തിരുവനന്തപുരം> വിവാഹച്ചടങ്ങുകളിലെ റാഗിങ്ങിനെതിരെ കർശന നടപടിയെടുക്കാൻ പൊലീസ‌് തീരുമാനം. നിരവധി പേരുടെ ജീവിതം തകർക്കുകയും പലരെയും മാനസികമായി തകർക്കുകയുംചെയ്യുന്ന ഈ ‘കലാപരിപാടി’ അതിരുവിടുന്നതുകണ്ടാണ‌് പൊലീസ‌് ഇടപെടൽ. വിവാഹച്ചടങ്ങ‌് സ്വകാര്യപരിപാടിയാണെങ്കിലും റാഗിങ്ങിനെക്കുറിച്ച‌് പരാതി ലഭിച്ചാൽ പൊലീസ‌് ഇടപെടും. നിലവിൽ ഒട്ടേറെ പരാതികൾ വിവിധ സ‌്റ്റേഷനുകളിൽ ലഭിച്ചിട്ടുണ്ട‌്. ഇതിന്റെഭാഗമായി ജനങ്ങളെ ബോധവൽക്കരിക്കാനും പൊലീസ‌് തീരുമാനിച്ചിട്ടുണ്ട‌്.
കല്യാണദിവസം വരനെയും വധുവിനെയും സ്വീകരിക്കുന്ന ആഘോഷങ്ങളും റാഗിങ്ങുമാണ‌് ക്രമസമാധാനപ്രശ‌്നമായി മാറുന്നത‌്. ഒത്തുചേരലുകളുടെ സന്തോഷങ്ങൾ കെടുത്തുന്ന തരത്തിലാണ‌് പല വിവാഹ ആഘോഷങ്ങളും തമാശകളും അരങ്ങേറുന്നത‌്. ഈ പ്രവണതകൾ സകല സീമകളും ലംഘിച്ച് ആഭാസങ്ങളും അപകടങ്ങളുമായി പരിണമിക്കുന്നു. വിവാഹ ആഘോഷത്തിന്റെയും വിരുന്നുസൽക്കാരത്തിന്റെയും മറവിലുള്ള വിക്രിയകൾ സാമൂഹ്യ പ്രശ്നമാകുകയാണ‌്.
കല്യാണചെക്കനേയും പെണ്ണിനേയും കൊണ്ട് പലവലധ പണിയെടുപ്പിക്കൽ,ചെളിയും കരിയും പുരട്ടൽ, റോഡിലൂടെ ഡാൻസ് ചെയ്യിക്കൽ, പെട്ടി ഓട്ടോയിലും മറ്റും കൊണ്ടുപോകൽ തുടങ്ങി കല്യാണ ചെക്കന്റെ കുട്ടുകാർക്ക് തോന്നുന്നതെന്തും ചെയ്യിക്കുന്ന വിധത്തിലേക്ക് ഈ റാഗിങ് പോയിരുന്നു. പലയിടത്തും ഇതേചൊല്ലി ബന്ധുവീട്ടുകാർ തമ്മിൽ കല്യാണപന്തലിൽ കലഹവും ഉണ്ടായിട്ടുണ്ട്.
മുമ്പ‌് ചില ജില്ലകളിൽമാത്രം അരങ്ങേറിയ പരിപാടി ഇപ്പോൾ എല്ലാ ജില്ലകളിലും കാണുന്നു. ഒട്ടേറെ പേരാണ‌് ഇതുവഴി കണ്ണീർ കുടിക്കുന്നത‌്. ക്രിമിനൽ സ്വഭാവമുള്ളവരാണ‌് ഇതിൽപെടുന്ന പലരും. പകരംവീട്ടലായും പരിപാടി അരങ്ങേറുന്നു. ചില സ്ഥലങ്ങളിൽ വീടുകൾക്കകത്തുപോലും പടക്കംപൊട്ടിക്കുന്നു. ചീമുട്ടയേറ‌്, കളർ വാരിവിതറൽ , ചെണ്ടകൊട്ടൽ തുടങ്ങിയവ നടക്കുന്നു. ഇതുസംബന്ധിച്ച‌് പൊലീസിന്റെ ഫെയ‌്സ‌്ബുക്ക‌് പേജിൽ ഒട്ടേറെ പ്രതികരണങ്ങൾ വന്നു. ചിലർ ഫോട്ടോയും വീഡിയോകളും ഷെയർ ചെയ‌്തു. ഇതോടെയാണ‌് ബോധവൽക്കരണവുമായി പൊലീസ‌് രംഗത്തുവന്നത‌്.
from Kerala || Deshabhimani Online News http://bit.ly/2QQ2ZcU
via IFTTT
No comments:
Post a Comment