ശബരിമല
മകരവിളക്കിന‌് ആറുദിവസം മാത്രം ബാക്കി നിൽക്കെ ശബരിമലയിൽ അഭൂതപൂർവമായ തീർഥാടക പ്രവാഹം. പരമ്പരാഗതപാത, കാനപാത എന്നിവ വഴി അയ്യപ്പ ഭക്തർ ഒഴുകുകയാണ‌്. ഇതര സംസ്ഥാനക്കാർക്കൊപ്പം കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ളവരും കൂടിയായപ്പോൾ നടപ്പന്തൽ, തിരുമുറ്റം, മാളികപ്പുറം തുടങ്ങിയ ഇടങ്ങളിലൊക്കെ വൻതിരക്ക‌് അനുഭവപ്പെട്ടു. ഒന്നര ലക്ഷത്തിലേറെപ്പേരാണ‌് തിങ്കളാഴ‌്ച ദർശനം നടത്തിയത‌്. വൈകിട്ട‌് നാലുവരെ ഇത‌് 85000 ആയിരുന്നു. നാലു ദിവസത്തിനിടെയുള്ള ഏറ്റവും വലിയ തിരക്കാണ‌് രേഖപ്പെടുത്തിയത‌്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ശരാശരി 125000 ആയിരുന്നു.
ജനുവരി പത്തോടെ ഇവിടെ എത്തുന്നവർ മകരവിളക്ക‌് ദർശിച്ചശേഷം മടങ്ങാനാണ‌് സാധ്യത. പാണ്ടിത്താവളം, മാളികപ്പുറത്തിനു പുറകുവശം, കൊപ്രാക്കളത്തിനു പുറകുഭാഗം, സമീപത്തെ വന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പർണശാലകൾ കെട്ടിയാണ‌് തീർഥാടകർ താമസിക്കുക.
മകരവിളക്ക‌് ദർശിക്കാൻ ഇക്കുറി ഏറ്റവും കൂടുതൽ പേർ കേന്ദ്രീകരിക്കുക ദേവസ്വം ബോർഡ‌് പുതുതായി നിർമിച്ച ദർശൻ കേംപ്ലക‌്സിലാകും. ഏറ്റവും നന്നായി മകരവിളക്ക‌് കാണാനാകും എന്നതാണ‌് ഇതിന്റെ കാരണം. ഇതുൾപ്പെടെ എട്ടു കേന്ദ്രങ്ങളാണ‌് ദർശനത്തിനായി ഉള്ളത‌്. സുരക്ഷയ‌്ക്കായി ഇവിടങ്ങളിൽ ബാരിക്കേഡുകൾ ഒരുക്കുന്നത‌് പുരോഗമിക്കുകയാണ‌്. രണ്ടു ദിവസത്തിനുള്ളിൽ ഇത‌് പൂർത്തിയാകുമെന്ന‌് പ്രതീക്ഷിക്കുന്നു.
രണ്ടുദിവസത്തെ ദേശീയ പണിമുടക്ക‌് ശബരിമല തീർഥാടനത്തെ ബാധിക്കാതിരിക്കാൻ ഒരുക്കങ്ങൾ നടത്തിട്ടുണ്ടെന്ന‌് കെഎസ‌്ആർടിസി അധികൃതർ അറിയിച്ചു. നിലവിൽ പമ്പയിൽ നിന്ന‌് ദിവസവും 350 ഓളം സർവീസുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി സർവീസ‌് നടത്തുന്നത്. ചെങ്ങന്നൂർ, കുമളി, കോട്ടയം, എറണാകുളം ബസ് സ്‌റ്റേഷനുകളിലേക്കാണ് കൂടുതൽ സർവീസുകൾ. പമ്പ–-നിലയ്ക്കൽ റൂട്ടിൽ മാത്രം 1300 വരെ സർവീസുകൾ എല്ലാ ദിവസവും കെഎസ്ആർടിസി നടത്തുന്നുണ്ട്.
അതിനിടെ സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ എക്‌സൈസ് സ്‌ക്വാഡ് നടത്തിയ പരിശോധനകളിൽ നാല‌് കിലോഗ്രാം പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. എക്‌സൈസ് ഇന്റലിജൻസ് വിഭാഗത്തിന്റെ സഹകരണത്തോടെ 14 റെയ‌്ഡുകളാണ് ഞായറാഴ്ച നടന്നത്. 48 കേസുകൾ രജിസ്റ്റർ ചെയ്തു. പിഴയായി 9,600 രൂപയും ചുമത്തി.
from Kerala || Deshabhimani Online News http://bit.ly/2SIJEfo
via IFTTT
No comments:
Post a Comment