കൊടുങ്ങല്ലൂർ > എറണാകുളം മുനമ്പത്ത് ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ ബാഗുകൾക്ക് സമാനമായി കൊടുങ്ങല്ലൂരിലും 54 ബാഗുകൾ കണ്ടെത്തി. കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ തെക്കേ നടയിൽ സ്റ്റേജിന് പിന്നിലാണ് ബാഗുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടത്. 12ന് പുലർച്ചെ ക്ഷേത്രവളപ്പിലെ സ്പെഷ്യൽ പൊലീസാണ് ബാഗുകൾ കണ്ടെത്തിയത‌്. കൊടുങ്ങല്ലൂർ പൊലീസിൽ വിവരമറിയിച്ചതിനെ ത്തുടർന്ന് പൊലീസ് ഔട്ട്പോസ്റ്റിലേക്ക് ബാഗുകൾ മാറ്റി.
തിരുവനന്തപുരത്തുനിന്നും തീർഥാടകരെ കൊണ്ടുവന്ന ടാക്സി ഡ്രൈവറാണ് ബാഗുകളെക്കുറിച്ചുള്ള വിവരം പൊലീസിന് നൽകിയത്. ടെമ്പോ ട്രാവലറിലും മറ്റും എത്തിയ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ക്ഷേത്രവളപ്പിലുണ്ടായിരുന്നുവെന്നും അപകടത്തിൽ ഒരാൾ മരിച്ചെന്ന് ഇവർ പറഞ്ഞതായും ഡ്രൈവർ പറഞ്ഞു. പിന്നീട് ഇവർ വാഹനത്തിൽ കയറി പോയത്രേ. ബാഗുകളിൽ ഒരാഴ്‍ച കഴിക്കാനുള്ള ഉണങ്ങിയ പഴങ്ങൾ, ബിസ്‍കറ്റുകൾ, കുബൂസ്, വെള്ളം, വസ്ത്രങ്ങൾ തുടങ്ങിയവയാണുണ്ടായിരുന്നത്. ഒരു ബാഗിൽ ലൈഫ് ജാക്കറ്റും ഉണ്ടായിരുന്നു. ശ്രീലങ്കൻ സ്വദേശിയുടെ ജനന സർട്ടിഫിക്കറ്റും ഡൽഹി സ്വദേശിയായ ദീപക് കന്യാകുമാരിയിൽ ചികിത്സ തേടിയ കുറിപ്പും ബാഗിൽനിന്നും കണ്ടെത്തി. ഇന്റലിജൻസ് ബ്യൂറോ അന്വേഷണം തുടങ്ങി. മുനമ്പം കേന്ദ്രീകരിച്ചുള്ള മനുഷ്യക്കടത്തിനെക്കുറിച്ച‌് അന്വേഷിക്കുന്നവർ കൊടുങ്ങല്ലൂരിലെത്തി വിവരം ശേഖരിച്ചു.
ക്ഷേത്രവളപ്പിൽനിന്ന് ബാഗുകൾ കണ്ടെത്തിയത് മുനമ്പം മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി തൃശൂർ എസ്‍പി എം കെ പുഷ്‍കരൻ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2ChT4Y4
via IFTTT
No comments:
Post a Comment