കണ്ണൂർ
യുവജനങ്ങൾക്ക‌് തൊഴിൽ വാഗ‌്ദാനംചെയ‌്ത‌് അധികാരത്തിൽവന്ന മോഡി സർക്കാർ ആർക്കും പുതുതായി തൊഴിൽ നൽകിയില്ലെന്നു മാത്രമല്ല നിലവിലുള്ളവരുടെ തൊഴിൽകൂടി ഇല്ലാതാക്കുകയാണെന്ന‌് സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ‌് ഡോ. കെ ഹേമലത പറഞ്ഞു. ബെഫി അഖിലേന്ത്യാസമ്മേളനത്തിന്റെ ഭാഗമായി കണ്ണൂരിൽ സംഘടിപ്പിക്കുന്ന ദ്വിദിന ജനകീയകൂട്ടായ‌്മ ‘ജനസമക്ഷം’ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അവർ. തൊഴിലാളികൾക്ക‌് അനുകൂലമായ എല്ലാ നിയമങ്ങളും ഭേദഗതിചെയ‌്ത‌് കോർപറേറ്റുകളുടെ താൽപര്യസംരക്ഷണത്തിനുള്ളതാക്കുകയാണ‌്. പൊതുമേഖലാസ്ഥാപനങ്ങൾ വിറ്റഴിച്ച‌് ഓഹരികൾ കുത്തകകൾക്ക‌് കൈമാറാനും ബാങ്കുകൾ ലയിപ്പിച്ച‌് സ്വകാര്യവൽകരിക്കാനും ശ്രമിക്കുന്നു.
ഉദാരവൽകരണനയം നടപ്പാക്കുന്ന ഘട്ടത്തിൽ യുപിഎ സർക്കാരും തുടർന്നുവന്ന ബിജെപി സർക്കാരും പറഞ്ഞത‌് വിദേശനിക്ഷേപം വന്നാൽ കൂടുതൽ തൊഴിൽസാധ്യതക്ക‌് വഴിതെളിയുമെന്നാണ‌്. എന്നാൽ ഉൽപാദനരംഗത്ത‌് ഇന്ത്യയിൽ പുതിയ നിക്ഷേപങ്ങളൊന്നും വന്നില്ല എന്നതാണ‌് വാസ‌്തവം. ഒരു കോടിയോളം പേർക്ക‌് തൊഴിൽ നഷ്ടപ്പെട്ടുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
ഉദാരവൽകരണനയം നടപ്പാക്കിയ എല്ലാ രാജ്യങ്ങളിലും തൊഴിലാളികളും കർഷകരും ജീവനക്കാരും ഒരേ പ്രതിസന്ധിയാണ‌് നേരിടുന്നത‌്. ഇടതുപക്ഷത്തിന‌് ശക്തിയുള്ളയിടങ്ങളിൽ മാത്രമാണ‌് അൽപമെങ്കിലും ആശ്വാസമുള്ളത‌്. രാജ്യത്ത‌് ഇടതുപക്ഷത്തിനുനേരെ സംഘപരിവാരങ്ങളുടെ ആക്രമണവും വ്യാപകമാവുകയാണ‌്. കോർപറേറ്റ് നയങ്ങൾ രാജ്യത്തുണ്ടാക്കുന്ന ദുരിതങ്ങളിൽനിന്ന‌് ജനശ്രദ്ധ തിരിച്ചുവിടാനും വരുന്ന ലോക‌്സഭാ തെരഞ്ഞെടുപ്പിൽ കാര്യങ്ങൾ കോർപറേറ്റുകൾക്ക‌് അനുകൂലമാക്കാനുമാണ‌് വർഗീയശക്തികളുടെ ശ്രമം. മാധ്യമങ്ങളെയടക്കം അവർ അതിന‌് ഉപയോഗിക്കുകയാണെന്നും ഹേമലത പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2QoFDQf
via IFTTT
No comments:
Post a Comment