കൊച്ചി
ശബരിമല സുപ്രീംകോടതി വിധിയുടെ പശ‌്ചാത്തലത്തിൽ കേരളത്തിൽ നടക്കുന്ന നവോത്ഥാന സംവാദത്തിൽ എല്ലാ ശബ്ദങ്ങൾക്കും ഇടംനൽകണമെന്ന‌് സാമൂഹ്യവിമർശകയും ചരിത്രഗവേഷകയുമായ ഡോ. മീരാ വേലായുധൻ പറഞ്ഞു. സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ ഉച്ചകോടിയിൽ ‘ദളിത‌് പീഡനങ്ങളുടെ അന്തർധാര’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. നവോത്ഥാനമുന്നേറ്റം ഭരണഘടനാമൂല്യങ്ങളുടെ സംരക്ഷണത്തിലൂന്നിയാകണം. അത‌് സാധ്യമായാലേ പൗരന്റെ ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങൾ സംരക്ഷിക്കാനാകൂ. ജാതിയുടെയും ലിംഗത്തിന്റെയും പേരിൽ ചിലരെ പൊതുധാരയിൽനിന്നു മാറ്റിനിർത്തുമ്പോൾ, അവരുടെ പൗരാവകാശങ്ങൾ സംരക്ഷിക്കാൻ ഭരണഘടനയിൽ ഊന്നിയുള്ള പോരാട്ടമാണ‌് വേണ്ടത‌്. അതിലൂടെമാത്രമേ ജാതിവിരുദ്ധമായ സാമൂഹ്യമുന്നേറ്റം സാധ്യമാകൂ.
നവോത്ഥാനവും വികസനവും പുരോഗമനപരതയുടെ ഒരേവഴിയിൽ ഒരുപോലെ ചേർന്നുപോകേണ്ടുന്ന മൂല്യങ്ങളാണ‌്. അതിൽ എല്ലാ വിഭാഗങ്ങളുടെയും പങ്കുണ്ടാകണം. വികസനചർച്ചകളിൽ ദളിത‌് അഭിവൃദ്ധി പ്രധാന വിഷയമായി ഉണ്ടാകണം.
ശബരിമല സുപ്രീംകോടതി വിധിക്കുശേഷം കേരളത്തിൽ രാഷ്ട്രീയധ്രുവീകരണത്തിന‌് ശ്രമം നടക്കുന്നുണ്ട‌്. അതിന‌് സംഘപരിവാർ ശക്തികളും വലതുപക്ഷ രാഷ്ട്രീയപാർടികളും പിന്തുണ നൽകുന്നു. തന്ത്രിയെയും പന്തളം കൊട്ടാരത്തെയും പിന്തുണയ‌്ക്കുന്ന സവർണമേധാവിസമൂഹവും ഒരു രാഷ്ട്രീയശക്തിയായി മാറുന്ന കാഴ‌്ചയാണുള്ളത‌്. കേരളത്തിന്റെ പുരോഗമന മതേതര സ്വഭാവത്തിന‌് ഈ ശക്തികൾ വലിയ വെല്ലുവിളിയാണ‌് ഉയർത്തുന്നത‌്.
നവോത്ഥാനപോരാട്ടത്തിൽ ഒപ്പം നിൽക്കാൻ കഴിയുന്നവരെയെല്ലാം യോജിപ്പിക്കണം. ആശയപരമായ ഭിന്നതകളുണ്ടാകാം. അവ തുറന്ന ചർച്ചയിലൂടെ കേൾക്കാൻ അവസരമുണ്ടാകണം. സൃഷ്ടിപരമായ വിമർശങ്ങൾ ഉൾക്കൊള്ളണം. തുറന്ന സംവാദങ്ങൾക്ക‌് സർക്കാർ അവസരം നൽകണം. ശബരിമലയിൽ 51 സ‌്ത്രീകൾ കയറിയോ എന്നതല്ല, അവിടെ ഭരണഘടനയും കോടതിയും സ‌്ത്രീക്ക‌് നൽകിയ ജനാധിപത്യ അവകാശം സംരക്ഷിക്കപ്പെട്ടുവോ എന്നതാണ‌് ചർച്ച ചെയ്യേണ്ടത‌്. ശബരിമലയിൽ പോകുന്ന ഒരു പുരുഷന്റെയും സാമൂഹ്യപ്രവർത്തനവും വ്യക്തിജീവിതവും ചർച്ചയാകുന്നില്ല. സ‌്ത്രീകൾ സാമൂഹ്യ പ്രവർത്തകയാണോ മാവോയിസ‌്റ്റാണോ എന്ന‌് നോക്കി ഭക്തി അളക്കുന്നത‌് ഇരട്ടത്താപ്പാണെന്നും ഡോ. മീരാ വേലായുധൻ പറഞ്ഞു. എൻ സി ഉഷാകുമാരി സെഷനിൽ അധ്യക്ഷയായി.
from Kerala || Deshabhimani Online News http://bit.ly/2Tmr79a
via IFTTT
No comments:
Post a Comment