തിരുവനന്തപുരം > തീർഥാടകരുടെ തിരക്ക‌് വർധിച്ചതോടെ ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തി. നെയ്യഭിഷേകത്തിനുവേണ്ടി ഭക്തർക്ക് വിരിവയ്ക്കാൻ വടക്കേനടയിലെ ബാരിക്കേഡുകൾ മാറ്റി. വാവര് നടയിലേക്ക് ബാരിക്കേഡ‌് നീക്കി ഒരു വാതിൽകൂടി തുറന്നു.
ഇനിമുതൽ ദിവസവും പുലർച്ചെ മൂന്നു മുതൽ പകൽ 11 വരെ വടക്കേ നടയിൽ വിരിവയ്ക്കാം. ഈ സമയം തിരുമുറ്റത്ത് വിശ്രമിക്കാനും അനുവദിക്കും. ഹൈക്കോടതി നിർദേശിച്ച രീതിയിലാണ് പുതിയ ക്രമീകരണങ്ങളെന്ന് പൊലീസ് അറിയിച്ചു. സംഘർഷ സാധ്യതയുണ്ടെങ്കിൽ നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കാമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച വൻ തിരക്കായിരുന്നതിനാൽ രാത്രി ഏഴുമുതൽതന്നെ വടക്കേ നടയിൽ തീർഥാടകരെ വിരിവയ്ക്കാൻ അനുവദിച്ചു. ഈ ഭക്തരെ തുരത്തി നാമജപമെന്ന പേരിൽ സംഘർഷത്തിന് ശ്രമിച്ചാൽ തടയുമെന്നുതന്നെയാണ് പൊലീസ് നിലപാട്. മാളികപ്പുറം ക്ഷേത്രത്തിനു താഴെ വിരിവയ്ക്കുന്നവരെ മാറ്റിയാണ് നിലവിൽ നാമജപ സമരം.
ഹർത്താൽ ദിനമായ വെള്ളിയാഴ്ച ലക്ഷത്തിലേറെ പേർ ദർശനത്തിനെത്തിയെന്നാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ. വരുമാനവും കുതിച്ചുയർന്നു. ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസിയും സീസണിലെ മികച്ച വരുമാനം നേടി. നിലയ്ക്കൽ–-- പമ്പ സർവീസിൽ മാത്രം ഒരു ദിവസം 51.47 ലക്ഷം രൂപയുടെ നേട്ടമാണ് കോർപറേഷനുണ്ടായത്.
from Kerala || Deshabhimani Online News https://ift.tt/2LjCr2n
via IFTTT
No comments:
Post a Comment