എം പാനൽ ജീവനക്കാരുടെ പിരിച്ചുവിടൽ കെഎസ‌്ആർടിസിയെ കൂടുതൽ പ്രതിസന്ധിയിലാക്കും. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന‌് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതോടെ തിങ്കളാഴ‌്ചതന്നെ സർവീസുകൾ താളം തെറ്റി. പലയിടത്തും ട്രിപ്പുകൾ റദ്ദാക്കി. തിങ്കളാഴ‌്ച എം പാനൽ ജീവനക്കാർ ജോലിക്ക‌് ഹാജരായിരുന്നു. ഉച്ചയോടെയാണ‌് പലർക്കും പിരിച്ചുവിടൽ നോട്ടീസ‌് ലഭിച്ചത‌്. സ്ഥിരം ജീവനക്കാർ രണ്ട‌് ഡ്യൂട്ടിയും മൂന്ന‌് ഡ്യൂട്ടിയുമെല്ലാം എടുത്താണ‌് സർവീസ‌് നടത്തിയത‌്. സർവീസ‌് മുടങ്ങാതിരിക്കാൻ അധികസമയ ജോലിക്ക‌് പ്രത്യേക വേതനം അനുവദിച്ച‌് ഉത്തരവിറക്കി.
പിരിച്ചുവിടൽ ചൊവ്വാഴ‌്ച കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചേക്കും. ദീർഘദൂര റൂട്ടുകളിൽ ഡ്രൈവർ കം കണ്ടക്ടർ സംവിധാനം ഏർപ്പെടുത്തുമെന്ന‌് അധികൃതർ അറിയിച്ചു. സ്ഥിരം ജീവനക്കാരുടെ അവധിയും നിയന്ത്രിച്ചു.
പിഎസ‌്സി റാങ്ക‌് പട്ടികയിലുള്ളവർക്ക‌് നിയമന ഉത്തരവ‌് നൽകിയിട്ടുണ്ടെങ്കിലും പരിശീലനം നൽകിയാലേ ഡ്യൂട്ടി നൽകാനാകൂ. നിയമന ഉത്തരവ‌് ലഭിച്ചാലും ജോലിയിൽ പ്രവേശിക്കാൻ ഇവർക്ക‌് നിയമാനുസൃതം കാലയിളവും ഉണ്ട‌്. സ്ഥിരനിയമനം ലഭിക്കുന്നവർക്ക‌് കൂടുതൽ വേതനം നൽകേണ്ടി വരുന്നത‌് കെഎസ‌്ആർടിസിയെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന‌് അധികൃതർ പറഞ്ഞു.
തിരിച്ചടി: മന്ത്രി
താൽക്കാലിക കണ്ടക്ടർമാരെ പിരിച്ചുവിടുന്നത് കെഎസ്ആർടിസിയെ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവീഴ്ത്തുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഇപ്പോൾത്തന്നെ സർക്കാർ സഹായിച്ചാണ‌് ജീവനക്കാർക്ക‌് ശമ്പളവും പെൻഷനും നൽകുന്നത‌്. കെഎസ‌്ആർടിസിയെ സ്വന്തം കാലിൽ നിർത്താനുള്ള ശ്രമങ്ങൾക്ക‌് പുതിയ തീരുമാനം തിരിച്ചടിയാണ‌്. കോടതി വിധിക്കെതിരായ നിയമനടപടികൾ ആലോചിക്കുന്നതേയുള്ളൂ. വിധി അനുസരിച്ചുള്ള നടപടികളാണ‌് സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു.
നടപടി നിയമോപദേശത്തിന‌് ശേഷം: സിഎംഡി
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ‌് എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ടതെന്നും അനുകൂലവിധിയുണ്ടായാൽ മുഴുവൻ പേരെയും തിരിച്ചെടുക്കുമെന്നും കെഎസ‌്ആർടിസി സിഎംഡി ടോമിൻ ജെ തച്ചങ്കരി പറഞ്ഞു. കോടതി ഉത്തരവ‌് നടപ്പാക്കാതിരിക്കാനാകില്ല. വിധിക്കെതിരെ ജീവനക്കാർ സുപ്രീംകോടതിയെ സമീപിച്ച‌് അനുകൂല വിധി നേടിയാൽ എല്ലാവരെയും സ്വീകരിക്കും. നിയമോപദേശം ലഭിച്ചശേഷമാകും തുടർ നിയമനടപടികൾ സ്വീകരിക്കുകയെന്നും തച്ചങ്കരി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2A78RJ0
via IFTTT
No comments:
Post a Comment