വന്‍ അഴിമതിക്ക് കളമൊരുക്കി സംസ്ഥാനത്ത‌് തലങ്ങും വിലങ്ങും പുതിയ പെട്രോൾ ബങ്കുകള്‍ക്കായി ലേലംവിളി തുടരവേ, എണ്ണക്കമ്പനികളുടെ പ്രതിനിധികളും ഇടനിലക്കാരും അടങ്ങിയ സംഘം പലയിടത്തും സ്ഥല പരിശോധനയാരംഭിച്ചു. ബിജെപി നേതാക്കളുമായി കച്ചവടം ഉറപ്പിച്ച സ്ഥലങ്ങളിലാണ‌് അപേക്ഷിക്കാനുള്ള സമയപരിധി തീരും മുമ്പേ ധൃതിയില്‍ പരിശോധന. പുതിയ ബങ്കിന‌് അപേക്ഷിക്കാനുള്ള അവസാന തീയതി 24 ആണ‌്. കൊച്ചി നഗരത്തിൽ ഇടപ്പള്ളി, വൈറ്റില, മറൈൻഡ്രൈവ‌്, പാലാരിവട്ടം സർക്കിളിൽ മാത്രം മൂന്ന് എണ്ണക്കമ്പനികള്‍ മത്സരിച്ച് അനുമതി നല്‍കിയത് നാൽപ്പത‌് ബങ്കുകള്‍ക്ക്.
കായൽ തീരവും തീരപ്രദേശവും വനത്തോട‌് ചേർന്നുള്ള സ്ഥലങ്ങളും പുതിയ ബങ്കിനുള്ള പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട‌്. നഗര പ്രദേശങ്ങളിൽ മൂന്ന‌് കമ്പനികൾ മൽസരിച്ച‌് അപേക്ഷ ക്ഷണിച്ചതായി പട്ടിക വ്യക്തമാക്കുന്നു. ദേശീയ പാതകളും സംസ്ഥാന പാതകൾക്കും പുറമെ പഞ്ചായത്തുകളിലെ ഉൾ പ്രദേശങ്ങൾവരെ ബങ്കിന‌് തെരഞ്ഞെടുത്തിട്ടുണ്ട‌്. ഇടനിലക്കാർ നിർദേശിച്ച സ്ഥലങ്ങളാണ‌് സാധ്യതാ പട്ടികയിൽ എണ്ണക്കമ്പനികൾ ഉൾപ്പെടുത്തിയത‌്. അതിന‌് ശേഷം ആവശ്യക്കാരെ രംഗത്തിറക്കി. വിജ‌്ഞാപനം വരുന്നതിന‌് മുമ്പ‌് തന്നെ പലയിടങ്ങളിലും കമീഷൻ പറഞ്ഞ‌് ഉറപ്പിച്ചുവെന്നാണ‌് വിവരം.
കൊച്ചി നഗരത്തിൽ ഇടപ്പള്ളി, വൈറ്റില, മറൈൻഡ്രൈവ‌്, പാലാരിവട്ടം സർക്കിളിൽ നാൽപ്പത‌് ബങ്കുകളാണ‌് മൂന്ന‌് കമ്പനികളും കൂടി സ്ഥാപിക്കാനൊരുങ്ങുന്നത‌്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഇടപ്പള്ളി–-എളമക്കര, പള്ളിമുക്ക‌്, ഇടപ്പള്ളി ടോൾ–-വള്ളത്തോൾ ജംഗ‌്ഷൻ, കച്ചേരിപ്പടി–-ചിറ്റൂർ റോഡ‌്, കടവന്ത്ര, പാലാരിവട്ടം–- ഇടപ്പള്ളി, കടവന്ത്ര–-കലൂർ, കടവന്ത്ര–-പള്ളിമുക്ക‌്, തമ്മനം തുടങ്ങിയ സ്ഥലങ്ങളിൽ പുതിയ ബങ്കിന‌് അപേക്ഷ ക്ഷണിച്ചിട്ടുണ്ട‌്. വൈറ്റില–-ഇടപ്പള്ളി ബൈപാസ‌് റോഡിൽ പത്ത‌് ബങ്കുകൾക്കാണ‌് മൂന്ന‌് കമ്പനികളും പട്ടിക തയ്യാറാക്കിയിട്ടുള്ളത‌്.
