തിരുവനന്തപുരം> എംപിമാരും എംഎൽഎമാരും പ്രതികളായ കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്ന സുപ്രീംകോടതി നിർദേശം കേരളത്തിലെ ജനപ്രതിനിധികളെ പ്രതികൂലമായി ബാധിക്കില്ല. അമിക്കസ‌് ക്യൂറി സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഇത‌് വ്യക്തമാണ‌്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ളവർക്കെതിരായ കേസുകൾ സമരങ്ങളിലും മറ്റും പങ്കെടുത്തതിന്റെ പേരിലാണ്.
ജനപ്രതിനിധികൾ പ്രതികളായ 312 കേസാണ‌് കേരളത്തിൽ രജിസ‌്റ്റർ ചെയ‌്തിട്ടുള്ളത‌്. ഇതിൽ 299 എണ്ണവും മജിസ‌്ട്രേട്ട‌് കോടതിയിലാണ‌്. 13 കേസ‌് മാത്രമാണ‌് സെഷൻസ‌് കോടതിയിലും മറ്റുമുള്ളത‌്. ഇതിൽ പലതും പൊതുവേദിയിലെ പ്രസംഗത്തിന്റെയും മറ്റും പേരിൽ രാഷ‌്ട്രീയപ്രേരിതമായി രജിസ‌്റ്റർ ചെയ‌്തവയാണ‌്.
മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ 24 കേസാണ‌് മജിസ‌്ട്രേട്ട‌് കോടതിയിൽ ഉള്ളത‌്. ഇതിലെല്ലാം അദ്ദേഹം മന്ത്രിയാകുന്നതിനു മുമ്പുതന്നെ കോടതിയിൽ ഹാജരായി ജാമ്യവും നേടിയിട്ടുണ്ട‌്. സിപിഐ എം ജില്ലാ സെക്രട്ടറിയായിരുന്ന വേളയിൽ തിരുവനന്തപുരത്ത‌് നടന്ന സമരങ്ങളാണ‌് എല്ലാ കേസിനും അടിസ്ഥാനം. ഗുരുതരമായ കുറ്റം ചുമത്തിയിട്ടുള്ള ഒരു കേസുപോലും അദ്ദേഹത്തിനെതിരെയില്ല. മന്ത്രി എം എം മണിക്കെതിരായ കേസ‌് അദ്ദേഹം നടത്തിയ പ്രസംഗത്തെ തുടർന്നാണ‌്. 1982ൽ രജിസ‌്റ്റർ ചെയ‌്ത ഒരു കേസുമായി ബന്ധപ്പെട്ട‌് 2012ൽ നടത്തിയ പ്രസംഗമാണ‌് ഇതിന‌് ആധാരം.
അതും രാഷ‌്ട്രീയപ്രേരിതമായി എടുത്തതാണ‌്. 2015ൽ കുറ്റപത്രം നൽകിയെങ്കിലും കുറ്റം ചുമത്തിയിട്ടില്ല. മന്ത്രിയാകുന്നതിനു മുമ്പ‌് സ‌്റ്റേയ‌്ക്കും അപേക്ഷിച്ചിട്ടുണ്ട‌്. എംഎൽഎയാകുന്നതിനു മുമ്പ‌് രജിസ‌്റ്റർ ചെയ‌്ത എഫ‌്ഐആറിന്റെ അടിസ്ഥാനത്തിൽ എം നൗഷാദിനെതിരെയുള്ള കേസിൽ ഇനിയും കുറ്റം ചുമത്തിയിട്ടില്ല. ടി വി രാജേഷ‌് എംഎൽഎക്കെതിരെയുള്ള കേസ‌് സിബിഐയുടെ പുനരന്വേഷണത്തിന‌് വിട്ടിരിക്കുകയാണ‌്.
ആന്റണി ജോൺ, സി കെ ശശീന്ദ്രൻ, എ എൻ ഷംസീർ എന്നിവർക്കെതിരെയുള്ള കേസുകളും സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ തന്നെയാണ‌്.
അമിക്കസ‌് ക്യൂറി വിജയ‌് ഹൻസാരിയ സുപ്രീംകോടതിയിൽ നൽകിയ റിപ്പോർട്ടിൽ എംപിമാരും എംഎൽഎമാരും പ്രതികളായ ഏറ്റവും കൂടുതൽ കേസ‌് യുപിയിലാണ‌്–- 992 കേസ‌്. ഇതിൽ ഏറിയപങ്കും കൊലപാതകം ഉൾപ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങൾക്കാണ‌്. ബിഹാർ, ഒഡിഷ, മഹാരാഷ‌്ട്ര, ജാർഖണ്ഡ‌്, മധ്യപ്രദേശ‌് എന്നിവിടങ്ങളിൽ കൊലപാതകക്കേസുകളിൽ പ്രതികളായ ജനപ്രതിനിധികൾ ഏറെയുണ്ട‌്.
ഈ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ‌്താൽ കേരളത്തിൽ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ജനപ്രതിനിധികൾ പേരിനുപോലുമില്ലെന്നതാണ‌് വസ‌്തുത. കൂടാതെ കേസുകളിൽ നല്ലൊരു പങ്കും കാര്യമായ വിചാരണപോലും കൂടാതെ തീർപ്പാക്കാൻ കഴിയുന്നവയുമാണ‌്.
from Kerala || Deshabhimani Online News https://ift.tt/2zJ7D6G
via IFTTT
No comments:
Post a Comment