തിരുവനന്തപുരം> ശബരിമലയുമായി ബന്ധപ്പെട്ട അടുത്തഘട്ട സമരം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത ബിജെപി സംസ്ഥാന നേതൃയോഗം വി മുരളീധരൻ എംപി ബഹിഷ‌്കരിച്ചു. വെള്ളിയാഴ‌്ച രാവിലെ കെ സുരേന്ദ്രനെ സന്ദർശിച്ച മുരളീധരൻ ശ്രീധരൻപിള്ളക്കെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. തുടർന്നാണ‌് വൈകിട്ട‌് നടന്ന നിർണായക യോഗത്തിൽനിന്ന‌് വിട്ടുനിന്നത‌്.
മുരളീധരനെ അനുകൂലിക്കുന്ന നേതാക്കളും പങ്കെടുത്തില്ല. നേതൃയോഗത്തിൽ ഉദ‌്ഘാടനപ്രസംഗം നടത്തിയ ശ്രീധരൻപിള്ള ഒരു പരിപാടിയിൽ പങ്കെടുക്കാൻ പുറത്തുപോയി. തിരിച്ചെത്തിയപ്പോഴാണ‌് പ്രസിഡന്റിന്റെ നിലപാടുകൾക്കെതിരെ കടുത്ത ഭാഷയിലുള്ള പ്രതികരണം.
സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരുമാണ‌് നേതൃയോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്നത‌്. ജനറൽ സെക്രട്ടറിമാരായ എ എൻ രാധാകൃഷ‌്ണനും ശോഭ സുരേന്ദ്രനും എത്തിയില്ല. എം ടി രമേശാകട്ടെ പ്രസിഡന്റിന്റെ പ്രസംഗം പകുതിയായപ്പോഴാണ‌് എത്തിയത‌്. കിട്ടിയ സുവർണാവസരം കളഞ്ഞുകുളിച്ചെന്നായിരുന്നു പ്രധാന വിമർശം. പ്രസിഡന്റിന്റെ ‘ഗോൾഡൻ ഓപ്പർച്യൂണിറ്റി’ പ്രയോഗം കടമെടുത്താണ‌് യോഗത്തിൽ പങ്കെടുത്തവർ ആഞ്ഞടിച്ചത‌്.
സമരം അവസാനിപ്പിച്ചെന്ന പ്രചാരണം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കല്ലുവച്ച നുണയാണെന്ന‌് ശ്രീധരൻപിള്ള പറഞ്ഞു. സമരം വ്യാപിപ്പിക്കാനാണ‌് തീരുമാനം. ബിജെപി മലക്കം മറിയുന്നില്ല. നിലവിലെ സമരത്തിന്റെ ‘എക‌്സ‌്റ്റെൻഷൻ’ സെക്രട്ടറിയറ്റിലേക്ക‌് വ്യാപിപ്പിക്കുന്നു എന്നതാണ‌് വസ‌്തുത. ഇപ്പോൾ വാക്കുകൾ കരുതിയാണ‌് ഉപയോഗിക്കുന്നത‌്. കെ സുരേന്ദ്രന്റെ കേസ‌് കൈകാര്യം ചെയ്യാൻ പ്രഗത്ഭനായ അഭിഭാഷകരെ ഏർപ്പാടാക്കുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.
കോൺഗ്രസ‌് നേതാവ‌് ജി രാമൻനായർക്കു പിന്നാലെ ഒരു നേതാവുകൂടി ബിജെപിയിലെത്തും. രാമൻനായരുടെ സുഹൃത്തുകൂടിയായ നേതാവുമായി ചർച്ച നടന്നു. അടുത്താഴ‌്ച പ്രഖ്യാപനമുണ്ടാകും. ഉദ‌്ഘാടന പ്രസംഗത്തിനുശേഷം പുറത്തിറങ്ങിയ ശ്രീധരൻപിള്ളയോട‌് മുരളീധരൻ പങ്കെടുക്കാത്തതിനെക്കുറിച്ച‌് ചോദിച്ചപ്പോൾ ‘അത‌് നിങ്ങളുടെ വിമർശം മാത്രമാണ‌്’ എന്നായിരുന്നു മറുപടി.
മാധ്യമങ്ങളെ കാണുന്നത‌് കുറയ‌്ക്കുന്നതാണ‌് നല്ലതെന്ന‌് യോഗത്തിൽ അഭിപ്രായമുയർന്നു. ഓരോ തവണയും മാറ്റിപ്പറയുന്നുവെന്ന തോന്നൽ ജനങ്ങൾക്കിടയിലുണ്ടായി. ശബരിമല സമരത്തിൽ നേരത്തെയുണ്ടായിരുന്ന മേൽക്കൈ നഷ‌്ടപ്പെട്ടു. സർക്കാരും പൊലീസും കളംപിടിച്ചു. സംസ്ഥാനത്തെ പ്രമുഖ നേതാവായ സുരേന്ദ്രനെ ജയിലിൽ അടച്ചപ്പോൾ പാർടി സ്വീകരിച്ച നിസ്സംഗത കുറ്റകരമാണ‌്.
ശശികലക്ക‌് കിട്ടിയതിന്റെ നൂറിലൊന്ന‌് പരിഗണനപോലും സുരേന്ദ്രന‌് കിട്ടിയില്ല എന്ന രീതിയിൽ വിമർശനം തുടർന്നു.
യാതൊരുവിധത്തിലുള്ള ഒത്തുതീർപ്പിനും വഴങ്ങരുതെന്നും ശബരിമല കൈവിട്ടാൽ ഇനി കേരളത്തിൽ രക്ഷയുണ്ടാകില്ലെന്നും അഭിപ്രായപ്പെട്ടവരുണ്ട‌്.
from Kerala || Deshabhimani Online News https://ift.tt/2rdBob2
via IFTTT
No comments:
Post a Comment