കൊച്ചി കോർപ്പറേഷൻ പരിധിയിലും തൃപ്പൂണിത്തുറ, മുൻസിപ്പൽ പരിധിയിലും എവിടെ വേണമെങ്കിലും ബങ്ക‌് തെരഞ്ഞെടുക്കാമെന്നാണ‌് ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിയുടെ നിർദേശം. ഏലൂർ–-പാതാളം, ഇരുമ്പനം–-കരിമുഗൾ റോഡ‌്, എളമക്കര–-കരാമ റോഡ‌്, വെണ്ണല, ഇടപ്പള്ളിക്കും തൃക്കാക്കരയ‌്ക്കും ഇടയിൽ എന്നീ സ്ഥലങ്ങളിലേക്കും എച്ച‌്പിസി അപേക്ഷ ക്ഷണിച്ചു. ഇതേ സഥലങ്ങൾക്ക‌് തൊട്ടടുത്ത‌് തന്നെ ബിപിസിഎല്ലും ബങ്കിനായി തെരഞ്ഞെടുത്തിട്ടുണ്ട‌്.
തിരുവനന്തപുരത്ത‌് കുമാരപുരം–-കിംസ‌് ആശുപത്രി റോഡായ പൂന്തി റോഡിൽ മൂന്ന‌് കമ്പനികളും പുതിയ ബങ്കിന‌് ഒരുങ്ങുന്നു. നഗരത്തിൽ കരമന, അട്ടക്കുളങ്ങര ബൈപാസ‌്, തമലം, പൂജപ്പുര, മണ്ണന്തല, എന്നിവിടങ്ങളിൽ പുതിയ ബങ്കിന‌് മൂന്ന‌് കമ്പനികളും മൽസരിച്ചാണ‌് അപേക്ഷ ക്ഷണിച്ചിരിക്കുന്നത‌്. പാളയം, സ‌്റ്റാച്ച്യൂ എന്നിവിടങ്ങളിൽ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിൽ സ്ഥലമില്ലാത്തതിനാൽ ഒഴിവാക്കിയെന്ന‌് കരുതണം. ശ്രീകാര്യം മുതൽ കല്ലമ്പലം വരെ ഒരു ഡസനിലേറെ ബങ്കുകളാണ‌് പുതിയതായി നിർദേശിച്ചിരിക്കുന്നത‌്. ശ്രീകാര്യം–-കഴക്കൂട്ടം റൂട്ടിൽ ഐഒസി മാത്രം രണ്ട‌് ബങ്കിന‌് അപേക്ഷ ക്ഷണിച്ചു. കൈമനം തിരുവല്ലം റൂട്ടിലും രണ്ട‌് ബങ്കുകൾക്ക‌് ഐഒസിയും ബിപിസിഎല്ലും നടപടി തുടങ്ങി. ഇടുക്കി ജില്ലയിൽ മാട്ടുപ്പെട്ടിയിൽ വനത്തോട‌് ചേർന്ന‌് ഐഒസി ബങ്ക‌് സ്ഥാപിക്കുമ്പോൾ മൂന്നാറിൽ രണ്ട‌് ബങ്കുകൾക്കാണ‌് മറ്റു കമ്പനികളുടെ നിർദേശം. ചിന്നക്കനാൽ–-പൂപ്പാറ, പൂപ്പാറ–- സൂര്യനെല്ലി തുടങ്ങിയ സഥലങ്ങളും പട്ടികയിലുണ്ട‌്.
from Kerala || Deshabhimani Online News https://ift.tt/2EfacBe
via IFTTT
No comments:
Post a Comment