കൊച്ചി
ശബരിമലയുടെ പേരിലുണ്ടാക്കിയ പ്രക്ഷോഭത്തിന്റെ പതിനായിരത്തിലൊന്നു പോലും ആത്മഹത്യ ചെയ‌്ത മൂന്നര ലക്ഷം കർഷകരുടെ ജീവന്റെ പേരിൽ ഉണ്ടായില്ലെന്ന‌് ഡോ. സുനിൽ പി ഇളയിടം പറഞ്ഞു. അത്രമാത്രം കാപട്യം നിറഞ്ഞ ഭക്തിയിലാണ‌് നാം ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എളമക്കര നളന്ദ സാംസ‌്കാരിക വേദിയുടെ വാർഷിക സമ്മേളനത്തിന്റെ സാംസ‌്കാരിക സദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സുനിൽ പി ഇളയിടം.
കർഷകരുടെ ആത്മഹത്യ നമ്മെ അലോസരപ്പെടുത്തുന്നില്ല. ഇനിയും അലോസരപ്പെടുത്തുകയുമില്ല. കാരണം വഞ്ചനാത്മകമായ ജീവിതം നയിക്കാൻ പരിശീലനം നേടിയ ജനതയായി നാം മാറിക്കൊണ്ടിരിക്കുന്നു. കർഷക മാർച്ചിലെ വിണ്ടുകീറിയ കാലുകൾ നമ്മൾ കാണുന്നില്ല. ദരിദ്രന്റെ കണ്ണുനീർ തുടയ‌്ക്കാനാണ‌് രാജ്യം പ്രഥമ പരിഗണന നൽകേണ്ടതെന്ന ഗാന്ധിജിയുടെ വാക്കുകൾ മറന്നുപോകുന്നു. പ്രളയകാലത്താണ‌് നാം സാഹോദര്യമെന്ന വാക്കിന്റെ അർഥം പൂർണമാക്കിയത‌്. അന്ന‌് തെരുവുകളിൽ വന്നലച്ചത‌് ഏതെങ്കിലും ജാതി കോമരങ്ങളുടെയൊ മത വർഗീയവാദികളുടെയോ ദൈവങ്ങളുടെയോ വിളികളല്ല. പ്രളയത്തിൽ മുങ്ങിയ വീടുകളിൽനിന്ന‌് ആളുകളെ രക്ഷിക്കാൻ വള്ളങ്ങളുമായി കടപ്പുറത്തുനിന്ന‌് മനുഷ്യർ എത്തിയത‌് ഒരു മതാധികാരത്തിന്റെയോ ആചാരത്തിന്റെയോ പേരിലല്ല. ആ സാഹോദര്യത്തേക്കാൾ മഹനീയമായ ദൈവാനുഭവം ഒരാചാരത്തിലുമില്ല. തെരുവിൽ കണ്ട ആചാര സംരക്ഷണത്തിൽ തിരെയില്ല.
യാഥാസ്ഥിതികത്വത്തിന്റെ നെടുങ്കോട്ടയിലേക്ക‌് മടങ്ങാൻ കേരളം കുട്ടാക്കില്ല. ബ്രാഹ‌്മണാധിപത്യത്തിനും പൗരോഹിത്യത്തിനുമെതിരെ കേരളം നിവർന്നുനിന്നു. ശരണമന്ത്രം ബുദ്ധനുമായി ബന്ധപ്പെട്ടതാണ‌്. ഭക്തിപ്രസ്ഥാനത്തിന്റെ സംഭാവനയായ നാമജപം ഇന്ന‌് അട്ടഹാസവും ഭീഷണിയുമായി മാറി.
സർക്കാർ ധനസഹായം വേണ്ടെന്ന‌് വച്ച ആ മത്സ്യത്തൊഴിലാളിയുടെ വാക്കിലാണ‌് ദൈവം. അല്ലാതെ 52 വയസ്സായ സ‌്ത്രീയുടെ തലയെറിഞ്ഞു പൊളിക്കാൻ തേങ്ങയുമായി നിൽക്കുന്ന തെമ്മാടിയിലല്ല. ബോംബും കുറുവടികളുമായി തെരുവിൽ അഴിഞ്ഞാടിയ തെമ്മാടിക്കൂട്ടങ്ങൾക്ക‌് ഭക്തിയുമായി ബന്ധമില്ല. അത‌് രാജ്യത്തെ വെട്ടിപ്പിളർത്താൻ മതത്തെ ഉപയോഗിച്ച പൈശാചികതയുടെ ഇങ്ങേയറ്റത്തെ കാഴ‌്ചയാണ‌്. ഇത്തരം കാഴ‌്ചകളോട‌് മുഖംതിരിഞ്ഞുനിന്ന‌് അരുതെന്ന‌് ഉറപ്പിച്ചു പറയാൻ കേരളത്തിന്റെ ആത്മബലം പോയിട്ടില്ല. അതില്ലാതാക്കാൻ ഈ തെമ്മാടിക്കൂട്ടത്തിനാകില്ല. അവർ വിചാരിച്ചാൽ അത‌് അവസാനിക്കയുമില്ല. ശ്രീനാരായണഗുരുവിന്റെയും അയ്യങ്കാളിയുടെയും ദേശീയ പ്രസ്ഥാനത്തിന്റെയും കർഷക സമരങ്ങളുടെയും പാരമ്പര്യത്തിന്റെ ഇങ്ങേ തലയ‌്ക്കലാണ‌് മത്സ്യത്തൊഴിലാളി വള്ളവുമായി എത്തിയത‌്. ഒരു നൂറ്റാണ്ടിന്റെ അനുഭവത്തിന്റെ ബലവും ആത്മാർഥതയും ആ കെട്ടുവള്ളങ്ങളുടെ പിന്നാമ്പുറത്തുണ്ട‌്. ആ അനുഭവത്തെ നാലു നാമജപംകൊണ്ട‌് ഇല്ലാതാക്കി ഈ രാജ്യത്തെ മത വർഗീയതയുടെ പേരിൽ വിഭജിച്ചെടുക്കാമെന്ന യുക്തിക്ക‌് കേരളം കീഴടങ്ങില്ലെന്നും ഡോ. സുനിൽ പി ഇളയിടം പറഞ്ഞു.
ചടങ്ങിൽ നളന്ദ പ്രസിഡന്റ‌് കെ എം ഉദയൻ അധ്യക്ഷനായി. മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ‌് നേടിയ സുരേഷ‌്കുമാറിനെ ആദരിച്ചു. നളന്ദയുടെ ഉപഹാരം സെക്രട്ടറി സംഗീത‌് നൽകി. അഡ്വ. എം അനിൽകുമാർ, അഡ്വ. വി കെ പ്രസാദ‌്, പി എച്ച‌് ഷാഹുൽഹമീദ‌്, എം കെ സുനിൽ, ആർ നിഷാദ‌്ബാബു, കെ കെ രവിക്കുട്ടൻ, ബീന മഹേഷ‌്, പ്രഭാകരമാരാർ, എം എൻ ഉണ്ണികൃഷ‌്ണൻ, ഡി ആർ രാജേഷ‌്, മോഹനചന്ദ്രൻ, എം സി ശശിധരൻ എന്നിവർ സംസാരിച്ചു.
from Kerala || Deshabhimani Online News http://bit.ly/2SJmpC3
via IFTTT
No comments:
Post a Comment