കോഴിക്കോട്
കടം എഴുതിത്തള്ളിയതുകൊണ്ടുമാത്രം കർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമാവില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. തൽക്കാലത്തേക്കുള്ള പ്രതിവിധി മാത്രമാണിത‌്. ഇനി കടം കൊടുക്കാൻ ബാങ്കുകൾ തയാറാവില്ല. കടം എവിടെ നിന്നും കിട്ടാത്ത സ്ഥിതിയുണ്ടാവും–- ‘ദീപിക' റിപ്പോർട്ടറായിരുന്ന ജിബിൻ പി മൂഴിക്കലിന്റെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് മാധ്യമ സൗഹൃദ കൂട്ടായ്മ പ്രസ‌്ക്ലബ്ബിൽ സംഘടിപ്പിച്ച ‘കർഷകർ രാഷ്ട്രീയത്തിൽ ഇടപെടുമ്പോൾ' സംവാദത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കടം എഴുതിത്തള്ളുന്നതിന‌് പുറമേ വരുമാനം വർധിപ്പിച്ചാൽ മാത്രമേ കർഷകർക്ക് പിടിച്ചുനിൽക്കാനാവൂ. 1970 ൽ കൃഷിക്കാരന്റെ വരുമാനം കുടുതലായിരുന്നു. മറ്റുള്ളവരുടേത‌് കുറവും. 10 ഏക്കർ ഭൂമിയുള്ളവർക്ക് 1970ൽ 1200 രൂപയായിരുന്നു മാസവരുമാനം. ജില്ലാ കലക്ടർക്ക് 960 രൂപയും അധ്യാപകന് 175 രൂപയുമായിരുന്നു ലഭിച്ചത്. ഇന്ന് കർഷകന്റെ വരുമാനം ഒരു മാസം 10,000 രൂപയാണ‌്. ഇതുകൊണ്ട് കുടുംബ ചെലവ് പോലും വഹിക്കാൻ കഴിയില്ല. അതേസമയം അധ്യാപകന്റേത് 300 ഇരട്ടിയാണ് വർധിച്ചത്. 1970 ലെ വരുമാനത്തിന്റെയും ഇപ്പോഴുള്ള വരുമാനത്തിന്റെയും അന്തരമാണ് കർഷകരുടെ പ്രശ്‌നങ്ങൾക്ക് പ്രധാന കാരണം.
ആർസിഇപി (റീജ്യണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ്പ്) സ്വതന്ത്ര വ്യാപാര കരാർ ഒപ്പിട്ടാൽ കാർഷികമേഖല പൂർണമായും തകരും. ഓസ്‌ട്രേലിയയിൽ നിന്ന് ഗോതമ്പും നെതർലാൻഡിൽ നിന്ന് പാലും ഇവിടെ എത്തും. നെതർലൻഡ‌്സിൽ അവിടുത്തെ ആവശ്യത്തേക്കാൾ ആറിരട്ടിയിലധികം പാലാണ് ഉൽപ്പാദിപ്പിക്കുന്നത്. അത് ഇവിടേക്ക് എത്തുന്നതോടെ പാലുൽപ്പാദന മേഖലയിലെ ആയിരങ്ങളുടെ ഉപജീവനമാർഗമില്ലാതാവും. കുരുമുളക്, ജാതി തുടങ്ങിയ കാർഷിക മേഖലയും കരാർ ഒപ്പിടുന്നതോടെ തകരും. ഇത്രയും പ്രത്യാഘാതമുണ്ടാവുന്ന വിഷയമായിട്ടും മാധ്യമങ്ങൾ ഉൾപ്പെടെ ശബ്ദിക്കുന്നില്ല. രാഷ്ട്രീയ പാർടികൾ പ്രതിഷേധംപോലും സംഘടിപ്പിക്കാൻ തയാറാവുന്നില്ല.
കാർഷികമേഖലയിലെ പ്രശ്‌നങ്ങളൊന്നും വേണ്ടത്ര ശ്രദ്ധയിൽ പെടുന്നില്ല. കൃഷിക്കാർക്ക് മറ്റു താൽപ്പര്യങ്ങളൊന്നുമില്ലാത്തതാണ് ഇതിന‌് കാരണം. നല്ല കാലാവസ്ഥയുണ്ടാവണം, വിളവുണ്ടാവണം എന്നതുമാത്രമാണ് അവരുടെ താൽപ്പര്യം. പഞ്ചായത്ത് അംഗമാവാനോ എംഎൽഎ, മന്ത്രി എന്നീ സ്ഥാനങ്ങൾ വഹിക്കാനോ രാജ്യത്തെ വെട്ടിപ്പിടിക്കാനോ ഒന്നും അവർക്ക് ആഗ്രഹമില്ല. അതിനാലാണ് അവർ മുന്നിലേക്ക് വരാത്തത്. വോട്ട് ചെയ്യാൻ പോവുമ്പോൾ അപ്പോൾ കേൾക്കുന്ന മുദ്രാവാക്യത്തിന് മുന്നിലവർ വോട്ടുചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു.
പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ, ജില്ലാ പ്രസിഡന്റ് കെ പ്രേമനാഥ്, പി വി ജീജോ, കെ പി സജീവൻ എന്നിവർ സംസാരിച്ചു.
from Kerala || Deshabhimani Online News http://bit.ly/2SgaV8L
via IFTTT
No comments:
Post a Comment