തിരുവനന്തപുരം > സ‌്ത്രീമുന്നേറ്റ ചരിത്രത്തിൽ നാഴികക്കല്ലാകുന്ന വനിതാമതിൽ ഉയരാൻ ഇനി ഒരു ദിനം. അനാചാരങ്ങളുടെയും ദുരാചാരങ്ങളുടെയും തടവറയിൽനിന്ന‌് സ‌്ത്രീകളെ മോചിപ്പിച്ച‌് നവോത്ഥാന മുന്നേറ്റങ്ങൾക്കൊപ്പം നടത്തി അവരെ തുല്യശക്തിയാക്കി മാറ്റിയ മണ്ണിലാണ‌് പെൺകരുത്തിന്റെ മതിൽ ഉയരുന്നത‌്. കാലത്തെ പുറകോട്ടടിപ്പിക്കാനുള്ള ഹീനശ്രമങ്ങൾ പ്രതിരോധിക്കാൻ തീർക്കുന്ന മതിലിൽ ലക്ഷക്കണക്കിന‌് സ‌്ത്രീകൾ അണിനിരക്കും.
കാസർകോടുമുതൽ തിരുവനന്തപുരം വെള്ളയമ്പലംവരെ ദേശീയപാതയിൽ 620 കിലോമീറ്റർ ദൂരത്തിൽ തീർക്കുന്ന മതിലിൽ കക്ഷിരാഷ്ട്രീയ മത, സമുദായ വ്യത്യാസമില്ലാതെ സ‌്ത്രീകൾ ഭാഗമാകും. മതിലിൽ അണിനിരക്കുന്നവർ പകൽ മൂന്നിന‌് ദേശീയപാതയിൽ എത്തും. 3.45ന‌് റിഹേഴ്‌സൽ. നാലിന‌് വനിതാമതിൽ തീർക്കും. 4.15 വരെ തുടരും. തുടർന്ന് മതേതര നവോത്ഥാന പ്രതിജ്ഞ. പ്രധാന കേന്ദ്രങ്ങളിൽ നടക്കുന്ന സമ്മേളനങ്ങളിൽ സാമൂഹ്യ–-രാഷ്ട്രീയ നായകർ പങ്കെടുക്കും. കാസർകോട്ട‌് മന്ത്രി കെ കെ ശൈലജയും തിരുവനന്തപുരം വെള്ളയമ്പലത്ത‌് ബൃന്ദ കാരാട്ടും മതിലിന്റെ ഭാഗമാകും. മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളയമ്പലത്തെത്തും.
നവോത്ഥാനമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും സ‌്ത്രീപുരുഷ സമത്വം ഉറപ്പാക്കുന്നതിനുമായി സംഘടിപ്പിക്കുന്ന വനിതാമതിലിനെ സമൂഹമാകെ പിന്തുണയ‌്ക്കുകയാണ‌്. നവോത്ഥാന സംരക്ഷണസമിതിയിലുള്ള 174 സംഘടനകളുടെ നേതൃത്വത്തിൽ 22 ലക്ഷംപേർ ഭാഗമാകും. ഇടതുപക്ഷ മഹിളാ സംഘടനകൾ 50 ലക്ഷം പേരെ പങ്കെടുപ്പിക്കാനുള്ള മുന്നൊരുക്കവും പൂർത്തിയായി. നാടിന്റെ മുക്കിലും മൂലയിലും പ്രചാരണം പൂർത്തിയാകുന്നു. ഇരുപതിനായിരം കേന്ദ്രങ്ങളിൽ വനിതാസംഗമം സംഘടിപ്പിച്ചു. കാൽലക്ഷം സ‌്ത്രീ സ‌്ക്വാഡുകളുെടെ നേതൃത്വത്തിൽ എഴുപത‌് ലക്ഷം വീടുകൾ സന്ദൾശിച്ചു.
ലോക റെക്കോഡ് നേടുന്ന വനിതാ മതിൽ തത്സമയം റിപ്പോർട്ട‌് ചെയ്യുന്നതിന‌് ലോകത്തിന്റെ പലഭാഗങ്ങളിൽനിന്നും മാധ്യമസംഘങ്ങൾ എത്തിത്തുടങ്ങി. യൂണിവേഴ്സൽ റെക്കോഡ്സ് ഫോറം മതിൽ നിരീക്ഷിക്കുന്നുണ്ട‌്. ലോക റെക്കോഡിലേക്ക് പരിഗണിക്കുന്നതിന‌് ആവശ്യമായ രേഖകൾ, വീഡിയോകൾ എന്നിവ തത്സമയം പകർത്തുന്നതിലേക്ക് 10 ജില്ലയിലായി ജൂറി അംഗങ്ങളെ ഫോറം നിയോഗിച്ചിട്ടുണ്ട‌്.
വനിതാമതിലിന‌് സാമൂഹ്യമാധ്യമങ്ങളിൽ സമാനതകളില്ലാത്ത പ്രചാരണം നടക്കുന്നുണ്ട‌്. ലോക മലയാളികളുടെയും മലയാളികളെ സ‌്നേഹിക്കുന്ന രാജ്യങ്ങളുടെയും നിറഞ്ഞ സ‌്നേഹത്തോടെയുള്ള പിന്തുണയുണ്ട‌്. നവോത്ഥാന സംരക്ഷണ മതിൽ തകർക്കാൻ പ്രതിപക്ഷം നടത്തിയ കുപ്രചാരണങ്ങൾ തള്ളിയാണ‌് പുരോഗമനസമൂഹം ഒന്നായി രംഗത്തിറങ്ങിയത‌്. ലിംഗപദവി ഭേദമില്ലാതെ എല്ലാവർക്കും തുല്യാവകാശം ഉറപ്പുവരുത്തുക എന്ന ഭരണഘടനാതത്വം പ്രായോഗികമാക്കുന്നതിനുള്ള ഇടപെടലായാണ‌് കേരളം തീർക്കുന്ന വനിതാമതിലിനെ ആധുനികലോകം കാണുന്നത‌്. മതിലൊരുക്കാനുള്ള മുഴുവൻ ചെലവും ജനങ്ങളാണ‌് വഹിക്കുന്നത‌്. മതേതര, ജനാധിപത്യമൂല്യങ്ങൾ കാംക്ഷിക്കുന്ന ആർക്കും മതിലുമായി സഹകരിക്കാം. മതിലിന‌് പിന്തുണയുമായി എത്തുന്നവർ ദേശീയപാതയിൽ റോഡിന‌് എതിർഭാഗത്തുനിന്ന‌് ചരിത്രമതിലിന‌് ദൃക‌്സാക്ഷികളാകും.
from Kerala || Deshabhimani Online News http://bit.ly/2EVOHWt
via IFTTT
No comments:
Post a Comment