പയ്യന്നൂർ > അന്താരാഷ്ട്ര പായ‌്‌വഞ്ചിയോട്ട മത്സരത്തിന‌് ഏഴിമല നാവിക അക്കാദമിയിൽ ആവേശകരമായ തുടക്കം. ആദ്യദിനം രണ്ട‌് ഗ്രൂപ്പുകളിലായി അഞ്ച‌് മത്സരങ്ങളാണ‌് നടന്നത‌്. ഗ്രൂപ്പ‌് എയിൽ അമേരിക്ക ഒന്നാംസ്ഥാനത്തും മലേഷ്യ , ഇറ്റലി എന്നിവ രണ്ടാംസ്ഥാനത്തുമായി ഫിനിഷ‌് ചെയ‌്തു. ഗ്രൂപ്പ‌് ബിയിൽ ഇറ്റലിയാണ‌് മുന്നിൽ. ബഹ‌്റൈനും അമേരിക്കയും തൊട്ടുപിറകിലെത്തി. തിങ്കളാഴ‌്ച പകൽ രണ്ടോടെയാണ‌് എട്ടിക്കുളം കടലിൽ മത്സരം ആരംഭിച്ചത‌്. ഒമ്പതാമത‌് അഡ‌്മിറൽസ‌് കപ്പിന‌് വേണ്ടിയുള്ള നാലു ദിവസത്തെ മത്സരത്തിൽ അമേരിക്ക, ഓസ‌്ട്രേലിയ, ബഹ‌്റൈൻ, ബ്രസീൽ, ചൈന തുടങ്ങി 30 രാജ്യങ്ങളിലെ ടീമുകൾ പങ്കെടുക്കുന്നുണ്ട‌്. ഇന്ത്യയിൽനിന്നുള്ള ഐഎൻഎ, നാഷണൽ ഡിഫൻസ‌് അക്കാദമി ടീമുകളും മത്സരത്തിലുണ്ട‌്.
വിയത‌്നാം ടീം നിരീക്ഷകരായും എത്തിയിട്ടുണ്ട‌്. പ്രാഥമികം,- ഫൈനൽ എന്നിങ്ങനെ രണ്ട‌് ഘട്ടങ്ങളായാണ‌് മത്സരം. എല്ലാ ടീമുകളും പ്രാഥമിക മത്സരത്തിൽ ആറ‌് ഓട്ടം നടത്തേണ്ടതുണ്ട‌്. മത്സരമെന്നതിലുപരി രാജ്യങ്ങൾ തമ്മിലുള്ള സാംസ‌്കാരിക–-സുഹൃദ‌്ബന്ധത്തിനാണ‌് പ്രാധാന്യം നൽകുന്നതെന്ന‌് ബംഗ്ലാദേശ‌് ടീമംഗമായ കമറുൽ ഹസൻ മാധ്യമങ്ങളോട‌് പറഞ്ഞു. എട്ട‌് രാജ്യങ്ങളിലുള്ളവർ പങ്കെടുത്തു തുടങ്ങിയ അഡ‌്മിറൽ കപ്പ‌് വഞ്ചിയോട്ട മത്സരം ഒമ്പതാം അധ്യായത്തിൽ എത്തുമ്പോൾ ലോകത്തെ ഏറ്റവും വലിയ പരിപാടിയായി മാറിയെന്ന‌് മത്സരത്തിന്റെ ടെക‌്നിക്കൽ ഡയറക്ടർ ക്യാപ‌്റ്റൻ അഭിമന്യു പടാങ്ക‌് പറഞ്ഞു. സാഹസികത നിറഞ്ഞ വഞ്ചിയോട്ട മത്സരത്തിൽ യുവാക്കൾ ആകൃഷ്ടരാവുന്നുണ്ടെന്നും കൊച്ചിയിൽ രണ്ട‌് ക്ലബ്ബുകൾ പ്രവർത്തനം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2BPeRr3
via IFTTT
No comments:
Post a Comment