തിരുവനന്തപുരം > പ്രളയദുരന്തവും കേന്ദ്രത്തിന്റെ കടുത്ത അവഗണനയും അതിജീവിച്ച‌് കേരളം മികച്ച സാമ്പത്തികവളർച്ച കൈവരിച്ചതായി സാമ്പത്തികാവലോക റിപ്പോർട്ട്. ദുരന്തക്കെടുതികളിൽനിന്ന് സംസ്ഥാനം വളരെവേഗം ഉയിർത്തേഴുന്നേൽക്കുന്നുവെന്ന‌് തെളിയിക്കുന്നതാണ‌് ബജറ്റിന‌് മുന്നോടിയായി ധനമന്ത്രി തോമസ‌് ഐസക‌് നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ട‌്. കൃഷി അനുബന്ധമേഖലയിലും വ്യവസായമേഖലയിലുമടക്കം മുന്നേറ്റമുണ്ടായി. 2017–-2018 സാമ്പത്തികവർഷം 7.18 ശതമാനം വളർച്ചാനിരക്ക‌് കൂടി. മുൻവർഷം 6.22 ശതമാനമായിരുന്നു. പ്രതിശീർഷവരുമാനം 139643 കോടി രൂപയിൽനിന്ന‌് 148927 കോടിയായി. ഇത‌് ദേശീയശരാശരിയേക്കാൾ ഉയർന്നതാണ‌്.
സാമ്പത്തികവളർച്ചാനിരക്കിന്റെ വളർച്ച 2014-–-15ൽ 0.02 ശതമാനമായിരുന്നു. 2017-–-18ൽ 3.64 ശതമാനമായി വർധിച്ചു. റവന്യൂ കമ്മിയും ധനകമ്മിയും കുറഞ്ഞു. 2016–--17ൽ 2.56 ശതമാനമായിരുന്നു റവന്യൂ കമ്മി. 2017–-18ൽ ഇത് 2.51 ശതമാനമായി. ധനകമ്മി 4.29 ശതമാനത്തിൽനിന്ന‌് 3.91 ശതമാനമായി. കേന്ദ്രസഹായത്തിലെ കുറവും വായ്പാപരിധി ഉയർത്തുന്നതിന‌് അംഗീകാരം ലഭിക്കാത്തതും വേഗത്തിലുള്ള നവകേരള നിർമാണത്തിന് തടസ്സമുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
എല്ലാ മേഖലയിലും നേട്ടം
കൃഷി, കാർഷികാനുബന്ധ മേഖലകളിൽ (കന്നുകാലി, വനംവകുപ്പ്, മരംമുറിക്കൽ, മത്സ്യബന്ധനം, മത്സ്യകൃഷി) 3.64 ശതമാനം വളർച്ചയുണ്ട‌്. 2014-–-15ൽ ഇത് 0.02 ശതമാനമായിരുന്നു. 2015–--16ൽ പൂജ്യത്തിനുംതാഴെ ന്യൂനം അഞ്ചിലുമെത്തി. 2016-–-17ലെ 0.08 ശതമാനത്തിൽനിന്നാണ‌് ഇപ്പോൾ 3.64 ശതമാനമായത്. ഇതുവരെ ദേശീയശരാശരിക്ക് താഴെയായിരുന്ന കാർഷിക അനുബന്ധമേഖലകൾ അതിന് മുകളിലെത്തി. ഉൽപ്പാദന, നിർമാണമേഖലയിലും വളർച്ച 9.2 ശതമാനമായി. മുൻവർഷം 7.8 ശതമാനമായിരുന്നു. വ്യവസായം ഉൾപ്പെടുന്ന ദ്വിതീയമേഖലയുടെ ഒന്നാകെയുള്ള വളർച്ച 4.81 ശതമാനത്തിൽനിന്ന‌് 6.52 ശതമാനമായി. സേവനരംഗം ഉൾപ്പെടുന്ന ത്രിതീയമേഖലയും 5.84 ശതമാനം വളർച്ച രേഖപ്പെടുത്തി. ധനകമ്മിയും റവന്യൂകമ്മിയും കുറയ്ക്കാനായി നികുതിവരുമാന വളർച്ചയ്ക്കുള്ള ശ്രമങ്ങൾക്ക‌് പ്രതിസന്ധി നേരിട്ടതായും റിപ്പോർട്ട‌് ചൂണ്ടിക്കാട്ടുന്നു.
