പ്രശ‌്നം സൃഷ‌്ടിക്കുന്നു. എക‌്സ‌്പ്രസുകൾ ഉൾപ്പെടെയുള്ള ട്രെയിനുകളിൽ സ്ഥാപിച്ചിരിക്കുന്ന ഇ ടോയ‌്‌ലറ്റുകൾ പ്രവർത്തിക്കാത്തതിനാൽ കടുത്ത ദുർഗന്ധമാണ‌് ട്രെയിനുകളിൽ ഉണ്ടാകുന്നത‌്. യാത്രക്കാർ ശരിയായി സൂക്ഷിക്കാത്തതു മൂലമാണ‌് ഇവ കേടാകുന്നതെന്നാണ‌് റെയിൽവേ പറയുന്നത‌്. കേടായ ടോയ‌്‌ലറ്റുകളുള്ള കോച്ചുകൾ മാർഷലിങ‌് യാർഡുകളിലും മറ്റും എത്തിച്ച‌് തുറന്നുവിടുകയാണ‌് പതിവ‌്. ഇത‌് കടുത്ത പരിസര മലിനീകരണത്തിന‌് ഇടയാക്കുന്നു.
from Kerala || Deshabhimani Online News http://bit.ly/2FvutDn
via IFTTT
No comments:
Post a Comment