പുതുക്കിയ നിരക്കിന‌് അനുസൃതമായി ഓട്ടോറിക്ഷകളിൽ മീറ്റർ ക്രമീകരിക്കുന്ന നടപടികൾക്ക‌് തുടക്കമായി. ജില്ലാ, താലൂക്ക‌് ലീഗൽ മെട്രോളജി ഓഫീസുകൾ മുഖേനയാണ‌് മീറ്റർ ക്രമീകരണം. സംസ്ഥാനത്ത‌് ആകെയുള്ള എട്ടുലക്ഷത്തോളം ഓട്ടോറിക്ഷകളെ നാല‌് ഘട്ടമായി തിരിച്ചാണ‌് പ്രവർത്തനം.
ഇന്ധനവിലയിൽ ദിവസേന വർധനയുണ്ടാകുന്ന സാഹചര്യത്തിൽ ചാർജ‌് വർധിപ്പിക്കണമെന്നത‌് ഓട്ടോറിക്ഷാ തൊഴിലാളികളുടെ ദീർഘകാല ആവശ്യമായിരുന്നു. സംസ്ഥാന സർക്കാർ അടുത്തിടെ മിനിമം നിരക്ക‌് 20ൽനിന്ന‌് 25 രൂപയായും (ഒന്നേകാൽ കിലോമീറ്ററിന‌്) അധികമായി വരുന്ന ഓരോ കിലോമീറ്ററിനും പത്തിൽനിന്ന‌് 15 രൂപയായും വർധിപ്പിച്ചു. ഉത്തരവ‌് പ്രകാരം മീറ്ററിൽ ക്രമീകരണം നടത്തുന്ന നടപടികൾ പുരോഗമിച്ചു വരികയാണെന്ന‌് ലീഗൽ മെട്രോളജി അധികൃതർ പറഞ്ഞു.
ലീഗൽ മെട്രോളജി വകുപ്പിൽനിന്ന‌് അനുമതി വാങ്ങി അംഗീകൃത വർക‌്ഷോപ്പുകളിൽനിന്ന‌് മീറ്ററുകളിൽ ആവശ്യമായ ക്രമീകരണം നടത്തണം. ശേഷം മീറ്ററുകൾ ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധനയ്ക്ക‌് വിധേയമാക്കുകയും നിരാക്ഷേപ പത്രം വാങ്ങുകയും ചെയ്യണം. ഒക്ടോബർമുതൽ ഡിസംബർവരെ പരിശോധനയ്ക്ക‌് വിധേയമാകുന്ന വാഹനങ്ങളുടെ മീറ്ററുകളാണ‌് ആദ്യഘട്ടത്തിൽ ക്രമീകരണത്തിന‌് വിധേയമാകുക. മീറ്റർ ക്രമീകരണം പൂർത്തിയാകുംവരെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ‌് പുതുക്കിയ നിരക്കും വിശദമാക്കുന്ന ചാർട്ടും ലഭ്യമാക്കി.
ഓരോ താലൂക്ക‌് ഇൻസ‌്പെക്ടർമാർക്ക‌് കീഴിലും 12,000 ഓട്ടോറിക്ഷകൾ വരെ ഉണ്ടെന്നാണ‌് കണക്ക്. മോട്ടോർ വാഹന വകുപ്പിന്റെ 2016ലെ കണക്ക‌് പ്രകാരം തിരുവനന്തപുരം ജില്ലയിൽ മാത്രം 66,000 ഓട്ടോറിക്ഷകളുണ്ട‌്. എന്നാൽ, വിവിധ ജില്ലകളിൽ മോട്ടോർ ക്രമീകരണത്തിനായി വ്യത്യസ്ത നിരക്കാണ‌് ഈടാക്കുന്നതെന്ന‌് ഓട്ടോറിക്ഷാ ഡ്രൈവർമാർ ചൂണ്ടിക്കാട്ടുന്നു.
ലീഗൽ മെട്രോളജി വകുപ്പിൽനിന്ന‌് അനുമതി വാങ്ങി ക്രമീകരണം നടത്തി തിരികെ പരിശോധനയ്ക്ക‌് പോകുമ്പോൾ മൂന്നുദിവസത്തെ വരുമാനം നഷ്ടമാകുന്നു. അതിനിടെ തിരുവനന്തപുരം ജില്ലയിൽ മാത്രം മീറ്റർ പരിശോധനാ ഫീസ‌് 350ൽനിന്ന‌് 400 ആയി ഉയർത്തിയത‌് ഓട്ടോറിക്ഷാ തൊഴിലാളികൾക്ക‌് ദുരിതമായതായി ഓട്ടോ തൊഴിലാളി യൂണിയൻ (സിഐടിയു) തിരുവനന്തപുരം ജില്ലാ സെക്രട്ടറി കെ ജയമോഹനൻ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2Q94mD0
via IFTTT
No comments:
Post a Comment