കേന്ദ്രം ചതിച്ചു; തനതുവരുമാനം കുറഞ്ഞു
നോട്ട‌്നിരോധനം, കേന്ദ്രവിഹിതത്തിലെ അസന്തുലിതാവസ്ഥ, ജിഎസ‌്ടി നടപ്പാക്കുന്നതിലെ പ്രശ്‌നങ്ങൾ എന്നിവ 2017-–-18 ലും കേരളത്തിലെ തനതുനികുതി വരുമാനത്തിന്റെ വളർച്ച കുറച്ചു. ഓഖി, പ്രളയം തുടങ്ങിയവയോടനുബന്ധിച്ചുള്ള സാമ്പത്തികസ‌്തംഭനവും വരുമാനക്കുറവുണ്ടാക്കി. 2015–--16ലെ കേന്ദ്ര നികുതി കൈമാറ്റ വിഹിതം പതിനാലാം ധനകമീഷൻ വർധിപ്പിച്ചെങ്കിലും 2016-–-17ലെ വിഹിതത്തിൽ വർധനയുണ്ടായില്ല. ധനകമീഷൻ ശുപാർശയെ തുടർന്ന‌് ഈവർഷം വർധനയുണ്ടായെങ്കിലും കേന്ദ്രവിഹിതം കുറഞ്ഞത‌് തിരിച്ചടിയായി. നോട്ട‌്നിരോധനത്തിന്റെ ഫലമായി തനതുനികുതി വരുമാന വളർച്ചാനിരക്കിൽ നേരിയ പുരോഗതിയുണ്ടായെങ്കിലും റവന്യൂവരുമാനത്തിൽ 2017-–-18ൽ 9.8 ശതമാനത്തിന്റെ കുറവുണ്ടായി.
ലോട്ടറി കനിഞ്ഞു; നികുതിയേതരത്തിൽ വൻവർധന
46 ശതമാനത്തിന്റെ വൻവർധനയാണ‌് നികുതിയേതര വരുമാനത്തിലുണ്ടായത്. ലോട്ടറിയിൽനിന്നുള്ള വരുമാനമാണ് പ്രധാന ഘടകം. ഒമ്പതാം ശമ്പളപരിഷ്‌കരണ കമീഷൻ റിപ്പോർട്ട് 2015-–-16ൽ നടപ്പാക്കാതിരുന്നത‌് 2016–--17ൽ റവന്യൂചെലവിൽ സമ്മർദമുണ്ടാക്കി. 15.77 ശതമാനം വർധന റവന്യൂ ചെലവിലുണ്ടായി. 2016 മുതൽ മൂന്നുവർഷം കൊണ്ടാണ് ശമ്പളപരിഷ്‌കരണ റിപ്പോർട്ട് നടപ്പാക്കിയത്. പ്രളയദുരിതാശ്വാസവും പുനരധിവാസവും 2018-–-19 വർഷങ്ങളിലെ റവന്യൂചെലവിൽ വലിയ വർധനയുണ്ടാക്കും. 2017-–-18ൽ റവന്യൂചെലവ് 9.71 ശതമാനമായിരുന്നു.
സംസ്ഥാനത്തെ മൊത്തം ബാങ്ക‌് നിക്ഷേപത്തിൽ 169944 കോടിയാണ‌് പ്രവാസിനിക്ഷേപം. ഇതിന്റെ വർധന 2017 മാർച്ചിലെ 12.34 ശതമാനത്തിൽനിന്ന‌് ഈ വർഷം 11.55 ശതമാനമായി കുറഞ്ഞു.
അപ്രതീക്ഷിതമായ പ്രകൃതിദുരന്തങ്ങളും സംസ്ഥാനത്തിന്റെ വരുമാനവർധന താമസിപ്പിച്ചു. അധിക റവന്യൂ ചെലവിനൊപ്പം, പ്രളയാനന്തരമുള്ള സംസ്ഥാനത്തിന്റെ പ്രത്യേക ആവശ്യങ്ങളും ധന നടപടികളെ സമ്മർദത്തിലാക്കുന്നുവെന്ന‌് റിപ്പോർട്ട‌് ചൂണ്ടിക്കാട്ടുന്നു.
പ്രളയം, ജിഎസ‌്ടി എന്നിവ മൂലം പ്രതീക്ഷിത സാമ്പത്തിക വളർച്ചാനിരക്കിൽ 1.5 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട‌്. ഇതിന്റെ തുടർച്ച അടുത്തവർഷവും നേരിടേണ്ടിവരും
from Kerala || Deshabhimani Online News http://bit.ly/2Rw5stq
via IFTTT
No comments:
Post a Comment