പാലക്കാട് സർക്കാർ ആശുപത്രിയിൽ രണ്ട‌് പേർക്ക‌് ‘നിപാ’ വൈറസ‌് സ്ഥിരീകരിച്ചെന്നും ഇറച്ചിക്കോഴിയിൽനിന്ന‌് പകർന്നതാണെന്നുമുള്ള വാട‌്സ‌് ആപ‌് സന്ദേശങ്ങൾക്കു പിന്നിൽ സംഘപരിവാർ സംഘടനകൾ. സംഘടനകളുടെ വാട‌്സ‌് ആപ‌് ഗ്രൂപ്പുകളിൽനിന്നാണ‌് വ്യാജസന്ദേശം വ്യാപിക്കുന്നതെന്ന‌് പൊലീസിന‌് വിവരം ലഭിച്ചു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പാലക്കാട് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ഷംസുദ്ദീൻ ‘ദേശാഭിമാനി’യോട് പറഞ്ഞു. വ്യാജ പ്രചാരണം നടത്തിയതിന‌് പാലക്കാട‌് നോർത്ത‌് പൊലീസ‌് കേസെടുത്തു. ഫേസ‌് ബുക്ക‌്പോസ‌്റ്റുകൾ വ്യാപകമാക്കുന്നതിൽ ഗൂഢാലോചനയുണ്ടെന്ന‌് പൊലീസ‌് സംശയിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ‌് കേസ‌് രജിസ‌്റ്റർ ചെയ‌്തത‌്. ഇത്തരം പോസ‌്റ്റുകൾ പ്രചരിപ്പിക്കുന്നതും ഷെയർ ചെയ്യുന്നതും കുറ്റകരമാണെന്ന‌് പൊലീസ‌് അറിയിച്ചു. സൈബർ സെല്ലിന്റെ മേൽനോട്ടത്തിലാണ‌് കേസ‌് അന്വേഷണം.
സർക്കാർവിരുദ്ധ വികാരം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന‌് സംശയിക്കുന്നു. വവ്വാലുകളിൽ വൈറസ‌് കണ്ടെത്തിയില്ലെന്നും കോഴിക്കോട്ട‌്നിന്ന‌് എത്തിച്ച ബ്രോയിലർ കോഴികളിൽ വൈറസ് കണ്ടെത്തിയെന്നും പുണെ നാഷണൽ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് വൈറോളജി ഡയറക്ടർ ആനന്ദ‌് ബസു അറിയിച്ചതാണെന്ന വ്യാജ സന്ദേശം പ്രചരിപ്പിക്കുകയാണ‌്. എന്നാൽ പുണെ വൈറോളജി ഇൻസ‌്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ദേവേന്ദ്ര ടി മൗര്യയാണ‌്. ഇദ്ദേഹമാണ‌് പ്രിൻസിപ്പലും. ഡോ. ആനന്ദ‌് ബസു എന്നൊരാൾ അവിടെയില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി. അവിടെനിന്ന‌് ഒരുതരത്തിലുള്ള വാർത്തകളും ഇതുസംബന്ധിച്ച‌് നൽകിയിട്ടുമില്ല.
ടൈംസ് ഓഫ‌് ഇന്ത്യയിൽ ‘നിപാ’ സംബന്ധിച്ച‌് വാർത്ത വന്നെന്നും അതിന്റെ ലിങ്ക‌് ലഭ്യമാണെന്നും പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ലിങ്ക‌് നൽകിയിട്ടുമില്ല. കോഴിയിറച്ചി കഴിക്കുന്നത‌് തൽക്കാലം നിർത്തിവയ‌്ക്കണമെന്ന‌് ഡോക്ടർമാർ നിർദ്ദേശിച്ചെന്നും സന്ദേശത്തിലുണ്ട്.
പാലക്കാട‌് സർക്കാർ ആശുപത്രിയെന്നാണ‌് പറയുന്നത‌്. ഏത‌് ആശുപത്രിയാണെന്നു വ്യക്തമാക്കിയിട്ടില്ല.
‘നിപാ’ പനിമൂലം വലിയ ദുരന്തം സംഭവിക്കേണ്ടിയിരുന്നത‌് സംസ്ഥാന സർക്കാരിന്റെ ശക്തമായ പ്രതിരോധംകൊണ്ട‌് ഇല്ലാതാക്കിയത‌് ലോകത്തിനുതന്നെ മാതൃകയായിരുന്നു. സർക്കാർ നേടിയ നേട്ടത്തെ കുറച്ചുകാണിക്കാനും ശബരിമല വിഷയത്തിൽനിന്ന‌് ജനശ്രദ്ധ തിരിക്കാനുമാണ‌് ‘നിപാ’ വൈറസുമായി സംഘപരിവാർ ഇറങ്ങിയിരിക്കുന്നത‌്. വ്യാജവാർത്തയുടെ ഉറവിടം സംബന്ധിച്ച‌് ഉടൻ സൂചന ലഭിക്കുമെന്ന‌് സ‌്പെഷ്യൽ ബ്രാഞ്ച‌് ഡിവൈഎസ്പി ഷംസുദ്ദീൻ പറഞ്ഞു.
‘നിപാ’ പ്രചാരണത്തിനു പിന്നിൽ ശാസ‌്ത്രീയ അടിത്തറയില്ലെന്ന‌് മൃഗസംരക്ഷണ വകുപ്പ‌് ഡപ്യൂട്ടി ഡയറക്ടർ തോമസ‌് എബ്രഹാമും അറിയിച്ചു.
from Kerala || Deshabhimani Online News https://ift.tt/2UkEeIB
via IFTTT
No comments:
Post a Comment