കേടായ ചക്രവുമായി ട്രെയിൻ ഓടിയ സുരക്ഷാവീഴ്‌ച നിസ്സാരവൽക്കരിച്ച‌് റെയിൽവേ. ട്രെയിനിന്റെ തകരാർ ശ്രദ്ധയിൽപ്പെട്ടാൽ ഗാർഡിനെ അറിയിക്കാൻ എല്ലാ ഗേറ്റ‌് കീപ്പർമാരും കർശനമായി വിസിൽ കരുതിയിരിക്കണമെന്ന നിർദേശത്തിൽ നടപടി ഒതുങ്ങി. ജനുവരി ഒമ്പതിന‌് രാത്രി 9.45ന‌് തിരുവനന്തപുരം കഴക്കൂട്ടത്താണ‌് ട്രെയിനിന്റെ ചക്രം കേടായത‌്. മുംബൈ–-കൊച്ചുവേളി പ്രതിവാര എക‌്സ‌്പ്രസിന്റെ (ട്രെയിൻ നമ്പർ 22113) എ വൺ എസി ടു ടയർ കോച്ചിന്റെ ചക്രമാണ‌് രണ്ടിഞ്ചോളം അടർന്നുപോയത‌്. മൂന്ന‌് ലെവൽക്രോസുകൾ കടന്നുപോകുന്നതുവരെ ട്രെയിൻ ഈ രീതിയിൽ ഓടി. വൻദുരന്തത്തിൽനിന്ന‌് തലനാരിടയ‌്ക്കാണ‌് യാത്രക്കാർ രക്ഷപ്പെട്ടത‌്.
ഇതുസംബന്ധിച്ച അന്വേഷണത്തിനൊടുവിലാണ‌് റെയിൽവേ ഗേറ്റ‌് കീപ്പർമാർക്കായി ഉത്തരവ‌് ഇറക്കിയത‌്. ട്രെയിൻ കടന്നുപോയ വഴിക്കുള്ള ലെവൽക്രോസുകളിലെ ഗേറ്റ‌് കീപ്പർമാർ വിസിൽ കരുതിയിരുന്നില്ലെന്ന‌് അന്വേഷണത്തിൽ കണ്ടെത്തിയെന്നും ട്രെയിനുകൾക്ക‌് എന്തെങ്കിലും പ്രശ‌്നം ശ്രദ്ധയിൽപ്പെട്ടാൽ ഗാർഡിന്റെ ശ്രദ്ധ ആകർഷിക്കാൻ എല്ലാ ലെവൽക്രോസിലെയും ഗേറ്റ‌് കീപ്പർമാരും ജോലിസമയത്ത‌് വിസിൽ നിർബന്ധമായും കരുതിയിരിക്കണമെന്ന‌് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ സുരക്ഷാവിഭാഗം ജനുവരി 14ന‌് ഇറക്കിയ ഉത്തരവിൽ പറയുന്നു.
ഉന്നതോദ്യോഗസ്ഥരുടെ വീഴ‌്ച മറയ‌്ക്കാൻ താഴെക്കിടയിലുള്ളവരെ ബലിയാടാക്കുന്നതാണ‌് ഉത്തരവെന്ന‌് റെയിൽവേ ജീവനക്കാരുടെ സംഘടനകൾ പറയുന്നു. ട്രെയിൻ കടന്നുപോകുമ്പോൾ അതിലെ ചക്രങ്ങളുടെ കേടുപാടുകൾ ശ്രദ്ധയിൽപ്പെട്ടെന്നുവരില്ല. ഗേറ്റ‌് കീപ്പർ നിൽക്കുന്നതിന്റെ മറുവശത്തുള്ള ചക്രങ്ങൾ കാണാനുമാകില്ല. വിസിൽ മുഴക്കിയാൽത്തന്നെ ഗാർഡ‌് അത‌് കേൾക്കണമെന്നുമില്ല. ഇതൊന്നും പരിഗണിക്കാതെയാണ‌് റെയിൽവേയുടെ ഉത്തരവ‌്.
ട്രെയിനുകളുടെ യന്ത്രഭാഗങ്ങൾ നിർമിക്കാൻ സ്വകാര്യമേഖലയ‌്ക്കാണ‌് കരാർ നൽകുന്നത‌്. ഇതിന്റെ ഗുണമേന്മ കൃത്യമായി പരിശോധിക്കുന്നില്ല. ഗുണനിലവാരമില്ലാത്ത ചക്രം വാങ്ങിയതിനും അത് ഉപയോഗിച്ച് ജനങ്ങളുടെ ജീവൻ പന്താടിയതിനും ഉത്തരവാദികളായ ഉന്നതോദ്യോഗസ്ഥർക്കെതിരെ ഒരു നടപടിയുമില്ല. 2014ൽ നിർമിച്ച കോച്ചിലാണ‌് കേട‌് സംഭവിച്ചത‌്. പഴയ കോച്ചുകളുടെ ഗുണനിലവാരം പുതിയവയ‌്ക്ക‌് ഇല്ലെന്നും ആക്ഷേപമുണ്ട‌്.
from Kerala || Deshabhimani Online News http://bit.ly/2U4msbB
via IFTTT
No comments:
Post a Comment