സ്വന്തം ലേഖിക
കൊച്ചി
വനിതാമതിൽ നവോത്ഥാന ചരിത്രത്തിലെ പ്രധാന ഏടായി മാറുമെന്ന‌് സ്വാമി അഗ്നിവേശ്. വനിതാമതിലിനെ പിന്തുണയ‌്ക്കാൻ ജനുവരി ഒന്നിന‌് താനും കേരളത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കളമശേരി നവോത്ഥാന സംരക്ഷണസമിതിയും കൊച്ചി ശാസ‌്ത്ര സാങ്കേതിക സർവകലാശായും സംയുക്തമായി സംഘടിപ്പിച്ച നവോത്ഥാന സംരക്ഷണസദസ്സ‌് ഉദ‌്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജീവിക്കുമ്പോഴും ചിലരുടെ മാനസികനില പതിനാലാം നൂറ്റാണ്ടിലാണ‌്. പൗരാണിക ഭാരതത്തിലെ പ്ലാസ്റ്റിക് സർജറിയെക്കുറിച്ചും ശാസ്ത്രത്തെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞ വിഡ്ഡിത്തങ്ങൾ സമൂഹത്തെ പിന്നോട്ട് നടത്തുന്നവയാണ‌്. മോഡിയേയും സംഘപരിവാറിനെയും വിമർശിക്കുന്നതിനാലാണ‌് താൻ ആക്രമിക്കപ്പെടുന്നതെന്ന‌് അടുത്തയിടെ രണ്ടുതവണ സംഘപരിവാറുകാരാൽ ആക്രമിക്കപ്പെട്ട അഗ്നിവേശ‌് പറഞ്ഞു. ദൈവത്തിലും വേദങ്ങളിലും വിശ്വസിക്കുന്ന തന്റെ വിമർശനങ്ങൾ അവർക്ക‌് സഹിക്കാനാവില്ല.
ഒന്നിനെയും കണ്ണടച്ച‌് പിന്തുടരുന്നതല്ല ബുദ്ധിയുള്ള മനുഷ്യരുടെ ലക്ഷണം. ആര‌് തെറ്റു പറഞ്ഞാലും അത‌് ചോദ്യം ചെയ്യപ്പെടണം. ദൈവത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണ‌്. വായുവും സൂര്യനും വെള്ളവും എല്ലാം ലിംഗ, മത, വർഗ്ഗ വ്യത്യാസമില്ലാതെ എല്ലാവർക്കുമായി സൃഷ‌്ടിക്കപ്പെട്ടതാണ‌്. ഇന്ത്യൻ ഭരണഘടനയും എല്ലാവർക്കും തുല്യത നൽകുന്നതാണ‌്. ‘വസുധൈവ കുടുംബകം’ എന്ന മഹത്തായ സങ്കൽപ്പം ഇന്ത്യൻ പാർലമെന്റിന‌് മുന്നിൽ എഴുതി വെച്ചിട്ടുണ്ട‌്. അത‌് പാലിക്കാൻ ഭരണഘടന അനുസരിക്കുന്ന ഏതൊരാളും ബാധ്യസ്ഥനാണ‌്.
ലോകത്തെ പിന്നോട്ട‌് നയിക്കുന്ന ഇരുണ്ട ശക്തികൾക്കെതിരെ പോരാടിയാൽ മാത്രമെ പുരോഗതിയുണ്ടാകുകയുള്ളു. മൂന്നു നാലു മാസങ്ങൾക്കപ്പുറം നടക്കുന്ന ജനാധിപത്യ പ്രക്രീയയിൽ ഇന്ത്യയിൽ മാറ്റമുണ്ടാവുകതന്നെ ചെയ്യും. പുതിയ സമൂഹം സൃഷ്ടിക്കണമെങ്കിൽ ഓരോ വ്യക്തികളും ചിന്തിച്ചു മുന്നോട്ട് പോകണം. മുതലാഖ് നിയമം ലോകസഭയിൽ പാസാക്കിയതിനെക്കുറിച്ചു പ്രസംഗിക്കുന്നവർ ശബരിമല വിധിയെ എന്തിനാണ് എതിർക്കുന്നതെന്ന‌് മനസിലാകുന്നില്ല.
യുവതികൾ വന്നാൽ അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്ന ചിലരുടെ വാദം വിഡ്ഢിത്തമാണ‌്. അയ്യപ്പനും ഒരമ്മയുടെ മകനായിരിക്കണം. ആ അമ്മയ‌്ക്ക‌് ആർത്തവം ഉണ്ടായിരുന്നതുകൊണ്ടു മാത്രമാണ‌് അയ്യപ്പൻ ജനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആർത്തവം സ‌്ത്രീ ശരീരത്തിന്റെ ജൈവപരമായ ഒരു പ്രത്യേകത മാത്രമാണ‌്. സതി നിർത്തലാക്കിയപ്പോൾ അതിനെതിരെ ചില സ‌്ത്രീകളും തെരുവിലിറങ്ങിയിരുന്നു. സമാനമായതാണ‌് ഇപ്പോൾ കേരളത്തിൽ നടക്കുന്നത‌്.
ശ്രീനാരായണഗുരു, അയ്യങ്കാളി, സഹോദരൻ അയ്യപ്പൻ തുടങ്ങിയ നവോത്ഥാന നായകർ പിറന്ന മണ്ണാണ‌് കേരളം. സ‌്ത്രീകൾക്ക‌് തുല്യത നൽകുന്ന ഒരു പുതിയ ലോകം സൃഷ‌്ടിക്കാൻ നമ്മൾ എല്ലാവരും മുന്നോട്ട‌് വരണം. കേരളം ലോകത്തിന‌് മാതൃക കാട്ടണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഒരു ആശയം മുന്നോട്ട‌് വെച്ച സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും അദ്ദേഹം അഭിനന്ദിച്ചു. ലോക ചരിത്രത്തിന്റെ തന്നെ പുതിയ ഏടാകാൻ പോകുന്ന വനിതാമതിലിന‌് പിന്തുണ പ്രഖ്യാപിച്ച‌് താനും ഇവിടെ ഉണ്ടാകുമെന്നും സ്വാമി അഗ‌്നിവേശ‌് പ്രഖ്യാപിച്ചു. ശനിയാഴ‌്ച കേരളത്തിൽനിന്ന‌് മടങ്ങാൻ ടിക്കറ്റെടുത്തിരുന്ന താൻ വനിതാമതിലിന്റെ ഭാഗമാവാൻ മടക്കയാത്ര മാറ്റിവച്ചതായും പുരുഷനായ സ‌്ത്രീപക്ഷവാദിയാണ‌് താനെന്നും അദ്ദേഹം പറഞ്ഞു. ഋഗ‌്വേദ മന്ത്രങ്ങൾ ചൊല്ലിയാണ‌് അഗ്നിവേശ‌് പ്രഭാഷണം ആരംഭിച്ചത‌്.
from Kerala || Deshabhimani Online News http://bit.ly/2SyxK7y
via IFTTT
No comments:
Post a Comment