മട്ടന്നൂർ
പന്തലിന് പുറത്ത് കൊടുംചൂടാണെങ്കിലും അകത്തെ സദസ് കലയുടെ നിലാക്കുളിരിലായിരുന്നു. ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയവർക്ക് നാടിന്റെ കലാ സാംസ‌്കാരിക വൈവിധ്യങ്ങൾ സമ്പന്നമാക്കിയ കലാവിരുന്നാണ് സ്വാഗതമോതിയത്. തിരുവാതിരക്കളിയോടെയാണ് കലാ പരിപാടികൾ ആരംഭിച്ചത്. കെ എസ് ചിത്രയുടെ ശബ്ദഭംഗിയിൽ വിരിഞ്ഞ തിരുവാതിരപ്പാട്ടിന്റെ ഈണത്തിനൊത്താണ് അംഗനമാരുടെ ചുവടുകൾ. കാസർകോട് നാസർ അക്കാദമിയിലെ കലാകാരികൾ അവതരിപ്പിച്ച ഒപ്പനയും വേദിക്ക് വർണപ്പകിട്ടേകി.
രവീന്ദ്രനാഥ ടാഗോറിന്റെ വിശ്വ പ്രസിദ്ധമായ ഗീതാഞ്ജലിയിലെ 150ൽപ്പരം ലഘു ഗീതങ്ങളുടെ സാരാംശം ഉൾക്കൊള്ളുന്ന സംഗീതശിൽപം മോഹിനിയാട്ട രൂപത്തിലും അവതരിപ്പിക്കപ്പെട്ടു. കണ്ണൂർ ബർണശേരി മുദ്ര കലാക്ഷേത്രത്തിലെ വിദ്യാർഥികളാണ് അരങ്ങിലെത്തിച്ചത്. കലാമണ്ഡലം കലാവതിയാണ് മോഹിനിയാട്ടം ഒരുക്കിയത്. ഏച്ചൂർ വിശ്വഭാരത് കളരിസംഘത്തിന്റെ കളരിപ്പയറ്റും കാഴ്ചക്കാരിൽ വിസ്മയമേകി. ഗുരുക്കളടക്കം 28 പേർ കളരിപ്പയറ്റിൽ അണിചേർന്നു. വനിതാ കോൽക്കളി സംഘത്തിന്റെ കോൽക്കളിയും കുട്ടികൾ അണിനിരന്ന നാടൻപാട്ടും അരങ്ങേറി.
പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിയുടെ ചെണ്ടമേളം ഉദ്ഘാടനത്തിന് തനിമയേകി. മേളക്കൊഴുപ്പിന്റെ അവിസ്മരണീയമായ ധന്യ നിമിഷങ്ങളാണ് ശങ്കരൻകുട്ടിയും മക്കളും അടങ്ങുന്ന സംഘം സമ്മാനിച്ചത്. ഉദ്ഘാടനത്തിനായി മുഖ്യമന്ത്രിയടക്കമുള്ളവർ വേദിയിലേക്ക് കടന്നുവരുമ്പോൾ ചെണ്ടയിൽ മാന്ത്രിക സ്പർശം തീർക്കുകയായിരുന്നു അദ്ദേഹം. കൽപറ്റ സ്കൂൾ അധ്യാപകൻ ഷാജി മട്ടന്നൂർ രചിച്ച സ്വാഗതഗാനവും ആലപിച്ചു. പ്രളയത്തിൽനിന്ന‌് കരകയറിയ കേരളത്തിന് പ്രചോദനമാകുന്ന രീതിയിലുള്ള ‘കേരളം ഉയരട്ടെ, മലയാളം ഉയരട്ടെ' എന്ന ഗാനവും കരഘോഷങ്ങളോടെ സ്വീകരിക്കപ്പെട്ടു.
from Kerala || Deshabhimani Online News https://ift.tt/2SBabL2
via IFTTT
No comments:
Post a Comment