ആയൂർ (കൊല്ലം) > കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും കാറും കൂട്ടിയിടിച്ച് ആറു പേർ മരിച്ചു. ക്ഷേത്രദർശനം കഴിഞ്ഞ‌് കാറിൽ മടങ്ങുകയായിരുന്ന ബന്ധുക്കളായ ആറുപേരാണ‌് കൊല്ലം ആയൂരിലെ അപകടത്തിൽ മരിച്ചത‌്. പത്തനംതിട്ട മലയാലപ്പുഴ വടശേരിക്കര തലച്ചിറ കൈലാസ് ഭവനിൽ നേവി ഉദ്യോഗസ്ഥനായിരുന്ന സുരേഷിന്റെ ഭാര്യ മിനി (47), മകൾ അഞ്ജന (20), മിനിയുടെ സഹോദരൻ കവിയൂർ പടിഞ്ഞാറേശേരിൽ മണ്ണാക്കുന്നിൽ വീട്ടിൽ മനോജിന്റെ ഭാര്യ സ്മിത ( 27), ഇവരുടെ മക്കളായ ഹർഷ (മൂന്നര), അഭിനജ് (എട്ട‌്), മിനിയുടെ ബന്ധു ചെങ്ങന്നൂർ ആലയിൽ കോണത്തേത്ത് വീട്ടിൽ സുദർശനന്റെയും രജനിയുടെയും മകൻ അരുൺ സുദർശനൻ (ചന്തു–-21) എന്നിവരാണ് മരിച്ചത്. മിനി, സ‌്മിത, അരുൺ, ഹർഷ എന്നിവർ അപകടസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഹർഷയെ ആയൂരിലെ സ്വകാര്യ ആശുപത്രിയിലും അഭിനജിനെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തിരുവനന്തപുരം കരിക്കകം ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങുകയായിരുന്നു ഇവർ. പരിക്കേറ്റ ബസ‌് യാത്രക്കാരെ കടയ്ക്കൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസ്ഥലത്ത‌് മരിച്ചവരുടെ മൃതദേഹം കടയ‌്ക്കൽ താലൂക്കാശുപത്രി മോർച്ചറിയിലും മറ്റു രണ്ടുപേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജ‌് ആശുപത്രി മോർച്ചറിയിലുമാണുള്ളത‌്.
ശനിയാഴ്ച പകൽ ഒന്നേകാലോടെ ആയൂർ അകമണിലാണ് അപകടം. കട്ടപ്പനയിൽനിന്നു തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും മാരുതി ഓൾട്ടോ കെ ടെൺ കാറുമാണ‌് കൂട്ടിയിടിച്ചത‌്. ടിപ്പർ ലോറിയെ മറികടക്കുന്നതിനിടെ എതിരെവന്ന ബസുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. അരുണാണ് കാർ ഓടിച്ചിരുന്നത്.
സംഭവസ്ഥലത്തെത്തിയ നാട്ടുകാരും പൊലീസും ചേർന്നാണ‌് കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലേക്കെത്തിച്ചത‌്. മൂന്നു മാസമായി ഡ്രൈവറായി ജോലി നോക്കുകയാണ് മരിച്ച അരുൺ.
from Kerala || Deshabhimani Online News http://bit.ly/2M7gGTY
via IFTTT
No comments:
Post a Comment