ഏതുവെല്ലുവിളിയെയും അതിജീവിക്കാൻ കേരളത്തിലെ സ‌്ത്രീകൾ സജ്ജരായി എന്നതിന്റെ പ്രഖ്യാപനമാകും ജനുവരി ഒന്നിന്റെ വനിതാ മതിലെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. എൽഡിഎഫ‌് തിരുവനന്തപുരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മതസൗഹാർദ ദിനം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാൽപ്പതുലക്ഷം സ‌്ത്രീകൾ വനിതാമതിലിൽ അണിനിരക്കും. ജാതി, മത വ്യത്യാസമില്ലാതെ എല്ലാ വിഭാഗത്തിലുംപ്പെട്ട സ‌്ത്രീകൾ പങ്കാളികളാകുന്ന മതിൽ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ മറ്റൊരു നാഴിക്കക്കല്ലാകും.
സംഘാടകസമിതി രൂപീകരിച്ചതിനു പിന്നാലെ മതിലിനെതിരെ ബിജെപിയും കോൺഗ്രസും രംഗത്തിറങ്ങിയത‌് വനിതാ മുന്നേറ്റത്തെ അവർ ഭയക്കുന്നതിന്റെ തെളിവാണ‌്. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച‌് വിധിച്ചിട്ടും ഈ പാർടികൾ ശബരിമലയിൽ സ‌്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന‌് പറഞ്ഞ‌് സമരം ചെയ്യുന്നതിന്റെ കാരണവും മറ്റൊന്നുമല്ല. കേരളത്തിലെ കോൺഗ്രസുകാരുടെ പ്രസിഡന്റ‌് അമിത‌് ഷായാണ‌്. എഐസിസി പ്രസിഡന്റ‌് രാഹുൽ ഗാന്ധി സുപ്രീംകോടതി വിധിയെ സ്വാഗതംചെയ‌്തു. പക്ഷെ, കേരളത്തിലെ കോൺഗ്രസുകാർ ഇതംഗീകരിക്കുന്നില്ല.
നിയമസഭയ‌്ക്കു മുന്നിൽ പട്ടിണികിടക്കാതെ കോൺഗ്രസ‌് എംഎൽഎമാർ സത്യഗ്രഹമിരിക്കുന്നു. സെക്രട്ടറിയറ്റിനു മുന്നിൽ ബിജെപി നേതാവ‌് പട്ടിണികിടന്ന‌് സമരം ചെയ്യുന്നു.- പക്ഷെ, രണ്ടു പാർടിയുടെയും ലക്ഷ്യം ഒന്ന‌്–-ശബരിമലയുടെ പേരിൽ കലാപം സംഘടിപ്പിക്കുക. വിലകുറഞ്ഞ പ്രശസ‌്തിക്കുവേണ്ടി പൊതുതാൽപ്പര്യ ഹർജിസമർപ്പിച്ച ബിജെപി വനിതാ നേതാവിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ച‌് പിഴയിട്ടു. നേതാവ‌് കോടതിയില്‍ മാപ്പിരന്നു. ജയിലിൽ കിടന്നപ്പോൾ മറ്റൊരു നേതാവിന്റെ ഉശിരുപോയി.
2004 പൊതു തെരഞ്ഞെടുപ്പിന്റെ തനിയാവർത്തനമാകും അടുത്തവർഷത്തെ ലോക‌്സഭാ തെരഞ്ഞെടുപ്പ‌്. 2004ൽ കേരളത്തിലെ 20 മണ്ഡലങ്ങളിൽ 18ഉം നേടിയ ഇടതുപക്ഷം എ ബി വാജ‌്പേയിയെ അധികാരത്തിൽനിന്ന‌് മാറ്റിനിർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. നരേന്ദ്ര മോഡി ഭരണത്തിന‌് അന്ത്യം കുറിക്കുന്ന 2019ലെ തെരഞ്ഞെടുപ്പിലും ഇതാവർത്തിക്കുമെന്ന‌് കോടിയേരി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2PnaA1z
via IFTTT
No comments:
Post a Comment