തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനം തിരുത്താൻ സംസ്ഥാനതാൽപ്പര്യം മുൻനിർത്തി കൂട്ടായ ഇടപെടൽ അനിവാര്യമാണെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിൽനിന്ന‌് കേന്ദ്ര സർക്കാർ അടിയന്തരമായി പിന്തിരിയണം. നിയമസഭയിൽ ചട്ടം 300 അനുസരിച്ചുള്ള പ്രസ‌്താവന നടത്തുകയായിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷബഹളത്തെത്തുടർന്ന‌് പ്രസ‌്താവന നിയമസഭയുടെ മേശപ്പുറത്തുവയ‌്ക്കുകയായിരുന്നു. സ്വകാര്യവൽക്കരണ തീരുമാനം വന്നയുടൻ സർക്കാർ ഇടപെട്ടിരുന്നു. ഇക്കാര്യത്തിൽ ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യും. സംസ്ഥാന സർക്കാരിന്റെ മുൻകൈയോടെ സ‌്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കാനുള്ള അനുമതിനൽകാൻ കേന്ദ്രം തയ്യാറാകണം. ലേലം ചെയ്യാനാണ് ഉദ്ദേശ്യമെങ്കിൽ സംസ്ഥാന സർക്കാരിന് പരിധിയില്ലാതെ റൈറ്റ‌് ഓഫ‌് ഫസ‌്റ്റ‌് റഫ്യൂസൽ നൽകണം.1932-ൽ സ്ഥാപിച്ച കേരളത്തിലെ ആദ്യ വിമാനത്താവളമാണ് തിരുവനന്തപുരത്തേത‌്.
വളർച്ചയുടെ പാതയിലൂടെ നീങ്ങുന്ന വിമാനത്താവളത്തെ മറ്റ് ആറെണ്ണത്തോടൊപ്പം മത്സരാധിഷ്ഠിത ലേലപ്രക്രിയയിലൂടെ പൊതു-സ്വകാര്യ പങ്കാളിയെ കണ്ടെത്തി വികസിപ്പിക്കാനാണ് കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്. തീരുമാനം പ്രതിഷേധാർഹമാണ്. തീരുമാനം വന്നയുടൻ പുനഃപരിശോധിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. നവംബർ 21നും ഡിസംബർ എട്ടിനും വ്യോമയാനമന്ത്രിക്ക് സംസ്ഥാനം കത്തയച്ചു. ഡിസംബർ ഒമ്പതിന‌് മന്ത്രിയെ കണ്ടപ്പോഴും നിലപാട് അവതരിപ്പിച്ചു. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളുടെ നിർമാണത്തിലും നടത്തിപ്പിലും നേതൃത്വം നൽകിയതിന്റെ ഭാഗമായി മേഖലയിൽ നല്ല പരിചയം കേരളത്തിനുണ്ട‌്. ഇക്കാര്യത്തിൽ കേന്ദ്രം ആവശ്യപ്പെട്ട പ്രകാരം നിതി ആയോഗ് സിഇഒയുടെ അധ്യക്ഷതയിലുള്ള എംപവേർഡ് ഗ്രൂപ്പ് ഓഫ് സെക്രട്ടറീസ് നാലിന‌് ചീഫ് സെക്രട്ടറിയുമായി ചർച്ച നടത്തിയിരുന്നു. സംസ്ഥാനത്തുള്ള കേന്ദ്ര സർക്കാർ പൊതുമേഖലാസ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കാൻ നേരത്തേ കേന്ദ്രം തീരുമാനിച്ചിരുന്നു. ഈ ഘട്ടത്തിൽ ലേലത്തിൽ മറ്റുള്ളവരെപ്പോലെ സംസ്ഥാനത്തിനും പങ്കെടുക്കാമെന്ന നിലപാടാണ് സ്വീകരിച്ചത്.
വിമാനത്താവളത്തിന്റെ കാര്യത്തിലും ഇത്തരമൊരു സമീപനം സ്വീകരിച്ച് മുന്നോട്ടുപോകുന്നത് അഭിലഷണീയമല്ല. 2003ൽ അന്നത്തെ വ്യോമയാന സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ, ഏതെങ്കിലും അവസരത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വകാര്യപങ്കാളിത്തം ഉണ്ടാകുകയാണെങ്കിൽ സംസ്ഥാനവുമായി കൂടിയാലോചിക്കുമെന്ന‌് വ്യക്തമാക്കിയിരുന്നു. ഏറ്റെടുത്ത് നൽകിയ അധികഭൂമിയുടെ വില കണക്കിലെടുത്ത് സംസ്ഥാനത്തിന്റെ പങ്കാളിത്തത്തോടെ ഒരു സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കാമെന്നും അറിയിച്ചു. ഏറ്റെടുത്ത് നൽകിയ ഭൂമിയുടെ വില എസ‌്പിവിയിൽ ഓഹരിപങ്കാളിത്തമായി നൽകുന്ന കാര്യവും പരിഗണിക്കാമെന്നാണ് അറിയിച്ചിരുന്നത്.
ലേലത്തിൽ പങ്കെടുക്കാൻ നിർബന്ധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുകയാണെങ്കിൽ സംസ്ഥാന സർക്കാരിന് പരിധിയില്ലാതെ റൈറ്റ‌് ഓഫ‌് ഫസ‌്റ്റ‌് റഫ്യൂസൽ നൽകണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2QL7Pfj
via IFTTT
No comments:
Post a Comment